'ചോദ്യം ചോദിക്കലല്ല, വിവാദമുണ്ടാക്കലാണ് നിങ്ങളുടെ ലക്ഷ്യം'; ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് ഇ. പി ജയരാജന്‍
Kerala News
'ചോദ്യം ചോദിക്കലല്ല, വിവാദമുണ്ടാക്കലാണ് നിങ്ങളുടെ ലക്ഷ്യം'; ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് ഇ. പി ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 1:09 pm

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരോട് ക്ഷോഭിച്ച് വ്യവസായമന്ത്രി ഇ. പി ജയരാജന്‍. പ്രതിപക്ഷവും ചില മാധ്യമങ്ങളും എല്ലാക്കാലത്തും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്താനാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അസന്റില്‍ നിരവധി നിക്ഷേപ പ്രൊപോസലുകള്‍ വന്നിട്ടുണ്ടെന്നും അതില്‍ നിന്ന് പരിശോധിച്ച് കാര്യങ്ങള്‍ ചെയ്ത് നിശ്ചയിക്കുകയാണ് ചെയ്യുകയെന്നും ധാരണാ പത്രത്തെ സംബന്ധിച്ച് ജയരാജന്‍ പറഞ്ഞു.

ഏത് സാഹചര്യത്തിലാണ് ധാരണാ പത്രം റാദ്ദാക്കിയതെന്ന ചോദ്യത്തിന് ചോദ്യം ചോദിക്കലല്ല നിങ്ങളുടെ ലക്ഷ്യമെന്നും വിവാദമുണ്ടാക്കലാണെന്നുമായിരുന്നു മന്ത്രി മറുപടി പറഞ്ഞത്.

‘ധാരണാപത്രം സംബന്ധിച്ച് അറിയാന്‍ വേണ്ടിയിട്ടല്ല നിങ്ങള്‍ ചോദിക്കുന്നത്. നിങ്ങളുടെ ലക്ഷ്യം വിവാദമുണ്ടാക്കലാണ്. ഈ സര്‍ക്കാരിനെ കളങ്കപ്പെടുത്താനായി ബോധപൂര്‍വ്വം തന്നെ ചില ചാനലുകാര്‍ പുറപ്പെട്ടിട്ടുണ്ട്. നിങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരവേല നാടിന് ഗുണം ചെയ്യുന്നതല്ല, അത് നിങ്ങള്‍ മനസിലാക്കണം.

എന്റെ അടുത്ത് ഈ കമ്പനിയുടെ രണ്ട് പേര്‍ വന്നു, ആരെയും എനിക്ക് വ്യക്തിപരമായി അറിയുകയോ ഇതുവരെ കണ്ടിട്ടുമില്ല. അവര്‍ വന്നിട്ട് എന്റെ മുന്നില്‍ ഒരു പേപ്പര്‍ സമര്‍പ്പിച്ചു. അപ്പോള്‍ അവര്‍എന്നോട് പറഞ്ഞത് അവര്‍ വരുന്നത് പ്രതിപക്ഷ നേതാവിന്റെ അടുത്ത് നിന്നാണ് എന്നാണ്. ഇപ്പോള്‍ ഇതാ പ്രതിപക്ഷ നേതാവാണ് ഇതിന്റെ കോപ്പി ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. ഇതെല്ലാം എങ്ങനെ വന്നു എന്നത് നിങ്ങള്‍ അന്വേഷിച്ച് കണ്ടുപിടിക്ക്,’ എന്നും ജയരാജന്‍ പറഞ്ഞു.

ബ്ലാക്ക് മെയില്‍ ഉണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് പറഞ്ഞ മാധ്യമപ്രവര്‍ത്തകരോട് സര്‍ക്കാരിന് ഇപ്പോള്‍ അതല്ല പണി എന്നായിരുന്നു ജയരാജന്‍ പറഞ്ഞത്.

തങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ഈ രാജ്യത്ത് ചെയ്യാനുണ്ട്. എന്നാല്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ് മാധ്യമ പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപകര്‍ വരുന്ന സമീപനത്തെ സ്വീകരിക്കുന്ന നടപടിയേ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളു എന്നും വ്യവസായമന്ത്രി പറഞ്ഞു. ഇനിയും നിക്ഷേപകര്‍ വരുമെന്നും നിക്ഷേപം തുടരുമെന്നും വ്യാവസായികമാക്കി മാറ്റുമെന്നും ജയരാജന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് വേണ്ടാത്ത കാര്യങ്ങളില്‍ പ്രതികരിച്ച് സമയം കളയാന്‍ സമയം ഇല്ലെന്നും ജയരാജന്‍ പറഞ്ഞു.

പ്രതിപക്ഷം ഒരു കള്ളവും പുറത്ത് കൊണ്ട് വന്നിട്ടില്ലെന്നും അവര്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: EP Jayarajan response over deep-sea trolling Controversy