ഒരു ഈച്ചയെപ്പോലും കടത്തി വിടാതെ റിസോര്‍ട്ടുടമകള്‍ കൂറ്റന്‍ മതിലുകളാല്‍ ആ പ്രദേശം മുഴുവന്‍ മറച്ചു കഴിഞ്ഞു. തങ്ങളുടെ കളിസ്ഥലങ്ങളും കൂട്ടുകാരും നഷ്ടപ്പെട്ട കുട്ടികള്‍ വിഷാദം നിറഞ്ഞ കണ്ണുകളുമായി മതിലിന്നു പുറത്ത് അലഞ്ഞു നടക്കുന്നു. മൂന്നു വര്‍ഷം മുമ്പ് വരെ ചിരുതേട്ടി ഞാട്ടിപ്പണിയെടുത്ത വയലില്‍ കൂണു പോലെ ഉയരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍. പുഴയും കായലും കടലുമെല്ലാം കയ്യേറി ഉയരുന്ന റിസോര്‍ട്ടുകളുടെ കൂറ്റന്‍ മതിലുകള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ് ബേക്കല്‍ പ്രത്യേക ടൂറിസം പദ്ധതി പ്രദേശത്തെ (Backel Special Tourism Area) ജനങ്ങള്‍.
ജൈവവൈവിധ്യം കൊണ്ടും മനോഹരമായ ഭൂ പ്രകൃതിയാലും ഏറെ സമ്പന്നമാണ് കാസര്‍ഗോഡ്. “ബേക്കല്‍ കോട്ട” ഉള്‍പ്പെടുന്ന ഈ ജില്ല നിരവധി അധിനിവേശ ആക്രമണങ്ങളുടെയും പിടിച്ചെടുക്കലിന്റെയും ചോരപുരണ്ട ഈ മണ്ണിലേക്കാണ് “ടൂറിസം” എന്ന നവലിബറല്‍ കാലത്തെ ആഗോള “വ്യവസായ”ത്തിന്റെ കടന്നാക്രമണം. ടൂറിസം വികസനമെന്നാല്‍ റിസോര്‍ട്ട് വികസനമാണെന്നും, വന്‍കിട റിസോര്‍ട്ടുകള്‍ക്ക് വേണ്ടി ഭൂമി പിടിച്ചെടുക്കാനുള്ള ഇടനിലക്കാരാണ് ഇന്ന് ഗവണ്‍മെന്റുകളെന്ന പുതിയ സന്ദേശങ്ങള്‍കൂടി ബേക്കല്‍ ടൂറിസം വികസന പദ്ധതി നല്‍കുന്നുണ്ട്.
ബേക്കല്‍ ടൂറിസം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ താമസിക്കുന്ന വാടക വീടുകളിലൊന്ന്
ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പ്പറേഷന്‍ (BRDC) എന്ന കേരള ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള സ്വതന്ത്ര ഏജന്‍സിയുടെ ബേക്കലിലെ പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ടൂറിസം വികസനത്തിന്റെ മറവില്‍ ഒരു നാടും അതിലെ ജൈവ വൈവിധ്യങ്ങളും മണ്ണുമെല്ലാം ജനങ്ങളില്‍ നിന്ന് പിടിച്ചെടുത്തു നല്‍കുന്ന ക്വട്ടേഷന്‍ സംഘമായിട്ടാണ് ബി.ആര്‍.ഡി.സി ബേക്കലില്‍ പ്രവര്‍ത്തിക്കുന്നത്.
1990 മുതല്‍ 2010 വരെ തെക്കെനേഷ്യന്‍ രാജ്യങ്ങളിലേക്ക് വിദേശ ടൂറിസ്റ്റുകളുടെ ഒഴുക്ക് ഉണ്ടാകുമെന്ന ലോക ടൂറിസം ഓര്‍ഗനൈസേഷന്റെ പഠനത്തിന്റെ പശ്ചാത്തലത്തിലാണ് അന്നത്തെ കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേക ടൂറിസം പ്രദേശം (Special Tourism Area) എന്ന പദ്ധതി തയ്യാറാക്കിയത്. “ബീച്ച് ടൂറിസം” വികസിപ്പിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. മഹാരാഷ്ട്രയിലെ സിന്ധുദര്‍ഗ്, ദാമന്‍ ദിയുവിലെ ദിയു, ഒറീസയിലെ പുരി കൊണാര്‍ക്ക്, തമിഴ്‌നാട്ടിലെ മഹാബലിപുരം, കേരളത്തിലെ കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ എന്നീ കടലോര പ്രദേശങ്ങളാണ് റിസോര്‍ട്ട് ടൂറിസത്തിന് പറ്റിയ ഇടങ്ങളായി ഗവണ്‍മെന്റ് കണ്ടെത്തിയത്. ഈ പ്രദേശങ്ങളില്‍ വന്‍കിട റിസോര്‍ട്ടുകള്‍, കോണ്‍ഫറന്‍സ്, കണ്‍വെന്‍ഷന്‍ സൗകര്യങ്ങളോടുകൂടിയ ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, എയറോ ഡ്രം എന്നിവയാണ് റിസോര്‍ട്ട് വികസനത്തിന്റെ ലക്ഷ്യങ്ങള്‍.
ടൂറിസത്തിന്റെ മറവില്‍ ഒരു നാടും അതിലെ ജൈവ വൈവിധ്യങ്ങളും ജനങ്ങളില്‍ നിന്ന് പിടിച്ചെടുക്കുന്ന ക്വട്ടേഷന്‍ സംഘമായിട്ടാണ് ബി.ആര്‍.ഡി.സി ബേക്കലില്‍ പ്രവര്‍ത്തിക്കുന്നത്
1992ല്‍ ഇന്ത്യാ ഗവണ്‍മെന്റ് ബേക്കലിനെ സ്‌പെഷ്യല്‍ ടൂറിസം പ്രദേശമായി പ്രഖ്യാപിച്ചു. 1995ല്‍ ബേക്കല്‍ ടൂറിസം വികസനത്തിനായി ഗവണ്‍മെന്റ് മുന്‍കൈയ്യെടുത്ത് ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പ്പറേഷന്‍ എന്ന സ്വതന്ത്ര ഏജന്‍സി രൂപീകരിച്ചു. 1996ല്‍ അന്നത്തെ ഇടുതപക്ഷ ഗവണ്‍മെന്റ് ബേക്കല്‍ ടൂറിസത്തിന്റെ സാങ്കേതിക സാധ്യതാ പഠനത്തിനായി കോഴിക്കോട് ആസ്ഥാനമായ എന്‍.എ സലീം അസോസിയേറ്റ്‌സ് എന്ന സ്വകാര്യ സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഈ കമ്പനി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം പദ്ധതി നടപ്പിലാക്കിയാല്‍ തീരദേശ നിയമലംഘനം ഉള്‍പ്പടെയുള്ള ഗുരുതരമായ നിയമലംഘനം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് ഈ റിപ്പോര്‍ട്ട് തള്ളി.
പക്ഷേ 1996ല്‍ അന്നത്തെ ടൂറിസം വകുപ്പു മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ ചില ഭേദഗതികളോടെ ഈ റിപ്പോര്‍ട്ട് തന്നെ അംഗീകരിച്ചു. ബേക്കല്‍ റിസോര്‍ട്ട് വികസന കോര്‍പ്പറേഷന് പദ്ധതി നടപ്പിലാക്കാനുള്ള ചുമതലകള്‍ നല്‍കി. ചീഫ് സെക്രട്ടറി ചെയര്‍മാനും മറ്റു ഉന്നത ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ ഡയരക്ടര്‍മാരായുള്ള ഈ കോര്‍പ്പറേഷന് റിസോര്‍ട്ടുകള്‍ക്കാവശ്യമായ സ്ഥലം കണ്ടെത്തുക, റോഡ്, വൈദ്യുതി, സാനിറ്റേഷന്‍, ജലവിതരണം, നിക്ഷേപകരെയും പ്രൊമോട്ടര്‍മാരെയും ക്ഷണിക്കല്‍, ബേക്കലിന്റെ മാര്‍ക്കറ്റ് വികസിപ്പിക്കല്‍ തുടങ്ങിയ ഉത്തരവാദിത്തങ്ങളാണുള്ളത്. പരിസ്ഥിതിക്കിണങ്ങുന്നതും പരിസ്ഥിതിയെ പ്രയോജനപ്പെടുത്തിയും തദ്ദേശീയര്‍ക്ക് ഉപകാരപ്രദവുമായ “വികസനമാണ്” ഇതെന്നാണ് ബി.ആര്‍.ഡി.സിയുടെ അവകാശ വാദം.
കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനുള്ള വീടിന്റെ നിര്‍മ്മാണ ജോലികള്‍ പാതി വഴിയില്‍
എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനുള്ളില്‍ ഈ ഭരണകൂട ഏജന്‍സി ബേക്കലില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ ബാക്കിപത്രം വിശാലമായ കൃഷിയിടങ്ങളുടെ മുകളില്‍ ഉയരുന്ന വന്‍കിട റിസോര്‍ട്ടുകളും പുഴയപും കായലും കടലോരവുമെല്ലാം വളച്ചുകെട്ടി കൈവശം വെയ്ക്കുന്ന മുതലാളിത്തത്തിന്റെ ധാര്‍ഷ്ട്യവും വീടുകളില്‍ നിന്നും തങ്ങളുടെ തൊഴിലില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട നിരാലംബരായ ജനങ്ങളുമാണ്. ജനങ്ങളുടെ ഭൂമി തുഛമായ നഷ്ടപരിഹാരം കൊടുത്ത് ഒഴിപ്പിച്ചെടുത്ത് വന്‍കിട റിസോര്‍ട്ടുകള്‍ക്ക് 30 മുതല്‍ 98 വര്‍ഷം വരെ കുറഞ്ഞ തുകക്ക് പാട്ടത്തിന് നല്‍കുക എന്ന ദൗത്യമാണ് ബി.ആര്‍.ഡി.സിക്കുള്ളത്.
ടൂറിസം വികസനമെന്നാല്‍ റിസോര്‍ട്ട് വികസനമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ട് കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ കോട്ട് ഉള്‍പ്പെടുന്ന ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ പള്ളിക്കര, അജാനൂര്‍, ഉദുമ, ചെമ്മാട് എന്നീ പഞ്ചായത്തുകളിലായി 220 ഏക്കര്‍ നെല്‍പ്പാടങ്ങളും, പുകയിലപ്പാടങ്ങളും കടലോര ഭൂമിയുമാണ് ബി.ആര്‍.ഡി പിടിച്ചെടുത്തിരിക്കുന്നത്.
സെന്റിന് 6000 മുതല്‍ 8000 രൂപ വരെയുള്ള തുഛമായ നഷ്ടപരിഹാരവും കൊടുത്ത് 100 കണക്കിന് മനുഷ്യരെ ഈ പദ്ധതിയിലൂടെ തെരുവിലേക്കിറക്കി. ഇങ്ങനെ വാങ്ങിച്ചെടുത്ത ഭൂമിയില്‍ 185 (ആറ് സൈറ്റുകള്‍) സ്വകാര്യ കമ്പനികള്‍ക്ക് റിസോര്‍ട്ട് പണിയാന്‍ പാട്ടത്തിന് നല്‍കിക്കഴിഞ്ഞു. ജി.എച്ച് എര്‍ത്ത് ആന്‍ഡ് എയര്‍ട്രാവല്‍സ് എന്റര്‍ പ്രൈസസ്, ഗ്ലോബ് ലിങ്ക് ഹോട്ടല്‍ (ജാഷെഡ്പൂര്‍), ഖന്ന ഹോട്ടല്‍ (മുംബൈ), ഭാരത് ഹോട്ടല്‍ (ഡല്‍ഹി), ഹോളിഡേ ഗ്രൂപ്പ് ഇന്‍ എന്നീ വന്‍കിട ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്കാണ് ബേക്കലിലെ നെല്‍പ്പാടങ്ങളും പുഴകളും കായലുകളുമെല്ലാം നികത്തി റിസോര്‍ട്ട് പണിയാന്‍ ബി.ആര്‍.ഡി.സി ഭൂമി വിട്ടുകൊടുത്തിരിക്കുന്നത്.
അടുത്ത പേജില്‍ തുടരുന്നു
പള്ളിക്കര പഞ്ചായത്തിലെ ചേറ്റ്കുണ്ട് കടലോര മേഖലയില്‍ 20ഓളം മത്സ്യത്തൊഴിലാളി, കര്‍ഷകത്തൊഴിലാളി കുടുംബങ്ങളെ ഒരു വീടിന് 1 ലക്ഷം രൂപയും വീടുവെക്കാന്‍ 5 സെന്റ് സ്ഥലവും നല്‍കി കുടിയിറക്കിയിട്ട് മൂന്നു വര്‍ഷമായി. ആഴം കൂടിയ നെല്‍പ്പാടമാണ് വീടുവെക്കാനായി ബി.ആര്‍.ഡി.സി ഇവര്‍ക്ക് പതിച്ചു നല്‍കിയിരിക്കുന്നത്. മൂന്നു മാസത്തിനുള്ളില്‍ ഈ സ്ഥലം മണ്ണിട്ടു നികത്തി നല്‍കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും, കാല്‍ഭാഗം പോലും മണ്ണിടല്‍ പൂര്‍ത്തിയായിട്ടില്ല.
ഭീഷണിയും ബലപ്രയോഗവും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മര്‍ദ്ദവുമെല്ലാം ഞങ്ങളെ ധര്‍മ്മസങ്കടത്തിലാക്കി
ഈ മനുഷ്യര്‍ ആയിരവും രണ്ടായിരവും രൂപ നല്‍കി വാടക വീട്ടിലും ബന്ധു വീടുകളിലുമൊക്കെയായി കഴിയുകയാണ്. മണ്ണിട്ടു നികത്തിയ ഭാഗത്ത് വീടു പണിതവര്‍ക്ക് മഴ പെയ്യുമ്പോഴേക്കും വീടു മുഴുവന്‍ വെള്ളം നിറഞ്ഞ് ഉപേക്ഷിച്ചു പോകേണ്ട ഗതികേടാണ്. കുടിവെള്ളത്തിനായി ഈ വയലില്‍ കുഴിച്ച കുഴല്‍ കിണറിലെ വെള്ളം കുടിച്ച ആളുകളുടെ പല്ലുകളില്‍ അസാധാരണമായ നിറ വ്യത്യാസവും ത്വക്ക് രോഗങ്ങളും വ്യാപകമാവുന്നു.
ചേറ്റുകുണ്ടില്‍ 68 ഏക്കര്‍ നെല്‍വയലാണ് ജി.ജി ഗ്രൂപ്പ് എന്ന വന്‍കിട കമ്പനിക്ക് ബി.ആര്‍.ഡി.സി 98 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുത്തിരിക്കുന്നത്. പദ്ധതി തുടങ്ങുന്നതിനു മുമ്പുവരെ 300 പറ നെല്ലു വിളഞ്ഞിരുന്ന ഈ പാടശേഖരത്തില്‍ ഇപ്പോള്‍ റിസോര്‍ട്ടു സമുച്ചയങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. കേരള നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ നഗ്‌നമായ ലംഘനമാണിത്. ബന്ധപ്പെട്ട അധികാരികളുടെ അനുവാദമില്ലാതെയാണ് ഈ പാടങ്ങളെല്ലാം തന്നെ നികത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്.
ചേറ്റുകുണ്ടില്‍ കടലോരത്ത് ഉയരുന്ന വന്‍കിട റിസോര്‍ട്ടുകള്‍ തീരദേശ നിയമം ലംഘിച്ചു കൊണ്ടാണെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ബി.ആര്‍.ഡി.സി പുതുതായി ഏറ്റെടുത്തിരിക്കുന്ന ചിറ്റാരി പോലെയുള്ള ജൈവ വൈവിധ്യ മേഖലകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വന്‍ പാരിസ്ഥിതിക ദുരന്തങ്ങള്‍ക്കിടയാക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നു.
“”ഭീഷണിയും ബലപ്രയോഗവും ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും സമ്മര്‍ദ്ദവുമെല്ലാം ഞങ്ങളെ ധര്‍മ്മസങ്കടത്തിലാക്കി. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ആരും ഞങ്ങളെ പിന്തുണച്ചില്ല””ചേറ്റുകുണ്ടില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട് വാടക വീട്ടില്‍ കഴിയുന്ന നിര്‍മ്മല പറയുന്നു. കൂലിപ്പണിക്കാരായ ഇവര്‍ക്ക് 2000 രൂപ വാടക കൊടുത്ത് ജീവിക്കാന്‍ നിവൃത്തിയില്ലാത്ത അവസ്ഥയാണ്. വൃത്തിഹീനമായ ചുറ്റുപാടില്‍ താമസിക്കുന്നതുമൂലം കുഞ്ഞുങ്ങള്‍ക്ക് നിരന്തരം രോഗങ്ങള്‍ പിടിപെടുന്നു.
നിലവിലുള്ള നിയമവ്യവസ്ഥയെയും, പഞ്ചായത്ത് ഭരണ സംവിധാനങ്ങളെയും നോക്കുകുത്തികളാക്കിയാണ് ബി.ആര്‍.ഡി.സി ബേക്കലില്‍ പ്രവര്‍ത്തിക്കുന്നത് ഇതിന് വ്യക്തമായ ഉദാഹരണമാണ് പള്ളിക്കര പഞ്ചായത്തിലെ പ്രഥമിക ആരോഗ്യ കേന്ദ്രം നിലനില്‍ക്കുന്ന സ്ഥലം ബി.ആര്‍.ഡി.സി ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. പഞ്ചായത്തുമായോ ജനപ്രതിനിധികളുമായോ ഒരു ചര്‍ച്ചയും നടത്താതെയാണ് ബി.ആര്‍.ഡി.സി ഇത്തരം നീക്കങ്ങള്‍ നടത്തുന്നത്. റവന്യൂ വകുപ്പിന്റെ കീഴില്‍ തച്ചങ്ങാട്ടു പബ്ലിക് ലൈബ്രറി നില്‍ക്കുന്ന 60 സെന്റ് സ്ഥലവും ബി.ആര്‍.ഡി.സി കയ്യേറിക്കഴിഞ്ഞു.
തദ്ദേശീയര്‍ക്ക് “തൊഴില്‍” എന്ന പ്രലോഭത്തിന്റെ മറവിലാണ് ഏതു ജനവിരുദ്ധ പദ്ധതിയും ഒരു പ്രദേശത്തെ ജനരോഷത്തെ ഇല്ലാതാക്കുന്നത്. ബേക്കല്‍ ടൂറിസം പദ്ധതിയും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല. 51030 തൊഴില്‍ അവസരങ്ങളാണ്. ആകെയുള്ള ജോലികളില്‍ 85% പ്രാദേശിക തൊഴിലവസരങ്ങളുമാണ് പദ്ധതി വാഗ്ദാനം ചെയ്തത്. എന്നാല്‍ പദ്ധതിയുടെ ഒരു ഘട്ടിത്തിലും ഈ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. എന്നു മാത്രമല്ല, നിര്‍മ്മാണ പ്രവൃത്തികള്‍ക്കു പോലും അന്യ സംസ്ഥാന തൊഴിലാളികളെയാണ് ഉപയോഗിച്ചിട്ടുള്ളത്.
അടുത്ത പേജില്‍ തുടരുന്നു
ഇത്രയും വലിയ തൊഴില്‍ വാഗ്ദാന തട്ടിപ്പു നടത്തിയിട്ടും “വികസന പദ്ധതി”യെന്ന മധുരം നുണഞ്ഞു കൊണ്ട് എല്ലാം രാഷ്ട്രീയ പാര്‍ട്ടികളും നിശബ്ദരായി നില്‍ക്കുന്ന വിചിത്രമായ കാഴ്ചയാണ് ബേക്കലില്‍ കാണാന്‍ കഴിയുക. ആഗോളവല്‍ക്കരണ കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂട സംവിധാനങ്ങളും കോര്‍പ്പറേറ്റുകളുടെ ഇടനിലക്കാരും കമ്മീഷന്‍ ഏജന്റുകളുമായി അധഃപതിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ബേക്കല്‍ ടൂറിസം പദ്ധതി.
കാലനാട് കായല്‍ പ്രദേശത്ത് ഡിസംബര്‍, മെയ് മാസങ്ങളില്‍ ചെമ്മീനും മത്സ്യങ്ങളും നിറയുന്ന സീസണാണ്. നൂറോളം വരുന്ന മത്സ്യത്തൊഴിലാളികളുടെ വരുമാന മാര്‍ഗ്ഗമായ ഈ പ്രദേശത്താണ് ബി.ആര്‍.ഡി.സിയുടെ 6ഉം 7ഉം റിസോര്‍ട്ട് സൈറ്റുകള്‍.
ഇവിടെ കായലിന്റെ പ്രതികരിക്കാനുയരുന്ന എല്ലാ കൈകളേയും വെട്ടിമാറ്റിക്കൊണ്ടാണ് ഈ പ്രദേശത്ത് വികസനത്തിന്റെ ഈ പളുങ്കു- കൊട്ടാരങ്ങളുയരുന്നത്.
പകുതിയോളം വളച്ചു കെട്ടിക്കൊണ്ടാണ് റിസോര്‍ട്ട് പണിതിരിക്കുന്നത്. കാലനാടിനടുത്തുള്ള താന്നിപ്പാലയില്‍ എട്ടു കുടുംബങ്ങള്‍ അഞ്ചേക്കറോളം വരുന്ന താമസ ഭൂമി ഹോളിഡേ ഇന്‍ഗ്രൂപ്പിനു നല്‍കി കുടിയൊഴിഞ്ഞു പോയി. “ഈ കായലില്‍ നിന്ന് സീസണില്‍ ദിവസവും 350 രൂപ വരുമാനം കിട്ടിയിരുന്നു. എന്നാല്‍ ഈ റിസോര്‍ട്ടുകള്‍ മതില്‍ കെട്ടി കായല്‍ കയ്യേറിയതിനാല്‍ ആ വരുമാനം കൂടി നിലച്ചിരിക്കുന്നു” പ്രദേശവാസിയായ മത്സ്യത്തൊഴിലാളി ഉസ്മാന്‍ പറഞ്ഞു.
“വര്‍ഷത്തില്‍ മൂന്നു പ്രാവശ്യം കൃഷി ചെയ്തിരുന്ന വയല്‍ നികത്തിയാണ് റിസോര്‍ട്ടുകള്‍ പണിയുന്നത്. ദിവസം 50 പേര്‍ക്കെങ്കിലും ജോലിയുണ്ടായിരുന്നു. കടപ്പുറത്തെ തെങ്ങിന്‍ തോപ്പുകളും പുകയിലപ്പാടങ്ങളുമെല്ലാം കയ്യേറി കെട്ടിടങ്ങള്‍ പണിതു കഴിഞ്ഞു. ഇനി ജോലിക്കായി നാടു തെണ്ടേണ്ട ഗതികേടിലാണ് ഞങ്ങള്‍”പദ്ധതി പ്രദേശത്തെ ജനങ്ങള്‍ പറയുന്നു. ഇപ്പോള്‍ തന്നെ 25000 മത്സ്യത്തൊഴിലാളി, കര്‍ഷക തെഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. പദ്ധതി പൂര്‍ത്തിയാവാന്‍ പോകുന്ന ഘട്ടത്തിനും നാട്ടുകാര്‍ക്ക് എന്തു തൊഴില്‍ നല്‍കുമെന്നും എവിടെ എത്ര കാലത്തേക്ക് എന്നുമൊക്കെയുള്ള ചോദ്യങ്ങള്‍ ബാക്കിയാകുന്നു.
ആഗോള മുതലാളിത്തം കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ അമേരിക്കയിലും, യൂറോപ്പിലാകമാനം തൊഴിലാളികളും, സാധാരണക്കാരും തെരുവിലിറങ്ങുകയാണ്. ഈ പ്രതിസന്ധികള്‍ ഏറെ വിപരീതമായി ബാധിക്കുന്ന ടൂറിസം വ്യവസായത്തിന്റെ അതിജീവനത്തിന് ഇരു ദേശത്തേയും, ജനതയേയും കൊള്ളയടിക്കാന്‍ അവസരം ഒരുക്കുകയാണ് ഇവിടുത്തെ നെറികെട്ട ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. ഈ പങ്കു കച്ചവടത്തില്‍ ഭരണപ്രതിപക്ഷഭേദമന്യേ എല്ലാവരും പങ്കാളികളാവുന്നു. പ്രതികരിക്കാനുയരുന്ന എല്ലാ കൈകളേയും വെട്ടിമാറ്റിക്കൊണ്ടാണ് ഈ പ്രദേശത്ത് വികസനത്തിന്റെ ഈ പളുങ്കുകൊട്ടാരങ്ങളുയരുന്നത്.
ഇടതുപക്ഷമടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളൊക്കെ ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തനരീതികളൊക്കെ കൈയൊഴിഞ്ഞിരിക്കുന്നുവെന്നതിന്റെ സാക്ഷ്യം കൂടിയാണ് ബേക്കല്‍ ടൂറിസം പദ്ധതി. സുനാമി പുനരധിവാസ പദ്ധതിയുടെ തുക വകമാറ്റി ബേക്കല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി പള്ളിക്കര ചേറ്റുകുണ്ട് റോഡിനായി വകമാറ്റി ചിലവഴിക്കാന്‍ ഇടതുപക്ഷ ഗവണ്‍മെന്റ് തീരുമാനിച്ചതുപോലും അവിടെ നിര്‍മ്മിക്കുന്ന റിസോര്‍ട്ടുകളിലേക്കുള്ള യാത്രാസൗകര്യം വികസിപ്പിക്കുന്നതിന് വേണ്ടിയാണ്.
ജനങ്ങളുടെ സാമൂഹ്യസുരക്ഷിതത്വം ഉറപ്പുവരുത്തിയും അവരുടെ തൊഴിലും ഭൂമിയും സംരക്ഷിച്ചുകൊണ്ടായിരിക്കണം ഏത് പദ്ധതിയും നടപ്പില്‍വരുത്തേണ്ടത് എന്ന് ആര്‍ജ്ജവത്തോടെ പറയേണ്ട രാഷ്ട്രീയപാര്‍ട്ടികള്‍ തുച്ഛമായ നഷ്ടപരിഹാരതുക വാങ്ങിക്കൊടുത്ത് ജനങ്ങളെ വഴിയാധാരമാക്കാന്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ കഥകള്‍കൂടി ബേക്കല്‍നിവാസികള്‍ക്ക് പറയാനുണ്ട്. മൂലധനതാല്‍പര്യങ്ങളാണ് കാര്യപരിപാടിയിലെ മുഖ്യ ഇനമെന്ന് തിരിച്ചറിയുമ്പോള്‍ അറുത്തുമാറ്റപ്പെടുന്ന ജീവിതങ്ങളെക്കുറിച്ച് എന്തിന് വേവലാതിപ്പെടണം?
ബേക്കലില്‍ പ്രകൃതിക്കെതിരെയുള്ള കടന്നുകയറ്റത്തിനെതിരെ വിവിധ സമൂഹിക, എന്‍.ജി.ഒകളുടെ നേതൃത്വത്തിലുള്ള സമരങ്ങള്‍ ഒരുഘട്ടത്തില്‍ സജീവമായിരുന്നു. എന്നാല്‍ സ്ഥാപിതതാല്‍പര്യങ്ങള്‍ക്കും പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങി പലസംഘടനങ്ങളും സമരരംഗത്ത് നിന്ന് പിന്മാറിക്കഴിഞ്ഞു. ഒരുഘട്ടത്തില്‍ ഇതിനെതിരെ പ്രതികരിച്ച മാധ്യമങ്ങള്‍പോലും ഇന്ന് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും, പ്രക്ഷേപണം ചെയ്യുന്നതില്‍ നിന്നും പിന്തിരിഞ്ഞു.
പരിസ്ഥിതിയുടെ പ്രശ്‌നമുന്നയിക്കുന്ന എന്‍.ജി.ഒകളും പൗരസമൂഹസംഘടനകളും നിരാലംബരായ മനുഷ്യരുടെ പ്രശ്‌നങ്ങളെപ്പറ്റി ഉള്‍ക്കണ്ഠപ്പെടുന്നില്ല എന്നുകൂടി ബേക്കലിന്റെ സമകാലികാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. അവരുടെ പരിസ്ഥിതി സമീപനത്തില്‍ മനുഷ്യര്‍ പുറത്താണ്. ജനങ്ങളുടെ തൊഴിലില്‍ നിന്നും, ജീവിതത്തില്‍ നിന്നും പറിച്ചെറിയുമ്പോള്‍ പ്രതിരോധമുയര്‍ത്താന്‍ ശേഷിയുള്ള ഒരുജനപക്ഷ രാഷ്ട്രീയം തീര്‍ച്ചയായും നമുക്കുണ്ടായിരിക്കണം.
Malayalam News