മണികര്‍ണികയെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെതിരെ കങ്കണയുടെ ആരോപണം; മാപ്പു പറഞ്ഞ് നിര്‍മ്മാണ കമ്പനി
indian cinema
മണികര്‍ണികയെ കുറിച്ച് ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകനെതിരെ കങ്കണയുടെ ആരോപണം; മാപ്പു പറഞ്ഞ് നിര്‍മ്മാണ കമ്പനി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th July 2019, 9:16 pm

മുംബൈ: ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ നടി കങ്കണ റണാവത്ത് അധിക്ഷേപവും ആരോപണവും ഉന്നയിച്ചതില്‍ മാപ്പു പറഞ്ഞ് നിര്‍മ്മാണ കമ്പനി. കങ്കണയുടെ പുതിയ സിനിമയായ ‘ജഡ്ജ്‌മെന്റല്‍ ഹൈ ക്യാ’ എന്ന സിനിമയുടെ പ്രെമോഷന് ഇടയായിരുന്നു സംഭവം.

കങ്കണയുടെ ചിത്രമായ മണികര്‍ണികയെ കുറിച്ച് ചോദ്യം ചോദിച്ചതിനെ തുടര്‍ന്നായിരുന്നു കങ്കണ ആരോപണവുമായി രംഗത്തെത്തിയത്. ഇതോടെ നടിക്കെതിരെ എന്റര്‍ടൈന്‍മെന്റ് ജേര്‍ണലിസ്റ്റുകളുടെ സംഘടന ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തെത്തി.

ഇതിനെ തുടര്‍ന്ന് പ്രസ്താവന ഇറക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് ഏക്താ കപൂറിന് മാധ്യമപ്രവര്‍ത്തകരുടെ സംഘടന കത്തെഴുതിയിരുന്നു. തുടര്‍ന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ ബാലാജി ടെലിഫിലിംസ് മാപ്പ് പറഞ്ഞ് കൊണ്ട് രംഗത്ത് വരികയായിരുന്നു.

ഉറി ആക്രമണത്തിന് ശേഷം ശബ്‌നം ആസ്മി പാകിസ്ഥാനില്‍ പരിപാടി സംഘടിപ്പിച്ചതിനെതിരെ വിമര്‍ശനമുന്നയിച്ച കങ്കണ എന്തുകൊണ്ടാണ് മണികര്‍ണിക പാകിസ്ഥാനില്‍ റിലീസ് ചെയ്തതെന്ന ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകന് നേരെയായിരുന്നു നടിയുടെ അധിക്ഷേപം.

തന്റെ സിനിമയെ മന:പൂര്‍വം അധിക്ഷേപിക്കുകയാണെന്നും ‘മണികര്‍ണിക: ദ ക്വീന്‍ ഓഫ് ത്സാന്‍സി എന്ന ചിത്രത്തെ മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റിലൂടെ വിമര്‍ശിച്ചില്ലേയെന്നും നടി ആരോപിച്ചു.താനുമായി സിനിമയ്ക്ക് വേണ്ടി മൂന്ന് മണിക്കൂറോളം വാനില്‍ അഭിമുഖം നടത്തിയെന്നും ഒരുമിച്ച് ഉച്ച ഭക്ഷണം കഴിച്ചുവെന്നും കങ്കണ ആരോപിച്ചു. അന്ന് തങ്ങള്‍ സുഹൃത്തുക്കളായിരുന്നുവെന്നും പിന്നീട് അവസ്ഥ മാറിയെന്നും കങ്കണ പറഞ്ഞു. ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ തനിക്കെതിരെ ക്യാംപെയ്‌നിങ്ങ് നടത്തുകയാണെന്നും കങ്കണ പറഞ്ഞു.

എന്നാല്‍ മണികര്‍ണികയെ സംബന്ധിച്ച് താന്‍ ഒരു ട്വീറ്റ് പോലും ചെയ്തില്ലെന്നും കങ്കണയുമായി പറയപ്പെടുന്ന രീതിയില്‍ ഒരു രീതിയിലുള്ള അഭിമുഖമോ ഡിന്നര്‍ കഴിച്ചില്ലെന്നും മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. തുടര്‍ന്ന് ഫോണിലൂടെ മാധ്യമ പ്രവര്‍ത്തകന്‍ ചാറ്റ് ചെയ്‌തെന്ന വാദവും നിഷേധിച്ച മാധ്യമ പ്രവര്‍ത്തകന്‍ അത് വ്യക്തമാക്കുന്ന സ്‌ക്രീന്‍ ഷോട്ട് പരസ്യമായി കാണിക്കാന്‍ കങ്കണയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.