എഡിറ്റര്‍
എഡിറ്റര്‍
ബ്രിട്ടീഷ് ചരിത്രകാരന്‍ എറിക് ഹോബ്‌സ് ബാം അന്തരിച്ചു
എഡിറ്റര്‍
Tuesday 2nd October 2012 12:00am

ലണ്ടന്‍: പ്രമുഖ ബ്രിട്ടീഷ് ചരിത്രകാരനും എഴുത്തുകാരനുമായ എറിക് ഹോബ്‌സ് ബാം(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ലണ്ടനിലെ റോയല്‍ ഫ്രീ ആസ്പത്രിയില്‍ ന്യൂമോണിയ ബാധയെത്തുടര്‍ന്നായിരുന്നു അന്ത്യം.

Ads By Google

കഴിഞ്ഞ നൂറ്റാണ്ടില്‍ ഏറ്റവും വലിയ ചിന്തകരില്‍ ഒരാളായി കരുതപ്പെടുന്ന ഹോബ്‌സ് ബോം മാര്‍ക്‌സിസ്റ്റ് ദര്‍ശനത്തിലൂടെ ലോകചരിത്രത്തെ വിശകലനം ചെയ്തയാളാണ്. ദി എയ്ജ് ഓഫ് റെവലൂഷന്‍, ദി എയ്ജ് ഓഫ് ക്യാപിറ്റല്‍, ദി എയ്ജ് ഓഫ് എംപയര്‍, ഹിസ്റ്ററി ഓഫ് ട്വെന്റീന്‍ത് സെഞ്ച്വറി, എയ്ജ് ഓഫ് എക്‌സ്ട്രീംസ് എന്നിവയുള്‍പ്പെടെ മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.

ഒക്ടോബര്‍ വിപ്ലവത്തെ ലോകത്തിന്റെ പ്രതീക്ഷയായിക്കണ്ട ഒരു തലമുറയില്‍പ്പെട്ടയാളാണ്താനെന്ന് പറഞ്ഞ അദ്ദേഹം ജീവിതാന്ത്യം വരെ മാര്‍ക്‌സിസ്റ്റ് ചിന്തയിലും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും അടിയുറച്ചു നിന്നയാളാണ് എറിക്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തകര്‍ച്ചയെ കമ്യൂണിസ്റ്റ് ആശയങ്ങളുടെ തകര്‍ച്ചയായി വ്യാഖ്യാനിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹോബ്‌സ്‌ ബോം അമേരിക്കയുടെയും ബ്രിട്ടന്റെയും ഭീകരവിരുദ്ധ യുദ്ധത്തെ ശക്തമായി വിമര്‍ശിച്ചിരുന്നു. അമേരിക്കയുടെ കടുത്ത വിമര്‍ശകനായിരുന്ന ഫോബ്‌സ് ലോകത്തെ കോളനിയാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയിരുന്നു.

1917 ല്‍ ഈജിപ്തിലെ അലക്‌സാന്‍ഡ്രിയയില്‍ ജൂത കുടുംബത്തിലായിരുന്നു എറിക്കിന്റെ ജനനം. ബ്രിട്ടീഷ് വ്യവസായിയായ അച്ഛനും ഓസ്ട്രിയന്‍ എഴുത്തുകാരിയായ അമ്മയും എറിക്കിന്റെ കുട്ടിക്കാലത്തുതന്നെ മരിച്ചു. ബന്ധുക്കള്‍ക്കൊപ്പം ബര്‍ലിനിലായിരുന്നു കുട്ടിക്കാലം ചിലവഴിച്ചത്. പതിന്നാലാം വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി.

”സമൂഹത്തിലെ അനീതികള്‍ക്കെതിരെ പോരാടുകതന്നെ വേണം, ലോകം സ്വയം നന്നാവുമെന്നു കരുതരുത് ” ഇതായിരുന്നു ജീവിതാന്ത്യംവരെ കര്‍മനിരതനായ അദ്ദേഹത്തിന്റെ പക്ഷം.

Advertisement