കടുവാക്കുന്നേല്‍ കുറുവാച്ചന്‍ 20 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി താന്‍ ഉണ്ടാക്കിയത്; കുറുവാച്ചന്‍ കോട്ടയത്ത് ജീവിച്ചിരിക്കുന്ന വ്യക്തിയെന്നും രഞ്ജി പണിക്കര്‍
Malayalam Cinema
കടുവാക്കുന്നേല്‍ കുറുവാച്ചന്‍ 20 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി താന്‍ ഉണ്ടാക്കിയത്; കുറുവാച്ചന്‍ കോട്ടയത്ത് ജീവിച്ചിരിക്കുന്ന വ്യക്തിയെന്നും രഞ്ജി പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th July 2020, 8:30 pm

കൊച്ചി:കടുവാക്കുന്നേല്‍ കുറുവാച്ചനുമായി ബന്ധപ്പെട്ട വിവാദവും തര്‍ക്കവും പുതിയ വഴിത്തിരിവിലേക്ക്. കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്ന കഥാപാത്രം 20 വര്‍ഷം മുമ്പ് മോഹന്‍ലാലിന് വേണ്ടി തയ്യാറാക്കിയ സിനിമയിലെ കഥാപാത്രമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധയാകനും അഭിനേതാവും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍.

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങാനിരുന്ന വ്യാഘ്രത്തിലേക്കാണ് ഈ കഥാപാത്രത്തെ തീരുമാനിച്ചിരുന്നത്. പ്ലാന്റര്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിരുന്നു. ചില കാരണങ്ങളാല്‍ സിനിമ നടന്നില്ല. കാരണങ്ങളെന്തെന്ന് വ്യക്തമല്ല. എന്നാല്‍ കടുവാക്കുന്നേല്‍ കുറുവാച്ചന്‍ എന്നത് ആരുടേയും കഥാപാത്ര സൃഷ്ടിയല്ലെന്നും ഇപ്പോഴും കോട്ടയത്ത് ജീവിച്ചിരിക്കുന്ന ആളാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.  മനോരമ ഓണ്‍ലെെനിനോട് ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ ഒരു സാങ്കല്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായില്‍ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ് അദ്ദേഹം. ഏകദേശം 20 വര്‍ഷം മുമ്പ് അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ സിനിമയാക്കാന്‍ പോന്നതാണെന്നു ഞാന്‍ തിരിച്ചറിയുന്നത്. ഒരു സിനിമയ്ക്കു ചേര്‍ന്ന കഥാപാത്രവും കഥാപരിസരങ്ങളും. അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞങ്ങള്‍ അന്ന് ഒരുമിച്ച് സിനിമകള്‍ ചെയ്തിരുന്ന കാലമായിരുന്നു. വ്യാഘ്രം എന്ന ടൈറ്റിലില്‍ പ്ലാന്റര്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചെങ്കിലും പിന്നീട് പല കാരണങ്ങളാല്‍ അതു നടന്നില്ല. – രഞ്ജി പണിക്കര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ്, ഇപ്പോള്‍ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയില്‍ ഇങ്ങനെയൊരു സിനിമ ചെയ്യുന്നതിനെ കുറിച്ച് പറയുന്നത്. ആ കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യുന്നതില്‍ വിരോധം ഉണ്ടോ എന്ന് ഷാജി ചോദിച്ചിരുന്നു. ഷാജി ആയതുകൊണ്ട് ഞാന്‍ സമ്മതിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്ന വാദങ്ങള്‍ പോലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ ഇവര്‍ ആരും സൃഷ്ടിച്ച കഥാപാത്രമല്ല. ആ രണ്ടു സിനിമകളുടെയും തിരക്കഥാകൃത്തുക്കള്‍ തമ്മില്‍ ആ വിഷയം തീര്‍ക്കട്ടെ. പക്ഷേ ആരെങ്കിലും ആ കഥാപാത്രം താന്‍ സ്വയം സൃഷ്ടിച്ചതാണ് എന്ന് പറഞ്ഞാല്‍ അടിസ്ഥാനരഹിതമാണ്. ഞാന്‍ ഇതില്‍ മറ്റു അവകാശവാദങ്ങള്‍ ഉന്നയിക്കാത്തത് ആര്‍ക്കും ഇത്തരം പശ്ചാത്തലത്തില്‍ സിനിമ എടുക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നു ബോധ്യമുള്ളതിനാലാണ്. പക്ഷേ കുറുവച്ചന്‍ എന്ന് കഥാപാത്രത്തിന് ആ പേരിട്ടതും രൂപം കൊടുത്തതും ഞാനാണ്. എന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ 250ാം ചിത്രമായി പ്രഖ്യാപിച്ച ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്. പൃഥ്വിരാജിനെ നായകനാക്കി ഷാജികൈലാസ് സംവിധാനം ചെയ്യാനിരിക്കുന്ന കടുവ എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ച് എടുത്തതെന്ന വാദത്തിനെ തുടര്‍ന്നാണ് കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു സുരേഷ് ഗോപി ചിത്രം നിര്‍മ്മിക്കാനിരുന്നത്. നേരത്തെ പൃഥ്വിയെ നായകനാക്കി കടുവ സിനിമ ഷാജി കൈലാസ് പ്രഖ്യാപിച്ചിരുന്നു.

കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിന്റെ പേര് കോപ്പിറൈറ്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതിന്റെ രേഖകള്‍ ജിനു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം പൃത്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ച് കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നിരുന്നു.

ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കോവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നെന്നും സുരേഷ്‌ഗോപി ചിത്രത്തിന്റെ സംവിധായകനായ മാത്യുസ് തോമസ് തന്റെ മുന്‍ ചിത്രങ്ങളില്‍ സംവിധാന സഹായി ആയിരുന്നു എന്നും ജിനു ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു.

ഷിബിന്‍ ഫ്രാന്‍സിസ് ആണ് ഇതിന്റെ തിരക്കഥ. പൃത്വിരാജ് നായകനായ ആദം ജോണാണ് ജിനു ഏബ്രഹാം സംവിധാനം ചെയ്ത ആദ്യ ചിത്രം. ലണ്ടണ്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥയും ഒരുക്കി. ഹര്‍ജിക്കാരന് വേണ്ടി അഡ്വ.ബിനോയി കെ. കടവന്‍ കോടതിയില്‍ ഹാജരായി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ