എഡിറ്റര്‍
എഡിറ്റര്‍
മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാന്‍ വേണ്ടിയല്ല രാജിവെച്ചത്; എളിയ പ്രവര്‍ത്തകനായി തുടരും: ഇ.പി ജയരാജന്‍
എഡിറ്റര്‍
Thursday 28th September 2017 11:17am

 

കോട്ടയം: അധികാരത്തിലേക്ക് തിരിച്ചുവരാന്‍ വേണ്ടിയല്ല താന്‍ രാജിവെച്ചതെന്ന് ഇ.പി ജയരാജന്‍ എം.എല്‍.എ. എളിയ രാഷ്ട്രീയ പ്രവര്‍ത്തകനായി തുടരാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ബന്ധുനിയമന കേസില്‍ ഹൈക്കോടതി വിധി വന്ന സാഹചര്യത്തിലാണ് ജയരാജന്റെ പ്രതികരണം.

ആരോപണം ഉയര്‍ന്നശേഷം അധികാരത്തില്‍ പിന്നെയും കടിച്ചുതൂങ്ങിയിരുന്നെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ക്കു തോന്നുന്ന സ്‌നേഹം ഉണ്ടാകുമായിരുന്നില്ല. അന്നത്തെ സാഹചര്യം നന്നായി മനസിലാക്കിയശേഷമാണ് രാജിയെന്ന തീരുമാനമെടുത്തതെന്നും ജയരാജന്‍ വിശദീകരിച്ചു.

രാഷ്ട്രീയ പ്രവര്‍ത്തനം തുടരും. എന്നാല്‍ മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. തന്റെ മേലുള്ള ആരോപണത്തില്‍ നിന്നും കുറ്റവിമുക്തനാകുകയെന്നതായിരുന്നു ലക്ഷ്യം. അതിനുവേണ്ടിയാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.


Don’t Miss: രാമലീലയില്‍ ദിലീപേട്ടന്റെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു, ഇപ്പോഴും: പ്രയാഗ മാര്‍ട്ടിന്‍


സത്യവും നീതിയും ജയിക്കും. ആരോടും ശത്രുതയില്ല, എല്ലാവരുമായി നല്ലബന്ധം സ്ഥാപിച്ചു പോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജയരാജനെതിരെയുള്ള ബന്ധുനിയമനക്കേസ് കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയരാജന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതി നടപടി. കേസുമായി മുന്നോട്ടുപോകാന്‍ തെളിവൊന്നുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി.

Advertisement