എഡിറ്റര്‍
എഡിറ്റര്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി സമഗ്രപാക്കേജ്: മുഖ്യമന്ത്രി
എഡിറ്റര്‍
Tuesday 26th March 2013 12:45am

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമാശ്വാസമേകാന്‍ സമഗ്രമായ പാക്കേജ് നടപ്പാക്കാന്‍ ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ദുരിതബാധിതര്‍ക്ക് എന്തുസഹായും നല്‍കിയാലും മതിയാകില്ലെന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹായത്തിന് അര്‍ഹതയുള്ളവരെ കണ്ടെത്താന്‍ ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ നിയമിക്കാനും യോഗം തീരുമാനിച്ചു.

Ads By Google

അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ദുരിതബാധിതര്‍ക്ക് സഹായം ലഭിക്കില്ലെന്ന തെറ്റിദ്ധാരണയുണ്ടാകാന്‍ കാരണമായ ഉത്തരവ് റദ്ദു ചെയ്യും. ഇതു സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. കിടപ്പിലായവര്‍, മാനസികമായ വെല്ലുവിളി നേരിടുന്നവര്‍, ശാരീരികമായ വെല്ലുവിളി നേരിടുന്നവര്‍(ഡിസേബിള്‍ഡ്) എന്നിവര്‍ക്കു പുറമെ ക്യാന്‍സര്‍ ബാധിതരെക്കൂടി സഹായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും.

366 പേര്‍ കൂടി ഇത്തരത്തില്‍ ഉള്‍പ്പെടും. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ആഗസ്റ്റ് ഡിസംബര്‍ മാസങ്ങളില്‍ രണ്ട് മെഡിക്കല്‍ ക്യാമ്പ് നടത്തി 1318 ദുരിതബാധിതരെ കണ്ടെത്തിയിരുന്നു.4182 പേരാണ് മുന്‍പ് ഉണ്ടായിരുന്നത്. ദുരിതബാധിതരായി കണ്ടെത്തിയ1318 പേരെക്കൂടി ഗുണഭോക്താക്കളുടെ പട്ടികയില്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഇതോടെ ഗുണഭോക്താക്കളുടെ എണ്ണം 5500 ആകും. ഇവര്‍ക്കെല്ലാം സംസ്ഥാനസര്‍ക്കാരിന്റെ അഞ്ച് ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഒരാളെങ്കിലുമുണ്ടെങ്കില്‍ മറ്റൊരു മാനദണ്ഡവും പരിഗണിക്കാതെ ബി.പി.എല്‍ ആയി പരിഗണിക്കും. സൗജന്യ റേഷന്‍, സൗജന്യചികിത്സ, പ്രതിമാസ പെന്‍ഷന്‍, എന്നീ ആനുകൂല്യത്തിന് ഈ 5500 പേര്‍ക്കും അര്‍ഹതയുണ്ടായിരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കിടപ്പിലായവരെയും ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരെയും സഹായിക്കാനായി നില്‍ക്കുന്ന ഒരാള്‍ക്ക് ആശ്വാസകിരണ്‍ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കും.

മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദേശമനുസരിച്ച് മരിച്ചവര്‍ക്ക് അഞ്ചുലക്ഷം വീതം 734 പേര്‍ക്ക് കിട്ടാന്‍ അര്‍ഹതയുണ്ട്. 600 പേര്‍ക്ക് സഹായം നല്‍കി. ഇനി ബാക്കി 134 കൂടിയുണ്ട്. അവകാശരേഖയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന മുറയ്ക്ക് ഇവര്‍ക്ക് സഹായം നല്‍കും. കിടപ്പിലായവര്‍, മാനസികമായ വെല്ലുവിളി നേരിടുന്നവര്‍, ശാരീരികമായ വെല്ലുവിളി നേരിടുന്നവര്‍(ഡിസേബിള്‍ഡ്) എന്നിങ്ങനെയുള്ള 1613 പേര്‍ക്കു മനുഷ്യാവകാശകമ്മീഷന്റെ നിര്‍ദേശാനുസാരമുള്ള സഹായത്തിനര്‍ഹതയുണ്ട്. ഇതില്‍ 1602 പേര്‍ക്ക് സഹായം നല്‍കി. ബാക്കിയുള്ള11 പേര്‍ക്ക് ഉടന്‍ സഹായം ലഭ്യമാക്കും.

ആകെയുള്ള 5500 ദുരിതബാധിതരില്‍ ആഗസ്റ്റ് ഡിസംബര്‍ മാസത്തെ ക്യാമ്പില്‍ ദുരിതബാധിതരെന്ന് കണ്ടെത്തിയവര്‍, ക്യാന്‍സര്‍ ബാധിതര്‍, കിടപ്പിലായവര്‍, മാനസികമായ വെല്ലുവിളി നേരിടുന്നവര്‍, ശാരീരികമായ വെല്ലുവിളി നേരിടുന്നവര്‍(ഡിസേബിള്‍ഡ്) എന്നിവരുള്‍പ്പെടെ 2295 പേര്‍ക്ക് മനുഷ്യാവകാശകമ്മീഷന്‍ നിര്‍ദേശിച്ച ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള 3205 പേരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അഞ്ചുപേരടങ്ങുന്ന ഡോക്ടര്‍മാരുടെ സംഘത്തെ ചുമതലപ്പെടുത്തി.

ഡോ.കെ.പി.അരവിന്ദന്‍- ആലപ്പുഴ മെഡിക്കല്‍ കോളേജ്, ഡോ.ജയശ്രീ-പരിയാരം മെഡിക്കല്‍ കോളേജ്, ഡോ.ജയകൃഷ്ണന്‍- കോഴിക്കോട് കമ്യൂണിറ്റി മെഡിസിന്‍, ഡോമുഹമ്മദ് അഷീല്‍- എന്‍.ആര്‍.എച്ച് എം, ജില്ലാ പ്രോജക്ട് മാനേജര്‍, കാസര്‍ഗോഡ്, ഡോ.തുളസീധരന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവരാണ് വിദഗ്ധസംഘാംഗങ്ങള്‍. ആരെയെങ്കിലും അനര്‍ഹരെന്ന് കണ്ടെത്തിയാല്‍ അവരുടെ കാര്യം സര്‍വകക്ഷിയോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദുരിതബാധിതര്‍ക്ക് സൗജന്യചികിത്സ സര്‍ക്കാര്‍ ചെലവില്‍ ലഭ്യമാക്കുന്ന 12 ആശുപത്രികളാണുണ്ടായിരുന്നത്. ഇവയോടൊപ്പം കസ്തൂര്‍ബ മെഡിക്കല്‍ കോളേജ്- മാംഗ്‌ളൂര്‍ ആന്‍ഡ് മണിപ്പാല്‍, അങ്കമാലി ലിറ്റില്‍ഫ്‌ളവര്‍ ഐ ഹോസ്പിറ്റല്‍, ഗവണ്‍മെന്റ് ആയൂര്‍വേദ മെഡിക്കല്‍ കോളേജ് പരിയാരം, ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ കോളേജ് കോഴിക്കോട് എന്നിവയെക്കൂടി ഇള്‍പ്പെടുത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിബാധിതരുടെ കടം എഴുതിത്തള്ളുന്നതു സംബന്ധിച്ച നിര്‍ദേശം പഠിക്കുന്നതിന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍, ലീഡ് ബാങ്ക് മാനേജര്‍, കാസര്‍ഗോഡ് സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാര്‍, എന്‍ഡോസള്‍ഫാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെ നിയോഗിച്ചു. സമിതി മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. കടത്തിന് ആറുമാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു.

ട്രിബ്യൂണല്‍സംബന്ധിച്ചും എന്‍ഡോസള്‍ഫാന്‍ ഉത്പാദകകമ്പനിക്കെതിരെ കേസ് നടത്തുന്നത് സംബന്ധിച്ചും പഠിച്ച് നിര്‍ദേശം സമര്‍പ്പിക്കാന്‍ നിയമസെക്രട്ടറി കണ്‍വീനറായ കമ്മിറ്റിയെ നിയോഗിച്ചു. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍, അഡ്വക്കേറ്റ് ജനറല്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
എന്‍ഡോസള്‍ഫാന്‍ ബാധിതപാക്കേജില്‍ ഉള്‍പ്പെടുത്തി ഇതുമായി ബന്ധപ്പെട്ട ആശ്വാസകിരണ്‍ പദ്ധതി ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം ലഭിക്കുന്ന തുക 400 ല്‍ നിന്നും 700 ആയി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. ഈ മേഖലയിലുള്ള ഏഴ് ബഡ് സ്‌കൂളുകളില്‍ ജീവനക്കാര്‍ക്കെല്ലാം വേതനം 3500 എന്നുള്ളത് 5000 ആയി വര്‍ധിപ്പിക്കും. രണ്ട് അധ്യാപകരുള്‍പ്പെടെ അഞ്ച് ജീവനക്കാരാണ് ഓരോ സ്‌കൂളിലുമുള്ളത്. അധികമായി നല്‍കുന്ന 1500 രൂപ സര്‍ക്കാര്‍ വഹിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമായ 11 പഞ്ചായത്തുകള്‍ക്കും സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ ആംബുലന്‍സ് വാങ്ങി നല്‍കും.

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് നല്‍കിയിരുന്ന പ്രതിമാസപെന്‍ഷന്‍ എ.ടി.എം വഴി വേണമോ മണിയോര്‍ഡര്‍ വഴി വേണമോ എന്നത് ഗുണഭോക്താക്കള്‍ക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആനൂകൂല്യങ്ങളുടെ വിശദാംശങ്ങളും അര്‍ഹതാമാനദണ്ഡങ്ങളും ഉള്‍പ്പെടുത്തി പുസ്തകം തയ്യാറാക്കി പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ വഴിയും വില്ലേജോഫീസ് വഴിയും വീടുകളിലെത്തിക്കാന്‍ ജില്ലാകളക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഏരിയല്‍ സ്‌പ്രേയിംഗ് വഴി എന്‍ഡോസള്‍ഫാന്‍ തളിച്ചതിനാല്‍ സഹായം പ്ലാന്റേഷന്‍ കോര്‍പറേഷന്റെ എസ്റ്റേറ്റുണ്ടായിരുന്ന 11 പഞ്ചായത്തുകളില്‍ ഒതുക്കരുത് എന്ന നിര്‍ദേശം സര്‍ക്കാര്‍ തുറന്ന മനസ്സോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമീപ പഞ്ചായത്തുകളിലും മെഡിക്കല്‍ ക്യാമ്പ് നടത്തി അര്‍ഹതയുള്ളവരുണ്ടെങ്കില്‍ കണ്ടെത്തും.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് എല്ലാ സഹായവും നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റ് എന്തെല്ലാം ബുദ്ധിമുട്ടുണ്ടായാലും ഇതിന് പരമാവധി സഹായം നല്‍കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. കൂട്ടായ്മയിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് എല്ലാവരുടെയും സഹായസഹകരണങ്ങള്‍ മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, ഡോ.എം.കെ.മുനീര്‍, കെ.പി.മോഹനന്‍. പി.കരുണാകരന്‍ എം.പി, എം.എല്‍.എമാര്‍. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ,തദ്ദേശഭരണസ്ഥാപനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement