യേശുവും ഗാന്ധിയും രക്തസാക്ഷികള്‍, ഗാന്ധി പാലത്തില്‍ നിന്ന് വീണ് മരിച്ചതാണോ? പാംപ്ലാനിയുടെ പരാമര്‍ശത്തിനെതിരെ ഇ.പി.ജയരാജന്‍
Kerala News
യേശുവും ഗാന്ധിയും രക്തസാക്ഷികള്‍, ഗാന്ധി പാലത്തില്‍ നിന്ന് വീണ് മരിച്ചതാണോ? പാംപ്ലാനിയുടെ പരാമര്‍ശത്തിനെതിരെ ഇ.പി.ജയരാജന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st May 2023, 1:38 pm

കണ്ണൂര്‍: രക്തസാക്ഷികളെ അവഹേളിച്ച തലശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരമാര്‍ശത്തിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാളില്‍ നിന്നും ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും ഇ.പി. ജയരാജയന്‍ പറഞ്ഞു. ഗാന്ധിയും യേശുവും രക്തസാക്ഷികളാണ്, ഗാന്ധി പാലത്തില്‍ നിന്ന് വീണ് മരിച്ചതാണോ എന്നും ജയരാജന്‍ ചോദിച്ചു.

‘എങ്ങനെയാണ് രക്തസാക്ഷികളെ അപമാനിക്കാന്‍ തോന്നുന്നത്. പൊതുരംഗത്ത് പൊതുതാത്പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരെ വര്‍ഗ്ഗ ശത്രുക്കള്‍ ഇല്ലായ്മ ചെയ്യുന്നതിനെയാണ് നമ്മള്‍ രക്തസാക്ഷിത്വം എന്ന് വിളിക്കുന്നത്. അതില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലും മതവിഭാങ്ങളിലും പെട്ടവരുണ്ട്. പൊതുജനങ്ങള്‍ക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ എങ്ങനെയാണ് അപമാനിക്കാന്‍ തോന്നുന്നത്. തലശ്ശേരി ബിഷപ്പ് പറഞ്ഞിട്ടുള്ളത് തെറ്റായ നടപടിയാണ്. അത് ക്രിസ്തീയ മതവിഭാഗത്തിന് കൂടി എതിരായിട്ടുള്ളതാണ്.

ന്യൂനപക്ഷവിഭാഗത്തിന് മുന്നില്‍ ഒരുപാട് പ്രശ്‌നങ്ങളുള്ളപ്പോള്‍ നാടിന് വേണ്ടി രക്തസാക്ഷികളെ അപമാനിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. യേശുദേവനും പാവപ്പട്ടവര്‍ക്കും പട്ടിണികിടക്കുന്നവര്‍ക്കും വേണ്ടി ജീവിതം ഹോമിച്ച രക്തസാക്ഷിയായിരുന്നു. അങ്ങനെയുള്ള രക്തസാക്ഷികളെ ഇങ്ങനെ അപമാനിക്കാന്‍ എന്താണ് കാരണമെന്ന് മനസിലാകുന്നില്ല. ബിഷപ്പ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു,’ ഇ.പി.ജയരാജന്‍ കണ്ണൂരില്‍ പറഞ്ഞു.

ഇന്നലെ ചെറുപുഴയില്‍ നടന്ന കെ.സി.വൈ.എം യുവജനദിനാഘോഷത്തില്‍ വെച്ചാണ് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രക്തസാക്ഷികളെ അപമിനക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയത്. രാഷ്ട്രീയ രക്തസാക്ഷികള്‍ കണ്ടവനോട് അനാവശ്യമായി കലഹിക്കാന്‍ പോയി മരിച്ചവരാണെന്നും ചിലര്‍ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണ് മരിച്ചവരാണെന്നുമാണ് അദ്ദഹം പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ ഈ പ്രസ്താവനക്കെതിരെ ആദ്യമായി പ്രതകരിച്ച രാഷ്ട്രീയ നേതാവ് കൂടിയാണ് ഇ.പി.ജയരാജന്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച പ്രതികരണം ആരഞ്ഞിരുന്നു എങ്കിലും പാംപ്ലാനിയുടെ പരാമര്‍ശം ശ്രദ്ധയില്‍പെട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

content highlights; EP Jayarajan against Pamplani’s remarks