എഡിറ്റര്‍
എഡിറ്റര്‍
മിശ്രവിവാഹിതരായവര്‍ക്ക് പീഡനം; എറണാകുളം യോഗാ കൗണ്‍സിലിങ് സെന്റര്‍ പൂട്ടിച്ചു
എഡിറ്റര്‍
Monday 25th September 2017 4:12pm

കൊച്ചി: മിശ്രവിവാഹിതരായ ഹിന്ദുപെണ്‍കുട്ടികളെ പീഡിപ്പിച്ച് ഘര്‍വാപസി നടത്തുന്നു എന്നാരോപണം നേരിട്ട എറണാകുളം കണ്ടനാടുള്ള യോഗാ കൗണ്‍സിലിങ്ങ് സെന്റര്‍ പഞ്ചായത്തും പൊലീസും ചേര്‍ന്ന് പൂട്ടിച്ചു. യോഗാ ആന്റ് ചാരിറ്റബിള്‍ സെന്റര്‍ എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. ആര്‍ഷ വിദ്യാ സമാജം എന്ന പേരില്‍ കൗണ്‍സിലിങ് സെന്ററും ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ലൈസന്‍സില്ലാതെയാണ് കേന്ദ്രം നടത്തിയിരുന്നതെന്ന് ഉദയംപേരൂര്‍ പഞ്ചായത്ത് അറിയിച്ചു. അതിനാലാണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്.

25 സ്ത്രീകളും 20 പുരുഷന്‍മാരും കൗണ്‍സിലിങ്ങിനായി നിലവില്‍ ഇവിടെയുണ്ടെന്നും ഇവരെ ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയക്കുമെന്നും പൊലീസ് അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രകടനം യോഗാ സെന്ററിനു മുന്നില്‍ പൊലീസ് തടഞ്ഞു.


Dont Miss മതവിമര്‍ശനം നടത്തുന്നവരെ തെരഞ്ഞെടുപ്പില്‍ പാഠം പഠിപ്പിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന സൈബര്‍ സഖാക്കള്‍ മാര്‍ക്ക്‌സിസ്റ്റുകളോ ഇടതുപക്ഷ ആട്ടിന്‍തോലിട്ട സുഡാപ്പികളോ: വി.ടി ബല്‍റാം


മിശ്ര വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശിയായ യുവതി ഇന്നലെ പൊലീസിനെ സമീപിച്ചിരുന്നു.

തൃശൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
22 ദിവസം തടവിലിടുകയും പീഡിപ്പിക്കുകയും ചെയ്തതായി യുവതിയുടെ പരാതിയില്‍ പറയുന്നു. സ്ഥാപനം നടത്തിപ്പുകാരനായ മനോജ് ഗുരുജിയുടെ ക്രൂരതയ്ക്ക് ഇരയായെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.

ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ച യുവതിയെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ വേണ്ടിയാണ് യുവതിയെ ബന്ധുക്കള്‍ ഇവിടെ എത്തിച്ചത്. യോഗാകേന്ദ്രത്തില്‍ നിന്നും യുവതി രക്ഷപ്പെട്ട് പോരുകയായിരുന്നു.

മനോജ് ഗുരുജിയെ കൂടാതെ റീജേഷ്, കണ്ടാലറിയാവുന്ന നാലുപേര്‍ എന്നിവര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. മിശ്രവിവാഹിതരായ പെണ്‍കുട്ടികളെയും മതം മാറിയവരെയുമാണ് ഇവിടെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും ഇത്തരത്തില്‍ 65 പേര്‍ ഇവിടെ കഴിയുന്നുണ്ടെന്നും യുവതി പറഞ്ഞിരുന്നു. എതിര്‍ക്കുന്നവരെ കെട്ടിയിട്ട് മര്‍ദിക്കുകയാണെന്നും പലരും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ടെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
ഇതിനിടെ റം റഹീമുമാരെ സൃഷ്ടിക്കാനാണോ ഇത്തരം കേന്ദ്രങ്ങളെന്ന് ഹൈക്കോടതി ആരാഞ്ഞു. യോഗാ കേന്ദ്രത്തിനെതിരെ പരാതി നല്‍കിയ യുവതിയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് നിരീക്ഷണം. യുവതിയുടെ പരാതിയില്‍ യോഗ കേന്ദ്രം നടത്തിപ്പുകാരനായ മനോജ് അടക്കം ആറുപേര്‍ക്കെതിരെ ഉദയം പേരൂര്‍ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു.

Advertisement