സംശയമെന്ത്, ബാറ്റര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവന്‍ തന്നെ; സെമിക്ക് മുമ്പ് ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ഇംഗ്ലണ്ട് നായകന്‍
Sports News
സംശയമെന്ത്, ബാറ്റര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവന്‍ തന്നെ; സെമിക്ക് മുമ്പ് ഇന്ത്യന്‍ താരത്തെ പുകഴ്ത്തി ഇംഗ്ലണ്ട് നായകന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 9th November 2022, 3:01 pm

ടി-20 ലോകകപ്പിനുള്ള സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് തുക്കമായിരിക്കുകയാണ്. ആദ്യ സെമി ഫൈനലില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് ഇന്ത്യയെ നേരിടും. അഡ്‌ലെയ്ഡില്‍ വെച്ചാണ് ഇന്ത്യ – ഇംഗ്ലണ്ട് മത്സരം നടക്കുന്നത്.

ഇന്ത്യ – ഇംഗ്ലണ്ട് ക്ലാഷിന് മുമ്പ് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലടക്കം ശ്രദ്ധയാര്‍ജിക്കുന്നത്. ബാറ്റര്‍ ഓഫ് ദി ടൂര്‍ണമെന്റായി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് തെരഞ്ഞെടുക്കപ്പെടുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിലായിരുന്നു ബട്‌ലര്‍ ഇക്കാര്യം പറഞ്ഞത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് സൂര്യകുമാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇതുവരെ നടന്ന മത്സരങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബാറ്റര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആവാന്‍ യോഗ്യന്‍ സ്‌കൈ ആണെന്നും ബട്‌ലര്‍ പറയുന്നു.

‘അതെ അവന്‍ മികച്ച താരമാണ്, അവന്റെ കളി കണ്ടിരിക്കാന്‍ തന്നെ രസമാണ്. അല്ലേ? ടൂര്‍ണമെന്റിലെ ഇതുവരെയുള്ള പ്രകടനം അടിസ്ഥാനമാക്കുകയാണെങ്കില്‍ അവനായിരിക്കും ബാറ്റര്‍ ഓഫ് ദി ടൂര്‍ണമെന്റ് എന്നാണ് എനിക്ക് തോന്നുന്നത്.

സ്വാതന്ത്ര്യത്തോടെ കളിക്കുന്നു എന്നത് തന്നെയാണ് അവന്റെ ഏറ്റവും വലിയ ശക്തിയെന്നാണ് എനിക്ക് തോന്നുന്നത്. അവന്റെ പക്കല്‍ എല്ലാ തരത്തിലുമുള്ള ഷോട്ടുകളുമുണ്ട്. അവന്‍ ആ ഷോട്ടുകളെല്ലാം തന്നെ കളിക്കാറുമുണ്ട്. അവന്‍ ഫ്രീയായാണ് കളിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്.

 

ലോകത്തിലെ ഏതൊരു ബാറ്ററെയും പോലെ അവനും വിക്കറ്റ് നഷ്ടപ്പെടുത്തും. അതിനുള്ള വഴിയാണ് ഞങ്ങള്‍ കണ്ടുപിടിക്കേണ്ടത്. അവനെ പോലെ തന്നെയുള്ള മികച്ച ബാറ്റര്‍മാര്‍ ഇന്ത്യക്കുണ്ടെന്നാണ് ഞാന്‍ കരുതുന്നത്,’ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഫൈനല്‍ മത്സരം നടക്കാതിരിക്കാന്‍ തങ്ങള്‍ ആവുന്നതും ശ്രമിക്കുമെന്നും അഡ്‌ലെയ്ഡില്‍ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

നവംബര്‍ പത്തിനാണ് ഇന്ത്യ – ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം. ജയിക്കുന്ന ടീം നവംബര്‍ 13ന് മെല്‍ബണില്‍ വെച്ച് നടക്കുന്ന പാകിസ്ഥാന്‍ – ന്യൂസിലാന്‍ഡ് മത്സരത്തിലെ വിജയികളെ നേരിടും.

ഇന്ത്യ സ്‌ക്വാഡ്:

കെ.എല്‍. രാഹുല്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍) വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ആര്‍. അശ്വിന്‍, അര്‍ഷ്ദീപ് സിങ്, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവി ബിഷ്‌ണോയ്, ഷര്‍ദുല്‍ താക്കൂര്‍, യൂസ്വേന്ദ്ര ചഹല്‍

ഇംഗ്ലണ്ട് സ്‌ക്വാഡ്:

അലക്‌സ് ഹേല്‍സ്, ഡേവിഡ് മലന്‍, ഹാരി ബ്രൂക്, ബെന്‍ സ്‌റ്റോക്‌സ്, ക്രിസ് വോക്‌സ്, ലിയാം ഡോവ്‌സണ്‍, ലിയാം ലിവിങ്‌സ്റ്റണ്‍, മോയിന്‍ അലി, സാം കറന്‍, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫില്‍ സോള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ക്രിസ് ജോര്‍ദന്‍, ഡേവിഡ് വില്ലി, ലൂക് വുഡ്, മാര്‍ക് വുഡ്, റിച്ചാര്‍ഡ് ഗ്ലീസണ്‍, ടൈമല്‍ മില്‍സ്

 

Content Highlight: England captain Jos Buttler praises Suryakumar Yadav