രാജസ്ഥാനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീടിനടുത്തുള്ള പോളിങ് ഉദ്യോഗസ്ഥയുടെ മുറിയില്‍ ഇ.വി.എം; വീഡിയോ പുറത്ത്
national news
രാജസ്ഥാനില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീടിനടുത്തുള്ള പോളിങ് ഉദ്യോഗസ്ഥയുടെ മുറിയില്‍ ഇ.വി.എം; വീഡിയോ പുറത്ത്
ന്യൂസ് ഡെസ്‌ക്
Friday, 7th December 2018, 2:54 pm

 

പാലി: വോട്ടിങ് യന്ത്രങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി രാജസ്ഥാനിലെ പൊളിങ് ഉദ്യോഗസ്ഥ. രാജസ്ഥാനിലെ പാലി മണ്ഡലത്തിലാണ് സംഭവം.

പൊളിങ് ഉദ്യോഗസ്ഥയായ യുവതി ഇ.വി.എം മെഷീനുകള്‍ വീട്ടില്‍ കൊണ്ടുപോയെന്നാണ് ആരോപണം. രാജസ്ഥാനിലെ ഏറ്റവും വലിയ ജില്ലയായ പാലിയില്‍ 43 നിയമസഭാ സീറ്റുകളാണ് ഉള്ളത്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പില്‍ ഏറെ നിര്‍ണായകമാണ് ഇവിടുത്തെ ഫലം.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ വീടിനു സമീപത്തുള്ള പോളിങ് ഓഫീസറുടെ വീട്ടില്‍ നിന്നും ഇ.വി.എം മെഷീന്‍ കണ്ടെത്തിയെന്ന തരത്തില്‍ ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോയുടെ ആധികാരികത ഡൂള്‍ന്യൂസിന് ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല.

Also read:ബുലന്ദ്ശഹര്‍: കൊല്ലപ്പെട്ട പൊലീസുകാരന്‍ ഹിന്ദു പരിപാടികളുമായി സഹകരിക്കാത്തയാള്‍; സ്ഥലംമാറ്റാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നെന്ന് പ്രാദേശിക ബി.ജെ.പി നേതാക്കള്‍

അതിനിടെ രാജസ്ഥാനില്‍ വോട്ടിങ്ങിനിടെ പലയിടത്തും ഇ.വി.എം തകരാറിനെ തുടര്‍ന്ന് മണിക്കൂറുകളോളം വോട്ടെടുപ്പ് തടസപ്പെട്ടു. അഹോറിലെ ബൂത്ത് നമ്പര്‍ 253 ലേയും 254 ലേയും വോട്ടിങ് മെഷീനാണ് തകരാറായത്. വോട്ടിങ് ആരംഭിച്ച ഉടന്‍ തന്നെയായിരുന്നു വോട്ടിങ് മെഷീന്‍ തകരാറിലായത്.

രാജസ്ഥാനിലെ തന്നെ ബികാനറിലെ ബൂത്ത് നമ്പര്‍ 172 ലെ വോട്ടിങ് മെഷീനിലും തകരാര്‍ കണ്ടെത്തി. വോട്ട് ചെയ്താലും മെഷീനില്‍ തന്നെ ശബ്ദം വരികയോ വോട്ടിങ് രേഖപ്പെടുത്തിയതായി കാണിക്കുകയോ ചെയ്യുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് പുതിയ ഇ.വി.എം എത്തിച്ച് വോട്ടിങ് ആരംഭിക്കുകയായിരുന്നു.

ഉച്ചയ്ക്ക് ഒരു മണിവരെ രാജസ്ഥാനില്‍ 41% പോളിങ്ങാണ് രേഖപ്പെടുത്തിയത്. 199 നിയമസഭാ സീറ്റുകളിലായി 2000ത്തിലേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

51,687 പോളിങ് ബൂത്തുകളാണ് രാജസ്ഥാനിലുള്ളത്. ഇതില്‍ 259 എണ്ണം വനിതാ ജീവനക്കാരാണ് മാനേജ് ചെയ്യുന്നത്. 130 ഓളം സീറ്റുകളില്‍ ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള നേര്‍ക്കുനേര്‍ ഏറ്റുമുട്ടലാണ്.