എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍: നിരാഹാര സമരം അവസാനിപ്പിച്ചു;
എഡിറ്റര്‍
Tuesday 26th March 2013 12:50am

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിവിധ ആവശ്യങ്ങളുന്നയിച്ചു കാസര്‍ഗോഡ് 36 ദിവസമായി നടത്തിവന്ന നിരാഹാരസമരം താല്‍കാലികമായി അവസാനിപ്പിച്ചു.

ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലുണ്ടായ തീരുമാനപ്രകാരമാണ് സമരം പിന്‍വലിച്ചത്.

Ads By Google

കാസര്‍കോട് ജില്ലയിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മന്ത്രി കെ.പി. മോഹനന്റെ നേതൃത്വത്തിലുള്ള എന്‍ഡോസള്‍ഫാന്‍ സെല്‍ എന്നിവരുമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്ട് സമരസമിതി നടത്തുന്ന നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടാന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് വി. എം. സുധീരന്‍, പി. കരുണാകരന്‍ എം.പി. എന്നിവരെ ചുമതലപ്പെടുത്തി. സമരസമിതിയെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നില്ല.

ഇവരുടെ ഉറപ്പ് മുഖവിലയ്‌ക്കെടുത്തും കാസര്‍ഗോട്ടെ പൊതുസമൂഹത്തിന്റെ മനോവികാരം കണക്കിലെടുത്തുമാണ് സമരം അവസാനിപ്പിക്കുന്നതെന്ന് സമരസമിതി നേതാക്കളായ ഡോ. അംബികാസുതന്‍ മാങ്ങാട്, ടി. ശോഭന, സുബ്രഹ്മണ്യന്‍ സത്യഗ്രഹികളായ എ. മോഹന്‍ കുമാര്‍, ഗ്രോ വാസു, മോയിന്‍ ബാപു എന്നിവര്‍ അറിയിച്ചു.

സര്‍ക്കാര്‍ തീരുമാനങ്ങള്‍ സംബന്ധിച്ചു ഔദ്യോഗികമായ അറിയിപ്പ് കിട്ടാത്തതിനെ തുടര്‍ന്ന് സമരപന്തലില്‍ ഒരു മണിക്കൂറോളം ആശങ്ക നിലനിന്നിരുന്നു. ഒടുവില്‍ സമരസമിതിയും സത്യഗ്രഹികളും ചേര്‍ന്നു നടത്തിയ മാരത്തോണ്‍ ചര്‍ച്ചയുടെ ഒടുവിലാണ് സമരം തല്‍ക്കാലം അവസാനിപ്പിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ 5500 പേരുടെ കടങ്ങള്‍ക്ക് ആറുമാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. നഷ്ടപരിഹാരവും കേസുകളും കൈകാര്യം ചെയ്യാന്‍ െ്രെടബ്യൂണല്‍ സ്ഥാപിക്കണമെന്ന ആവശ്യം പഠിക്കാന്‍ പ്രത്യേക സമിതിയെയും നിയോഗിച്ചു.

പഞ്ചായത്ത് പരിധി ഉപേക്ഷിച്ച് കൂടുതല്‍ പരിശോധനാ ക്യാമ്പുകള്‍ നടത്തി മുഴുവന്‍ ദുരിതബാധിതരെയും കണ്ടെത്തണമെന്ന ആവശ്യം ചര്‍ച്ചയില്‍ അംഗീകരിച്ചിട്ടുണ്ട്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമേറ്റശേഷം നടത്തിയ രണ്ട് മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയ 1318 പേരെക്കൂടി അര്‍ഹരുടെ പട്ടികയില്‍ പെടുത്തിയതോടെയാണ് അര്‍ഹരുടെ എണ്ണം 5500 ആയി നിശ്ചയിച്ചിട്ടുള്ളത്.

5500 പേരില്‍ 2295 പേര്‍ക്ക് സംസ്ഥാന സര്‍ക്കാരും മനുഷ്യാവകാശ കമ്മീഷനും നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ ലഭിക്കും. ബാക്കി വരുന്ന 3205 പേരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കി ഏതൊക്കെ ആനുകൂല്യം നല്‍കണമെന്ന് നിശ്ചയിക്കും. ഇതിനായി വിദഗ്ധ ഡോക്ടര്‍മാരുടെ സമിതിയെ നിയോഗിച്ചു.

ഫെബ്രുവരി 18ന് ആരംഭിച്ച സമരത്തില്‍ അഞ്ചു പേരാണ് നിരാഹാരം അനുഷ്ഠിച്ചത്. എ. മോഹന്‍ കുമാര്‍ 22 ദിവസവും ഗ്രോ വാസു, മോയിന്‍ ബാപു എന്നിവര്‍ ആറ് ദിവസവും ആയി നിരാഹാരം നടത്തിവരികയായിരുന്നു. അതിനു മുമ്പ് കൃഷ്ണന്‍ പുല്ലൂര്‍, സുഭാഷ് ചീമേനി, ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവരാണ് നിരാഹാരസമരം നടത്തിയത്. സമരം തല്‍ക്കാലം അവസാനിപ്പിച്ച വിവരമറിഞ്ഞ് സമരപന്തലില്‍ ആഹ്ലാദവും മുദ്രാവാക്യം വിളികളും ഉയര്‍ന്നു. വിവിധ സംഘടനങ്ങള്‍ സമരക്കാര്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

 

Advertisement