കഴിഞ്ഞ ഏഴ് വര്‍ഷം ഇന്ത്യ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു; ഏഴാം വാര്‍ഷികത്തില്‍ മോദിയെ പുകഴ്ത്തി അമിത് ഷാ
national news
കഴിഞ്ഞ ഏഴ് വര്‍ഷം ഇന്ത്യ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു; ഏഴാം വാര്‍ഷികത്തില്‍ മോദിയെ പുകഴ്ത്തി അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th May 2021, 9:18 pm

ന്യൂദല്‍ഹി: മോദി സര്‍ക്കാറിന്റെ ഏഴാം വാര്‍ഷിക ദിനത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പുകഴ്ത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

സുരക്ഷ, പൊതുജനക്ഷേമം, പരിഷ്‌കാരങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ ഏഴ് വര്‍ഷം ഇന്ത്യ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അമിത് ഷാ കേന്ദ്ര സര്‍ക്കാരിനെ പുകഴ്ത്തിയത്.

‘മോദി സര്‍ക്കാരിന്റെ നയങ്ങള്‍ പാവപ്പെട്ടവരെയും കര്‍ഷകരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും മുഖ്യധാരയിലേക്ക് ഉയര്‍ത്തി. മോദിയെന്ന കരുത്തുറ്റ നേതാവിന്റെ കീഴില്‍ ഇന്ത്യ ശക്തിയുള്ള രാജ്യമായി.

ഏഴുവര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ മോദിയിലുള്ള വിശ്വാസം തുടര്‍ച്ചയായി രേഖപ്പെടുത്തി. എല്ലാ പ്രതിസന്ധികളെയും മോദിയുടെ നയങ്ങളാല്‍ മറികടക്കാന്‍ സാധിക്കും,’ അമിത് ഷാ പറഞ്ഞു.

അതേസമയം,ലോകത്ത് കഴിഞ്ഞ നൂറു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും അപകടകാരിയായ വൈറസാണ് കൊവിഡ് മഹാമാരിയ്ക്ക് കാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന്റെ ഏഴാം വാര്‍ഷിക ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ മന്‍കി ബാത്തിനിടെയാണ് മോദിയുടെ പരാമര്‍ശം.

മഹാമാരിക്കിടയിലും രണ്ട് ചുഴലിക്കാറ്റുകളെ നേരിടാന്‍ രാജ്യത്തെ പൗരന്‍മാര്‍ കാണിച്ച ധൈര്യത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘കൊവിഡ് രണ്ടാം തരംഗത്തിന്റെ അസാധാരണവുമായ അവസ്ഥയിലും ചുഴലിക്കാറ്റ് ബാധിച്ച എല്ലാ സംസ്ഥാനങ്ങളിലെയും ആളുകള്‍ പ്രതിരോധത്തിനായി ധൈര്യം കാണിച്ചു. പ്രതിസന്ധിയുടെ ഈ സമയത്തും വളരെ ക്ഷമയോടും അച്ചടക്കത്തോടും കൂടി അവര്‍ പെരുമാറി. അവരെ ഞാന്‍ അഭിനന്ദിക്കുന്നു,’ മോദി പറഞ്ഞു.

ചുഴലിക്കാറ്റില്‍ നഷ്ടം സംഭവിച്ചവരുടെ വേദനയില്‍ പങ്കുചേരുന്നു. ഇന്ത്യ സംയമനത്തോടെയാണ് വെല്ലുവിളികളെ നേരിടുന്നത്. രാജ്യം സര്‍വശക്തിയും ഉപയോഗിച്ച് വെല്ലുവിളികള്‍ക്കെതിരെ പോരാടും. ദുരന്തങ്ങളില്‍ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് മുന്‍നിരപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരെയും മോദി മന്‍കി ബാത്തില്‍ അഭിനന്ദിച്ചു. അതേസമയം രാജ്യത്തെ ഓക്സിജന്‍ ഉല്‍പ്പാദനം പത്തിരട്ടിയായി വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറയുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറി

CONTENT HIGHLIGHTS : On the seventh anniversary of the Modi government, Union Home Minister Amit Shah praised the Union government and the Prime Minister.