ഇസ്രഈലുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നെന്ന് തുര്‍ക്കി; രഹസ്യാന്വേഷണ തലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ തുടരണമെന്നും എര്‍ദോഗന്‍
World
ഇസ്രഈലുമായി മികച്ച ബന്ധം ആഗ്രഹിക്കുന്നെന്ന് തുര്‍ക്കി; രഹസ്യാന്വേഷണ തലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ തുടരണമെന്നും എര്‍ദോഗന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 26th December 2020, 12:22 pm

അങ്കാര: ഇസ്രഈലുമായി കൂടുതല്‍ മികച്ച ബന്ധം പുലര്‍ത്താന്‍ തുര്‍ക്കി ആഗ്രഹിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ തലത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരണമെന്നും പ്രസിഡന്റ് റജബ്ബ് ത്വയ്യിബ് എര്‍ദോഗന്‍. അതേസമയം ഫലസ്തീനികളോടുള്ള ഇസ്രഈല്‍ നയം സ്വീകാര്യമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഇസ്താംബൂളില്‍ വെള്ളിയാഴ്ച നടത്തിയ പ്രാര്‍ത്ഥനയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എര്‍ദോഗന്‍.

ഇസ്രഈസിലെ ഉയര്‍ന്ന തലത്തിലുള്ള ആളുകളുമായി തുര്‍ക്കിക്ക് ചില പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ വ്യത്യസ്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഫലസ്തീന്‍ നയം ഞങ്ങളുടെ റെഡ് ലൈനാണ്. ഇസ്രഈലിന്റെ ഫലസ്തീന്‍ നയങ്ങള്‍ അംഗീകരിക്കാന്‍ ഞങ്ങള്‍ക്ക് ഒരുതരത്തിലും കഴിയില്ല. അവരുടെ ദയയില്ലാത്ത പ്രവൃത്തികള്‍ ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല, എര്‍ദോഗന്‍ പറഞ്ഞു.

എന്നിരുന്നാലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്’, അദ്ദേഹം പറഞ്ഞു.

1949 ല്‍ ഇസ്രഈലിനെ അംഗീകരിച്ച ആദ്യത്തെ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് തുര്‍ക്കി. എര്‍ദോഗന്‍ അധികാരത്തില്‍ എത്തുന്നതുവരെ ഇരുരാജ്യങ്ങളും തമ്മില്‍ ശക്തമായ വാണിജ്യ ബന്ധവും നിലനിന്നിരുന്നു.

എന്നാല്‍ അടുത്ത കാലത്തായി, വെസ്റ്റ് ബാങ്കിലുള്ള ഇസ്രാഈലിന്റെ അധിനിവേശത്തെയും ഫലസ്തീനികളോടുള്ള നിലപാടിനെതിരെയും വിമര്‍ശനവുമായി തുര്‍ക്കി രംഗത്തെത്തുകയും ഇസ്രഈലിന്റെ നടപടിയെ അപലപിക്കുകയും ചെയ്തിരുന്നു.

തുര്‍ക്കി ഉടമസ്ഥതയിലുള്ള ഫ്‌ലോട്ടില്ലയില്‍ കയറിയ ഇസ്രാഈല്‍ കമാന്‍ഡോകള്‍ 10 ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് ശേഷമാണ് 2010 ല്‍ തുര്‍ക്കി ഇസ്രഈലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കുന്നത്.

2007 മുതല്‍ ഗസ മുനമ്പിലൂടെയുള്ള കര, വ്യോമ, നാവിക ചരക്കുനീക്കം ഇസ്രഈല്‍ നിരോധിച്ചു. എന്നാല്‍ 2016 ല്‍ ബന്ധം പുനസ്ഥാപിച്ചെങ്കിലും 2018ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി.

അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച ഫലസ്തീനികള്‍ക്കെതിരായ ആക്രമണത്തിന് പിന്നാലെ ഗസ മുനമ്പില്‍ നിന്നും 2018 മെയ് മാസത്തില്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തു.

അതേസമയം എര്‍ദോഗനും ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടക്കാറുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ബന്ധം ഇപ്പോഴും ശക്തമാണ്.

അതേസമയം ഈ വര്‍ഷം ഓഗസ്റ്റില്‍ ഇസ്താംബൂളിലുള്ള ഒരു ഡസനോളം വരുന്ന ഹമാസ് അംഗങ്ങള്‍ക്ക് തുര്‍ക്കി പാസ്പോര്‍ട്ട് നല്‍കിയതായി ഇസ്രാഈല്‍ ആരോപിച്ചിരുന്നു. ഈ നടപടിക്കെതിരെ ഇസ്രഈല്‍ രംഗത്തെത്തുകയും തുര്‍ക്കിക്ക് മുന്‍പില്‍ ഈ വിഷയം സര്‍ക്കാര്‍ ഉയര്‍ത്തുമെന്നും ഇസ്രഈല്‍ അറിയിച്ചിരുന്നു.

2007 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഗസ മുനമ്പുകളുടെ നിയന്ത്രണം ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസില്‍ നിന്നും ഹമാസ് പിടിച്ചെടുത്തിരുന്നു.

അതിനുശേഷം പ്രദേശത്ത് ഉപരോധം ശക്തമാക്കിയ ഇസ്രഈസില്‍ മൂന്ന് സൈനിക ആക്രമണങ്ങള്‍ പ്രദേശത്ത് നടത്തുകയും ചെയ്തു.

അതേസമയം ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണ് ഹമാസ് എന്നാണ് തുര്‍ക്കി വിലയിരുത്തുന്നത്.

ഫലസ്തീന്റെ ഇസ്രഈല്‍ നയത്തിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന പശ്ചാത്തലത്തിലും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം തങ്ങളുടെ ഒരു പുതിയ അംബാസിഡറെ ഇസ്രഈലില്‍ നിയമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അല്‍ മോണിറ്ററിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം ജോ ബൈഡനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തുര്‍ക്കി പുതിയ അംബാസിഡറെ ഇസ്രഈലില്‍ നിയമിച്ചതെന്നാണ് സൂചന.

ട്രംപുമായുള്ള കരാറുകള്‍ അവസാനിച്ച പശ്ചാത്തലത്തില്‍ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കാന്‍ ബഹ്റൈന്‍, മൊറോക്കോ, സുഡാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നീ നിരവധി അറബ് രാജ്യങ്ങള്‍ തയ്യാറാവുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Erdogan says Turkey wants better ties with Israel, talks continue