Administrator
Administrator
പകര്‍ച്ച വ്യാധികള്‍ തിരിച്ചുവരുന്നോ?
Administrator
Wednesday 21st September 2011 5:47pm


സംസ്ഥാനം വീണ്ടും പകര്‍ച്ചവ്യാധിയുടെ ദുരന്തമുഖത്ത് നില്‍ക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ നിന്ന് കോളറ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. കോഴിക്കോട്ട് 250 ഓളം പേര്‍ക്ക് എലിപ്പനി ബാധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

എറണാകുളം ജില്ലയില്‍ 80 പേര്‍ക്കാണ് മലേറിയയും ഡെങ്കിപ്പനിയും കണ്ടെത്തിയത്. കോട്ടയം ജില്ലയില്‍ നൂറിലേറെ പേര്‍ക്ക് മഞ്ഞപ്പിത്തവും കണ്ടെത്തിയിട്ടുണ്ട്. കാസര്‍ഗോഡ്, വയനാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. ഇപ്പോള്‍ ലഭ്യമായതെല്ലാം സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കുകളാണ്. അത്‌കൊണ്ട് തന്നെ രോഗം പിടിപ്പെട്ടവരുടെ എണ്ണം ഇതിലും കൂടാനാണ് സാധ്യത.

മഴ നീണ്ടു നിന്നു എന്നാണ് ആരോഗ്യ വകുപ്പ് പകര്‍ച്ച വ്യാധികള്‍ പകരുന്നതിന് കാരണമായി പറയുന്നത്. എന്നാല്‍ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വലിയ വീഴ്ചയുണ്ടായതായി ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാലിന്യ നിര്‍മാര്‍ജനത്തില്‍ തദ്ദേശ സ്ഥാനപനങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്നും പരാതിയുണ്ട്. എന്നാല്‍ രോഗം വന്നാല്‍ വൈകി ചികിത്സ തേടുകയും സാധാരണ അസുഖങ്ങളെ പോലെ പരിഗണിക്കുകയും ചെയ്യുന്നതിനാലാണ് മരണ സംഖ്യ കൂടുന്നതെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിശദീകരണം.

ആരോപണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമപ്പുറത്ത് ഭീതി ഒഴിഞ്ഞുവെന്ന് കേരളം കരുതിയിരുന്ന കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ വീണ്ടും തിരിച്ചുവരികയാണോ?. പൊതു ആരോഗ്യ പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം ആര്‍ജ്ജിച്ചെടുത്ത മികച്ച നേട്ടംനഷ്ടപ്പെടുകയാണോ?…ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നു.

അടൂര്‍ പ്രകാശ്, ആരോഗ്യ വകുപ്പുമന്ത്രി

ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സാംക്രമിക രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കാനുള്ള എല്ലാവിധ സംവിധാനങ്ങളും ആരോഗ്യ വകുപ്പ് സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ഡി.എച്ച്.എസിനും ഡി.എം.ഇക്കും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കഴിഞ്ഞു.

മരണങ്ങള്‍ റിപ്പോര്‍ട്ട ചെയ്യുന്ന കേസുകളില്‍ മിക്കവയും രോഗം മൂര്‍ഛിച്ച ശേഷം ആശുപത്രികളിലെത്തിയവരാണ്. രോഗത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ തന്നെ ചികിത്സ തുടങ്ങിയാല്‍ നിയന്ത്രണ വിധേയമാക്കാവുന്നതേയുള്ളൂ. രോഗം ബാധിക്കുന്ന സമയത്ത് സാധാരണ മട്ടില്‍ ഇതിനെ കണക്കിലെടുക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ വീടുകള്‍ തോടും കയറി ബോധവത്കരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഡി.എം.ഒകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.

dr-vijayakumar

ഡോ. ജി വിജയകുമാര്‍, ഐ.എം.എ സംസ്ഥാന പ്രസിഡന്റ്

വികസനം കൂടിപ്പോയതാണ് ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് പറയേണ്ടി വരും. ഉത്തരവാദിത്വമില്ലാത്ത വികസനം നമ്മെ രോഗികളാക്കും. എന്തുകൊണ്ടാണ് ഇത്തരം രോഗങ്ങള്‍ പകര്‍ന്നു പിടിക്കുന്നതെന്ന് പരിധോധിച്ചാല്‍ കൊതുകും എലിയും ഒക്കെയാണ് പ്രതികള്‍ ആകുക. കൊതുകും എലിയുമൊക്കെ കൂടുന്നതോ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ അഭാവം കൊണ്ടും. മാലിന്യ നിര്‍മ്മാര്‍ജ്ജനം ആണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മിക്ക രോഗങ്ങളും ആരംഭിക്കുന്നത് അവിടെനിന്നാണ്. ഭക്ഷണ മാലിന്യം, പ്ലാസ്‌റിക് മാലിന്യം തുടങ്ങി നഗരഗ്രാമ വ്യത്യാസമില്ലാതെ മാലിന്യം കുമുഞ്ഞു കൂടുകയാണ്. കൂടാതെ ഓടകള്‍ പ്രവര്‍ത്തിക്കാത്തത് കാരണവും കൊതുകും എലികളും പെറ്റു പെരുകി രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇത് ആരോഗ്യ വകുപ്പിന്റെ പ്രശ്‌നമായി മാത്രം കാണരുത്.
മാലിന്യ നിര്‍മ്മാര്‍ജ്ജനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജോലിയാണ്. സാമൂഹിക ആരോഗ്യം നിലനിര്‍ത്തുന്നതിന് മറ്റ് പല വകുപ്പുകളും കൂടി സഹകരണം ആവശ്യമാണ്.

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ നമ്മുടെ സമൂഹം അമ്പേ പരാജയമാണ്. മലയാളിക്ക് അവബോധം ഇല്ലാഞ്ഞിട്ടല്ല, നാമതിനു അര്‍ഹിക്കുന്ന ഗൗരവം കൊടുക്കുന്നില്ല. വ്യക്തി ശുചിത്വം പാലിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ സാമൂഹിക ശുചിത്വം ശ്രദ്ധിക്കുന്നേയില്ല. സ്വന്തം വീട്ടിലെ മാലിന്യം വലിച്ചെറിഞ്ഞു നാം സര്‍ക്കാരിനെ കുറ്റം പറയുന്നു. രോഗങ്ങള്‍ അവനവനു വരില്ല എന്നാണവര്‍ കരുതുന്നത്. എന്നാല്‍ മാലിന്യം ഒരു പ്രശ്‌നമായി സമൂഹത്തെ ബാധിക്കുന്നത് പോലെ രോഗവും പിടിപെടുമ്പോള്‍ എല്ലാവരിലേക്കും അത് എത്തുന്നു.

തിരുവനന്തപുരം ഒരു കാലത്ത് എറ്റവും ശുചിത്വമുള്ള നഗരമായിരുന്നു. ഇന്നെന്താണ് സ്ഥിതി? വിളപ്പില്‍ശാലയെ നമ്മള്‍ മാലിന്യം തള്ളാനുള്ള സ്ഥലമാക്കി. അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന്റെ ഫലമോ രോഗങ്ങള്‍ എല്ലാവര്‍ക്കുമായി കിട്ടുന്നു. കോളറ പോലുള്ള രോഗങ്ങളെ നാം നിര്‍മ്മാര്‍ജ്ജനം ചെയ്തതാണ്. ഇപ്പോള്‍ ഈ വരുന്ന രോഗങ്ങള്‍ക്ക് പിന്നില്‍ അന്യസംസ്ഥാനത് നിന്നും വരുന്ന ആളുകള്‍ ആണെന്നാണ് എന്റെ അനുമാനം.

നമ്മുടെ നാട്ടില്‍ മുഴുവന്‍ ജോലിയെടുക്കുന്നത് അന്യസംസ്ഥാനത് നിന്നുള്ള തൊഴിലാളികള്‍ ആണ്. പതിനായിരക്കണക്കിനു ആളുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വന്നും പോയിയും ഇരിക്കുമ്പോള്‍ മിക്ക രോഗങ്ങളും വീണ്ടും പുറത്തു നിന്നും വരുന്നു. വയനാട്ടില്‍ കോളറ പിടിപെട്ടപ്പോള്‍ ഞാന്‍ അവിടെ പോയി പഠിച്ചിരുന്നു. അന്യസംസ്ഥാനത്ത് നിന്നും ആണ് രോഗം അവിടെയെത്തിയത്. ഇതും അങ്ങനെയാവാനെ തരമുള്ളൂ.. ഇത് ഒരു പുതിയ പ്രശ്‌നമാണ്. പരിഹരിക്കാന്‍ ബുദ്ധിമുട്ടും. അന്യസംസ്ഥാന തൊഴിലാളികള്‍ ഇല്ലെങ്കില്‍ കേരളം നിശ്ചലമാകും.

അവര്‍ക്ക് വേണ്ട ആരോഗ്യ രക്ഷ സര്‍ക്കാര്‍ നല്‍കുക എന്നതാണ് പ്രതിവിധി. ഒപ്പം മാലിന്യനിര്‍മ്മാര്‍ജ്ജനം പോലുള്ള സാമൂഹിക കാരണങ്ങള്‍ പരിഹരിക്കാന്‍ ജനങ്ങളും സര്‍ക്കാരും കയ്യോടു കൈ ചേര്‍ന്ന് പ്രവര്‍ത്തിക്കണം. ഐ.എം.എ ഈ വിഷയത്തില്‍ നിരവധി ബോധവല്‍ക്കരണ പരിപാടി നടത്തിപ്പോരുന്നുണ്ട്.

വി.സി.കബീര്‍, മുന്‍ ആരോഗ്യമന്ത്രി

നമ്മള്‍ ഒരിക്കല്‍ ഇല്ലാതാക്കിയിരുന്ന സാംക്രമിക രോഗങ്ങള്‍ എല്ലാം വീണ്ടും ജനങ്ങളെ ബാധിക്കുന്ന കാഴ്ച നമ്മള്‍ കണ്ട് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷമായി മാലിന്യ സംസ്‌കരണത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്താനായിട്ടില്ല നമ്മള്‍ക്ക്. അടിയന്തിരമായ മാലിന്യ സംസ്‌കരണം നടപ്പിലാക്കേണ്ടിയിരിക്കുന്നു. പഞ്ചായത്ത് തലത്തില്‍ ഇതിന് നടപടികള്‍ ഉണ്ടാവണം.

ഇതിനായി പ്രത്യേക സംവിധാനങ്ങള്‍ ആശുപത്രികളില്‍ ഉണ്ടാകേണ്ടതുണ്ട്. ഡോക്ടര്‍മാര്‍ മുതല്‍ താഴെക്കിടയിലുള്ള ഉദ്യോഗസ്ഥര്‍ വരെ ഇതിനായി ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളേജില്‍ ഒരു അന്യസംസ്ഥാന തൊഴിലാളിക്കുണ്ടായ ദാരുണമായ മരണം നമ്മുടെ മനസാക്ഷിയെ ഞെട്ടിച്ചതാണ്.

മഴക്കാലം വരുമ്പോള്‍ പ്രത്യേകിച്ചുള്ള പ്രതിരോധ നടപടിക്രമങ്ങള്‍ സ്വീകരിക്കണം. കഴിഞ്ഞ പ്രാവിശ്യത്തില്‍ നിന്നും ഇത്തവണ സ്വീകരിച്ച നടപടിക്രമങ്ങള്‍ കുറവാണെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

ഡോ. കെ.വി ബാബു, ഐ.എം.എ മുന്‍ ദേശീയ കൗണ്‍സില്‍ അംഗം

സാംക്രമിക രോഗങ്ങളുടെ തിരിച്ചു വരികയാണിപ്പോള്‍. ഇത്തരം രോഗങ്ങള്‍ തിരിച്ചു വന്നില്ലെങ്കിലേ അത്ഭുതമുളളൂ. കാലാകാലങ്ങളായി ആരോഗ്യ വകുപ്പ് അധികൃതര്‍ ഇത്തരം വാര്‍ത്തകളെയും വസ്തുതകളെയും അവഗണിക്കുകയാണ് ചെയ്യുന്നത്.

1989ല്‍ ഞാന്‍ മെഡിക്കല്‍ കോളേജില്‍ ഹൗസ് സര്‍ജന്‍ ആയിരിക്കുമ്പോള്‍ എലപ്പനിയെക്കുറിച്ച് ഞങ്ങള്‍ ഒരു പഠനം നടത്തി. മാസത്തില്‍ 17 മരണം നടക്കുന്നതായി അതില്‍ കണ്ടെത്തി. മാധ്യമങ്ങളിലും മറ്റുമൊക്കെ അത് വലിയ വാര്‍ത്തയായി. നിയമസഭയില്‍ വലിയ പ്രശ്‌നമായി. അന്ന് ഗവണ്‍മെന്റ് അതിനെ വെള്ളപൂശാന്‍ ശ്രമിക്കുകയാണുണ്ടായത്.

കോര്‍പറേറ്റ് ഹോസ്പിറ്റലുകള്‍ കൊണ്ട് അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ക്ക് പ്രത്യേകിച്ച് ഉപകാരമൊന്നുമുണ്ടായിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വം.

റോഡില്‍ കുഴി വന്ന് അത് അടക്കുന്ന പോലെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തെ കൈകാര്യം ചെയ്യുന്നത്. രോഗം വരുന്ന സമയത്ത് മാത്രം പ്രതിരോധ നടപടികള്‍ എടുക്കുന്നു. ഏതായാലും ഇപ്പോഴത്തെ കാര്യങ്ങള്‍ മൊത്തത്തില്‍ ശുഭകരമല്ല.

ഡോ. ശ്രീവത്സന്‍, എ.ഐ.എച്ച്.എം.എസ് സ്ഥാപകന്‍

ജനസംഖ്യ വര്‍ധിക്കുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യവികസനം അതിനനുസരിച്ച് നടക്കുന്നില്ല. കേരളത്തില്‍ നഗരവത്കരണം വ്യാപിക്കുകയാണ്. എന്നാല്‍ ഇതത്രയും ആശാസ്ത്രീയമാണ്. മാലിന്യ നിര്‍മാര്‍ജനത്തിനും ജലശുദ്ധീകരണത്തിനുമൊന്നുമുള്ള മാര്‍ഗം കാണാതെയാണ് നഗരവത്കരണം വ്യാപിക്കുന്നത്.

മാറിവരുന്ന സര്‍ക്കാറുകള്‍ ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ല. പ്രത്യേക പാര്‍ട്ടി എന്നു പറഞ്ഞ് ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. എല്ലാവരും ഒരുപോലെയാണ്. ഒരു വര്‍ഷം പകര്‍ച്ചവ്യാധികാരണം കുറേയാളുകള്‍ മരിച്ചാല്‍ അടുത്ത മൂന്ന് നാല് വര്‍ഷം നന്നായി ശ്രദ്ധിക്കും. അത് കഴിഞ്ഞാല്‍ ആരോഗ്യമന്ത്രാലയവും ജനങ്ങളും എല്ലാം മറക്കും. സ്ഥിതി പഴയതുപോലെയാവും.

പിന്നെ കാലാവസ്ഥയിലും ജീവിത രീതിയിലുമെല്ലാം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഇത് അണുക്കളുടെ വ്യാപനം വര്‍ധിപ്പിക്കുന്നു. ചികിത്സയുടെ കാര്യത്തില്‍ അലോപ്പതി, ഹോമിയോപ്പതി, ആയുര്‍വേദം എന്നീ ചികിത്സാ മേഖലകളില്‍ ഐക്യം കാണുന്നില്ല.

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തനം നടത്താന്‍ ഒരു പ്രത്യേക ബോഡി രൂപീകരിക്കേണ്ടതുണ്ട്. ഇതില്‍ ആരോഗ്യപ്രവര്‍ത്തകരും ഡോക്ടര്‍മാരും രാഷ്ട്രീയപ്രവര്‍ത്തകരും അംഗങ്ങളാവണം. ഒരോ പ്രദേശത്തും ഇത്തരം സംഘം അത്യാവശ്യമാണ്. ആ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം ഇവരുടെ ഉത്തരവാദിത്തമാകണം. വീടും പരിസരവും പരിശോധിച്ച് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ശുദ്ധമായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാനുമുള്ള നിര്‍ദേശം നല്‍കണം. ഇതിലൂടെയേ പകര്‍ച്ച വ്യാധികള്‍ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ.

Advertisement