വിമാനത്തില്‍ പ്രതിഷേധിച്ചവരെ തള്ളിയിട്ടതില്‍ ഇ.പി. ജയരാജന് യാത്രാ വിലക്ക്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്ക്
Kerala News
വിമാനത്തില്‍ പ്രതിഷേധിച്ചവരെ തള്ളിയിട്ടതില്‍ ഇ.പി. ജയരാജന് യാത്രാ വിലക്ക്; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th July 2022, 10:03 am

തിരുവനന്തപുരം: വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക്. ഇന്‍ഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക്.
മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീനും നവീന്‍ കുമാറിനും യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.

ഇവര്‍ക്ക് രണ്ടാഴ്ചയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, ഇങ്ങനെയൊരു അറിയിപ്പ് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് സംഭവത്തില്‍ ഇ.പി. ജയരാജന്റെ പ്രതികരണം.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഇ.പി. ജയരാജന്‍ യൂത്ത് കോണ്‍ഗ്രസുകാരെ തള്ളിവീഴ്ത്തുന്ന ദൃശ്യം പ്രചരിച്ചിരുന്നു. സംഭവം വന്‍ വിവാദത്തിന് വഴിയൊരുക്കുകയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദ്, നവീന്‍കുമാര്‍, സുനിത് നാരായണന്‍ എന്നിവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

പ്രതികള്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം കുറക്കാനാണ് ജയരാജനെതിരായ പരാതി എന്ന് ബോധ്യമായതിനാല്‍ കേസില്ലെന്നായിരുന്നു നിയമസഭയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.