'കേരളത്തിലെ കമ്മ്യൂണിസത്തിന്റെ അന്ത്യം ആസന്നമായി'; പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്ന് തേജസ്വി സൂര്യ
Kerala News
'കേരളത്തിലെ കമ്മ്യൂണിസത്തിന്റെ അന്ത്യം ആസന്നമായി'; പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്ന് തേജസ്വി സൂര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd December 2022, 9:35 am

കണ്ണൂര്‍: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അന്ത്യം ആസന്നമായിക്കഴിഞ്ഞെന്ന് യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ തേജസ്വി സൂര്യ. കമ്മ്യൂണിസം വികസനത്തിന് എതിരാണ്. കണ്ണൂരില്‍ കെ.ടി. ജയകൃഷ്ണന്‍ അനുസ്മരണദിന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം.

സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന സ്വജനപക്ഷപാതവും അഴിമതിയും കെടുകാര്യസ്ഥതയും ഇവരുടെ പതനത്തിന് വഴിയൊരുക്കും. കേരളത്തില്‍ നിന്ന് കമ്മ്യൂണിസത്തെ നിര്‍മാര്‍ജനം ചെയ്യുമെന്ന് പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്നും തേജസ്വി പറഞ്ഞു.

ഉദ്യോഗസ്ഥതലത്തിലും ജുഡീഷ്യറിയിലും നിയമപാലന രംഗത്തുമെല്ലാം കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അതിപ്രസരം കേരളത്തില്‍ നടമാടുകയാണ്. ശ്യാമപ്രസാദ് മുഖര്‍ജിയും ദീനദയാല്‍ ഉപാധ്യായും വീരബലിദാനം നല്‍കി വളര്‍ത്തിയ പ്രസ്ഥാനം കേരളത്തിലും അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ലെന്നും യുവമോര്‍ച്ച നേതാവ് അഭിപ്രായപ്പെട്ടു.

കേരളത്തില്‍ നിക്ഷേപം വരുന്നില്ല. ആകെയുള്ള തൊഴില്‍ സര്‍ക്കാര്‍ ജോലി മാത്രമാണ്. അതാകട്ടെ സി.പി.ഐ.എമ്മുകാര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളു. കമ്മ്യൂണിസം വികസനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലെ പ്രമുഖ 100 സര്‍വകലാശാലകളില്‍ ഒന്നുപോലും കേരളത്തില്‍ നിന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ പരാജയമാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് വേണ്ടിയല്ല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബന്ധുക്കള്‍ക്കും ജോലി നല്‍കലാണ് പ്രധാന ഉദ്ദേശം.

ഭാരതത്തില്‍ എല്ലാ കാലത്തും വികസന പദ്ധതികളെ എതിര്‍ക്കുകയെന്നതായിരുന്നു കമ്മ്യൂണിസ്റ്റ് ചരിത്രം. നര്‍മ്മദ പദ്ധതി മുതല്‍ വിഴിഞ്ഞം പദ്ധതിയെ വരെ എതിര്‍ത്തവരായിരുന്നു ഇവര്‍. വികസനം ഉണ്ടായാല്‍ തൊഴിലുണ്ടാകും. ഇതുവഴി ദാരിദ്ര്യം നീങ്ങും. എന്നാല്‍ ദാരിദ്ര്യം നിലനിന്നാലെ കമ്മ്യൂണിസം നിലനില്‍ക്കുയെന്നതിനാല്‍ വികസനത്തെ എതിര്‍ക്കുകയാണ്.

ഭാരതീയ സംസ്‌കാരത്തിനും പൈതൃകത്തിനും എല്ലാ കാലത്തും കമ്മ്യൂണിസ്റ്റുകള്‍ എതിരായിരുന്നു. ശബരിമലയിലെ ആചാര ലംഘനത്തിനടക്കം കൂട്ടുനിന്നത് ഇതിനുദാഹരണമാണ്. സംസ്‌കാരത്തേയും ദേശീയതയേയും എതിര്‍ക്കുന്ന ഈ പാര്‍ട്ടിയെ രാജ്യത്ത് നിന്നും ഇല്ലാതാക്കാന്‍ ദേശ സ്‌നേഹികളായ ഓരോരുത്തരും അവരാല്‍ കഴിയുന്നത് ചെയ്യേണ്ടതുണ്ട്.

വാളുകൊണ്ടും അഗ്നി കൊണ്ടും കാറ്റിനാലും വെളളത്താലും നശിപ്പിക്കാനാവാത്ത ബലിദാനികളുടെ ആത്മാക്കളുടെ ശക്തി എന്നും നമ്മോടൊപ്പമുണ്ടാകും. ആ ശക്തിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് രാഷ്ട്ര വിരുദ്ധ ജനവിരുദ്ധ ശക്തികളെ ഇല്ലായ്മ ചെയ്യണം,’ തേജസ്വി പറഞ്ഞു.

അതേസമയം, ഗവര്‍ണര്‍ക്ക് മുന്നില്‍ മുഖ്യമന്ത്രി തോല്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.

മോദി നിയമിച്ച ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍. അന്യായ നീക്കങ്ങള്‍ ഗവര്‍ണര്‍ എതിര്‍ക്കുക തന്നെ ചെയ്യും. ബംഗാളിലും തെലങ്കാനയിലും ഗവര്‍ണര്‍മാര്‍ക്ക് മുന്നില്‍ സര്‍ക്കാരുകള്‍ക്ക് പരാജയപ്പെടേണ്ടി വരും. അതുപോലെ കേളത്തിലും സംഭവിക്കുമെന്ന് സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: End of commmunist ideology in kerala is near said Tejasvi Surya