എഡിറ്റര്‍
എഡിറ്റര്‍
നടപ്പിലാക്കാത്ത സര്‍ക്കാര്‍ ഉത്തരവുകള്‍ കത്തിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രതിഷേധം
എഡിറ്റര്‍
Thursday 10th August 2017 10:03am

കാസര്‍കോട്: സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ തീരുമാനങ്ങളും നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന കലക്ട്രേറ്റ് മാര്‍ച്ച് ദുരിതബാധിതരുടെ പ്രതിഷേധം വിളിച്ചറിയിക്കുന്നതായി തീര്‍ന്നു. അതിര്‍ത്തിയുടെ പേരില്‍ പിന്തള്ളപ്പെട്ട ദുരിതബാധിതരുടെ അമ്മമാര്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ അഗ്‌നിക്കിരയാക്കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

മുനീസ അമ്പലത്തറ , നാരായണന്‍ പേരിയ, പി.മുരളിധരന്‍, ഹരി ചക്കരക്കല്ല്, പ്രേമചന്ദ്രന്‍ ചോമ്പാല, വിനോദ് പയ്യന്നൂര്‍, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, അബ്ദുള്‍ കാദര്‍ ചട്ടഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. കെ.ടി. ബിന്ദു മോള്‍, മിസിരിയ ബി,ഗീതജോണി , ജമീല.എം.പി, വിമലഫ്രാന്‍സിസ്, ചന്ദ്രാവതി.കെ, ഗോവിന്ദന്‍ കയ്യൂര്‍, എന്‍.അമ്പാടി, കെ.കെ.നായര്‍, രാജന്‍ കൈനി, ശശിധര ബെള്ളൂര്‍, ശിവകുമാര്‍ എന്‍മകജെ , ഇസ്മായില്‍ പള്ളിക്കര, സിബി കോളിച്ചാല്‍ , തങ്കൈ പാണത്തൂര്‍, ഗോവിന്ദന്‍ മാഷ്, അബ്ദുള്‍റഹ് മാന്‍ ബദിയടുക്ക, അബുബക്കര്‍ കാറടുക്ക, ശാരദ ദേലമ്പാടി എന്നിവര്‍ നേതൃത്വം നല്‍കി.

മുഴുവന്‍ ദുരിതബാധിതര്‍ക്കും സാമ്പത്തിക സഹായം നല്‍കുക , കടങ്ങള്‍ എഴുതിതള്ളുക, മെഡിക്കല്‍ കേമ്പില്‍ പരിശോധിച്ച് പട്ടിക തയ്യാറാക്കുമ്പോള്‍ അതിര്‍ത്തി ബാധകമാക്കരുത്, റേഷന്‍ കാര്‍ഡ് ബി.പി.എല്‍ ആയി പുന:സ്ഥാപിക്കുക, ട്രിബ്യൂണല്‍ സ്ഥാപിക്കുക, പുനരധിവാസം നടത്തുക, ബഡ്‌സ് സ്‌കൂളുകള്‍ മെച്ചപ്പെടുത്തുക, ഗോഡൗണുകളിലെ എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്ത് നിര്‍വീര്യമാക്കുക, നെഞ്ചംപറമ്പിലെ കിണറിലിട്ട എന്‍ഡോസള്‍ഫാന്‍ തിരിച്ചെടുക്കുക, കുടുംബത്തിലെ ഒരംഗത്തിന് ജോലി നല്‍കുക, എന്നീ ആവശ്യങ്ങളാണ് നൂറുക്കണക്കിന് ദുരിതബാധിതര്‍ പങ്കെടുത്ത മാര്‍ച്ചില്‍ ഉയര്‍ന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2016 ജനുവരി 26നു ദുരിത ബാധിതരായ അമ്മമാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റുനു മുമ്പില്‍ ‘അനിശ്ചിതകാല പട്ടിണിസമരം’ നടത്തിയിരുന്നു.

9 ദിവസം നീണ്ട സമരത്തിനൊടുവില്‍ കരാര്‍ വ്യസ്ഥകള്‍ നടപ്പിലാക്കാമെന്ന് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്യുകയും ചെയ്തിരുന്നു. ഈ ഉറപ്പുകളും ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണു ദുരിത ബാധിതര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.

Advertisement