''ട്രാന്‍സ്‌ജെന്‍ഡെര്‍സിന്റെ കൂടെ പോയാല്‍ 'കൂട്ടികൊടുക്കും', എയ്ഡ്‌സ് പകരും''; സ്റ്റേഷനിലെത്തിയ ട്രാന്‍സ്‌ജെന്‍ഡേര്‍സിനോടും പെണ്‍കുട്ടിയോടും അപമര്യാദ്യയായി പെരുമാറി എറണാകുളം പൊലീസ്
Gender Issue
''ട്രാന്‍സ്‌ജെന്‍ഡെര്‍സിന്റെ കൂടെ പോയാല്‍ 'കൂട്ടികൊടുക്കും', എയ്ഡ്‌സ് പകരും''; സ്റ്റേഷനിലെത്തിയ ട്രാന്‍സ്‌ജെന്‍ഡേര്‍സിനോടും പെണ്‍കുട്ടിയോടും അപമര്യാദ്യയായി പെരുമാറി എറണാകുളം പൊലീസ്
അശ്വിന്‍ രാജ്
Tuesday, 4th December 2018, 9:11 pm

ഇന്ത്യയില്‍ തന്നെ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ തലത്തില്‍ തന്നെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുമുണ്ട്. എന്നാലും സംസ്ഥാനത്തെ പൊലീസില്‍ പലര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരോട് അയിത്തമാണെന്ന് സമീപകാലത്ത് ഉണ്ടായ പലസംഭവങ്ങളും തെളിയിച്ചതാണ്.

ഏറ്റവുമൊടുവിലായി എറണാകുളം വനിതാ പൊലീസ് സ്റ്റേഷന് എതിരെ പുതിയ ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ട്രാന്‍സ്‌മെന്നായ വ്യക്തിയുടെ പങ്കാളി ആയതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളെയും അപമാനിച്ചെന്നാണ് ആരോപണം.

ട്രാന്‍സ്മെന്നായ വ്യക്തിയുടെ പങ്കാളിയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍, കുട്ടിയെ കാണാനില്ല എന്ന് പറഞ്ഞ് എറണാകുളം വനിതാ പൊലീസ് സ്റ്റേഷനില്‍ കേസ് കൊടുത്തു എന്നു പറഞ്ഞ് പൊലീസ് വിളിച്ചുവരുത്തുകയും ഒരു വ്യക്തിയെന്ന രീതിയില്‍ പോലും പരിഗണിക്കാതെ അപമാനിക്കുകയുമായിരുന്നെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടീവിസ്റ്റും മഹാരാജാസ് കോളെജ് വിദ്യാര്‍ത്ഥിയുമായ ദയഗായത്രി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

Also Read  പ്രളയം കഴിഞ്ഞ് മൂന്ന് മാസം; കാരശ്ശേരി പഞ്ചായത്തിലെ ദുരിതാശ്വാസ വസ്തുക്കള്‍ വാര്‍ഡ് മെമ്പര്‍ കടത്തുന്നെന്നാരോപണം; നിഷേധിച്ച് പഞ്ചായത്ത്

ഫയല്‍ ചിത്രം

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ പുരുക്ഷന്‍മാര്‍ ആണെന്നുള്ള തരത്തില്‍ പൊലീസ് പെരുമാറുകയും ട്രാന്‍സ്‌ജെന്‍ഡെറിസിന്റെ കൂടെ പോയാല്‍ “കൂട്ടികൊടുക്കും” എന്നും എയിഡ്‌സ് വരുമെന്നും പെണ്‍കുട്ടിയോട് വനിതാ പൊലീസ് സംസാരിച്ചതെന്നും ദയ പറയുന്നു.

സംഭവത്തെ കുറിച്ച് ദയ ഗായത്രി പറയുന്നത് ഇപ്രകാരമാണ്.

“ട്രാന്‍സ്‌മെന്നായ ഒരു വ്യക്തിയുമായി ഒരു പെണ്‍കുട്ടി ഇഷ്ടത്തിലായിരുന്നു. അവളിത് വീട്ടുകാരോട് പറയുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ട്കാര് ഇത് നാണക്കേടാണ് എന്ന് പറഞ്ഞ് പെണ്‍കുട്ടിയെ തിരിച്ച് കിട്ടണമെന്ന് പറഞ്ഞ് ഞങ്ങളെ ബന്ധപ്പെടുകയുണ്ടായി. നമ്മള്‍ അവരോട് വ്യക്തമായി പറഞ്ഞതാണ് നമ്മള്‍ ആരെയും പിടിച്ച് വെച്ചിട്ടില്ല പെണ്‍കുട്ടിക്ക് താല്‍പര്യമില്ലെങ്കില്‍ തിരിച്ച് പോകാം എന്ന്. എന്നാല്‍ പെണ്‍കുട്ടിക്ക് പങ്കാളിയുടെ കൂടെ താമസിക്കാനായിരുന്നു. അത് പ്രായപൂര്‍ത്തിയായ ആളുടെ തീരുമാനമാണല്ലോ അത് തുടര്‍ന്നാണ് വീട്ടുകാര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെയും പങ്കാളിയെയും സ്റ്റേഷനിലേക്ക് പരാതിയുണ്ടെന്ന് പറഞ്ഞ് വിളിപ്പിക്കുകയായിരുന്നു. ഒന്നാമത്തെ കാര്യം ഒരു പരാതി ലഭിച്ചാല്‍ അത് ഏത് തരത്തിലുള്ള പരാതിയാണെന്നും അതിന് എന്ത് തീരുമാനം എടുക്കണമെന്നും പൊലീസുകാര്‍ക്ക് അറിയാവുന്നതാണ്. പ്രത്യേകിച്ച് ഒരു വനിത പൊലീസ് സ്റ്റേഷനില്‍ ഇത്തരത്തില്‍ പരാതി വരുമ്പോള്‍ പ്രായപൂര്‍ത്തിയായ ഒരാളുടെ തീരുമാനമാണെന്ന് പറയാന്‍ കഴിയണം. പക്ഷേ അവര്‍ അതല്ല ചെയ്തത്. ഞങ്ങളെ വിളിച്ച് വരുത്തുകയും ആ പെണ്‍കുട്ടിയോട് പൊലീസുകാര്‍ പറഞ്ഞത് ട്രാന്‍സ്‌ജെന്‍ഡെര്‍സിന്റെ കൂടെ പോയാല്‍ പെണ്‍കുട്ടിയെ കൂട്ടികൊടുക്കുമെന്നും എയിഡ്‌സ് വരുമെന്നുമൊക്കെ മാനസികമായി തളര്‍ത്തുന്ന രീതിയില്‍ സംസാരിക്കുകയായിരുന്നു. ദയ പറയുന്നു.

സ്റ്റേഷനില്‍ എത്തിയ താനടക്കമുള്ള ട്രാന്‍സ്‌ജെന്‍ഡേറിസിനോട് തീര്‍ത്തും അപമര്യാദയായി പെരുമാറുകയും ആണുങ്ങളാണ് വനിതാപൊലീസ് സ്റ്റേഷനില്‍ എന്ത് കാര്യം എന്ന തരത്തിലുമാണ് ആവര്‍ പെരുമാറിയതെന്നും ദയ പറഞ്ഞു.

Also Read  കേരള നവോത്ഥാനത്തില്‍ എന്‍.എസ്.എസ് ഇല്ലെങ്കിലും ഒരു ചുക്കും സംഭവിക്കാനില്ല; സ്വജനപക്ഷപാതവും ജാതീയതയും അല്ലാതെ എന്തുണ്ട് ഇവര്‍ക്ക് കൈമുതല്‍ ?

ദയ ഗായത്രി

ഞങ്ങള്‍ മൂന്ന് ട്രാന്‍സ്‌ജെന്‍ഡേര്‍സും ഞങ്ങളോട് അനുഭാവം പ്രകടിപ്പിക്കുന്ന രണ്ട് പേരെയും കൂട്ടിയായിരുന്നു പോയത്. സുപ്രീം കോടതി വിധി പോലും ഒരാളുടെ നാമവിശേഷണം അയാള്‍ക്ക് തന്നെ നിശ്ചയിക്കാമെന്നിരിക്കെ ആണുങ്ങള്‍ ആയിട്ടാണ് ട്രാന്‍സ്വുമന്‍സിനെ ചിത്രീകരിച്ചത്. ഞങ്ങളുടെ അനുവാദമില്ലാതെ ഞങ്ങളുടെ വീഡിയോ സതിയെന്ന ഉദ്യോഗസ്ഥ എടുക്കുകയും ചെയ്തു. കയറി ചെന്നപ്പോള്‍ തന്നെ നിങ്ങള്‍ക്ക് എന്താണ് ഇവിടെ കാര്യം എന്നായിരുന്നു അവര്‍ ചോദിച്ചത്. ഒരു വ്യക്തിയെന്ന നിലയില്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്ന ഒരു വ്യക്തിയോട് എന്താണ് നിങ്ങള്‍ക്ക് ഇവിടെ കാര്യം എന്നല്ല ചോദിക്കേണ്ടത്. കേസ് കൊടുക്കും എന്നു പറഞ്ഞപ്പോള്‍ പോയി കൊടുക്കു എന്നായിരുന്നു മറുപടി. മാത്രവുമല്ല പൊലീസുകാരുടെ ദയപറഞ്ഞു.

തുടര്‍ന്ന് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെന്നും ദയഗായത്രി ഡൂള്‍ന്യൂസിനോട് പറഞ്ഞു. എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡേര്‍സിനെ കുറിച്ച് അറിവില്ലാത്തതിനാലാണ് ഇതെന്നും പൊലീസുകാര്‍ മാറി വരുന്നെയുള്ളു എന്നുമായിരുന്നു കമ്മീഷ്ണറുടെ മറുപടിയെന്നു ദയ പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ എന്നോ സ്ത്രീയെന്നോ പുരുഷന്‍ എന്നോ ഉള്ള പരിഗണന വേണ്ട ഭരണഘടന അനുശാസിക്കുന്ന പ്രകാരം ഒരു വ്യക്തിയെന്ന പരിഗണന മാത്രം മതിയെന്നും ദയ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

തുടര്‍ന്ന് ഏറണാകുളം വനിതാ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും എസ്.ഐ ഡ്യൂട്ടിക്കായി പുറത്താണെന്നുമായിരുന്നു പ്രതികരണം തുടര്‍ന്ന് എസ്.ഐയെ ബന്ധപ്പെട്ടപ്പോള്‍ സംഭവത്തെ കുറിച്ചോ കേസിനെ കുറിച്ചോ തനിക്ക് കൂടുതല്‍ അറിയില്ലെന്നും സംഭവം നടക്കുമ്പോള്‍ മറ്റൊരു എസ്.ഐ ആയിരുന്നു ഡ്യൂട്ടിയില്‍ എന്നുമായിരുന്നു പ്രതികരണം.

ചിത്രം പ്രതീകാത്മകം

Doolnews video

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2017 ജൂണ്‍ മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.