നവരാത്രി ദിന പോസ്റ്റ്; തനിഷ്‌കിന് പിന്നാലെ ഇറോസ് നൗവിനെതിരെ ഹിന്ദുത്വ ആക്രമണം
Entertainment
നവരാത്രി ദിന പോസ്റ്റ്; തനിഷ്‌കിന് പിന്നാലെ ഇറോസ് നൗവിനെതിരെ ഹിന്ദുത്വ ആക്രമണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd October 2020, 5:42 pm

മുംബൈ: നവരാത്രി ദിനാഘോവുമായി ബന്ധപ്പെട്ട് എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍ കമ്പനിയായ ഇറോസ് നൗ ചെയ്ത പോസ്റ്റുകള്‍ വിവാദത്തില്‍. നവരാത്രിയിലെ ഓരോ ദിവസത്തിലും ഒരു ബോളിവുഡ് ചിത്രത്തിലെ കഥാപാത്രങ്ങളെ വെച്ചു കൊണ്ട് ഇറക്കിയ പോസ്റ്ററുകളാണ് വിവാദത്തിലായത്. ബോളിവുഡ് താരങ്ങളായ കരീന കപൂര്‍, ദീപിക പദുകോണ്‍, ഐശ്യര്യറായ് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങള്‍ ഇറോസ് നൗ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇതില്‍ നടി കത്രീന കൈഫിന്റെ പോസ്റ്ററാണ് വിവാദത്തിലായത്. ഡു യു വാണ്ട് ടു പുട് ദ രാത്രി ഇന്‍ മൈ നവരാത്രി എന്നായിരുന്നു ഈ പോസ്റ്ററിനൊപ്പം എഴുതിയത്. സമാനമായ ചില പോസ്റ്ററുകളും വിവാദത്തിലായി. ഹിന്ദു ആഘോഷത്തെ അപമാനിച്ചു എന്നാരോപിച്ചാണ് ഇപ്പോള്‍ ഇറോസ് നൗവിനെതിരെ സൈബര്‍ ആക്രമണം നടക്കുന്നത്. ബാന്‍ ഇറോസ് നൗ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്.

 

വിമര്‍ശനം കനത്തതോടെ സംഭവത്തില്‍ ഇ റോസ് നൗ ഔദ്യോഗികമായി മാപ്പു പറഞ്ഞു. എല്ലാ സംസ്‌കാരത്തെയും ഞങ്ങള്‍ ബഹുമാനിക്കുന്നുണ്ടെന്നും ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് കമ്പനി ഇറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

ഒപ്പം വിവാദ പോസ്റ്റുകള്‍ കമ്പനി ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നേരത്തെ സമാനമായ രീതിയില്‍ ഒരു പരസ്യത്തിന്റെ പേരില്‍ തനിഷ്‌ക് ജ്വല്ലറിക്കെതിരെയും സൈബര്‍ ആക്രമണം നടന്നിരുന്നു.

ഹൈന്ദവ മതവിശ്വാസിയായ മരുമകള്‍ ഗര്‍ഭിണിയായതുമായി ബന്ധപ്പെട്ട ചടങ്ങ് ആഘോഷിക്കുന്ന മുസ്‌ലിം കുടുംബത്തിന്റെ കഥയായിരുന്നു തനിഷ്‌കിന്റെ പുതിയ പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നു ആരോപിച്ചുകൊണ്ട് ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തി.

തുടര്‍ന്ന് ബോയ്‌ക്കോട്ട് തനിഷ്‌ക് തുടങ്ങിയ ക്യാംപെയ്‌നുകള്‍ ട്വിറ്ററിലും മറ്റു സമൂഹമാധ്യമങ്ങളിലും ശക്തമാകാന്‍ തുടങ്ങി. കടുത്ത വിദ്വേഷ പ്രചരണത്തെ തുടര്‍ന്ന് തനിഷ്‌ക് പരസ്യം പിന്‍വലിക്കുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Eros Now Aplogises For Navratri Posters As #BoycottErosNow Trends