| Saturday, 28th January 2012, 2:46 pm

പരിപ്പുവട പഴകിയെന്ന് വീണ്ടും ജയരാജന്‍; ബിരിയാണി നിത്യവസന്തമെന്ന് മജീദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സി.പി.ഐ.എമ്മിന്റെ പരിപ്പുവടയും കട്ടന്‍ ചായയും മുസ്‌ലിം ലീഗിന്റെ ബിരിയാണിയും വീണ്ടും വാര്‍ത്തയില്‍. പരിപ്പുവടയും കട്ടന്‍ ചായയും കൊണ്ട് മാത്രം പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന തന്റെ പഴയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നതായി സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ പറഞ്ഞു. എസ്.എഫ്.ഐ മീഡിയാ സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” പഴയത് പോലെയല്ല ഇന്നത്തെ കാലഘട്ടം. പഴയ കാലഘട്ടം എന്ന് പറയുമ്പോള്‍, നമ്മുടെ മാധ്യമ സുഹൃത്തുക്കള്‍ക്ക് കട്ടന്‍ ചായയും പരിപ്പുവടയും എന്ന് ഞാന്‍ മുമ്പ് പറഞ്ഞത് വലിയ വിഷയമായിരുന്നു. അതൊരു വസ്തുതയാണ്. ഒരുപാട് കാലഘട്ടം പിന്നിട്ടുകഴിഞ്ഞു. ഇന്ന് മനുഷ്യന്റെ ബുദ്ധിപരമായ വളര്‍ച്ചയുടെ കാലമാണ്, കുതിപ്പിലാണ്. പ്രത്യേകിച്ച് ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍ വളര്‍ച്ചയുണ്ടായി. ശാസ്ത്ര സാങ്കേതിക രംഗത്ത് വന്‍ കുതിപ്പുണ്ടായത് മാധ്യമ രംഗത്താണ്. വിവര സാങ്കേതിക വിദ്യയുടെ ഏറ്റവും വിപുലമായ രംഗം രൂപീകരിക്കപ്പെട്ടത് വാര്‍ത്താ വിനിമയ രംഗത്താണ്”- ഇതായിരുന്നു ജയരാജന്റെ പ്രസ്താവന.

അതേസമയം റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടറില്‍ പങ്കെടുത്തുകൊണ്ടാണ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ബിരിയാണിയെക്കുറിച്ച് സംസാരിച്ചത്. ബിരിയാണിയെക്കുറിച്ചുള്ള ചോദ്യത്തോട് ചിരിയോടെയാണ് മജീദ് പ്രതികരിച്ചത്. സി.പി.ഐ.എമ്മിന്റെ കട്ടന്‍ചായയും പരിപ്പുവടയും പോലെയല്ല ലീഗിന്റെ ബിരിയാണിയെന്ന് അദ്ദേഹം പറഞ്ഞു.

” ഭക്ഷണം ഒരു പ്രധാന ഘടകമാണ്. ഞങ്ങളുടെ കാര്യത്തില്‍ ബിരിയാണി, ചര്‍ച്ച, തീരുമാനം എന്നാണ്. തീരുമാനമെടുത്താല്‍ പിന്നെ മാറ്റമില്ല. ബിരിയാണിയെക്കുറിച്ച് ഞങ്ങള്‍ക്ക് ഒരു ആക്ഷേപവുമില്ല. ലീഗിന് ബിരിയാണി നിര്‍ബന്ധ ഘടകമല്ല, മറിച്ച് അവശ്യഘടകമാണ്. സി.പി.ഐ.എമ്മിന്റെ കട്ടന്‍ചായയും പരിപ്പുവടയും കാലത്തിനനുസരിച്ച് മാറും. എന്നാല്‍ ലീഗിന്റെ ബിരിയാണി അങ്ങിനെയല്ല. എന്നും നിലനില്‍ക്കും. നിത്യവസന്തമാണത്- മജീദ് വ്യക്തമാക്കി.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more