എല്ലാം താറുമാറാകുമ്പോള്‍ സാത്താന്റെ കല്‍പനകള്‍ നടപ്പിലാക്കാന്‍ അവന്‍ വരും: എമ്പുരാന്‍ തിരക്കഥ പൂര്‍ത്തിയായി
Entertainment news
എല്ലാം താറുമാറാകുമ്പോള്‍ സാത്താന്റെ കല്‍പനകള്‍ നടപ്പിലാക്കാന്‍ അവന്‍ വരും: എമ്പുരാന്‍ തിരക്കഥ പൂര്‍ത്തിയായി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 26th May 2022, 3:15 pm

സിനിമാപ്രേമികള്‍ മുഴുവന്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. മുരളി ഗോപിയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്.

2023ല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് നേരത്തെ പൃഥ്വിരാജ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിരുകയാണെന്നാണ് മുരളി ഗോപി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് മുരളി ഇക്കാര്യം പുറത്ത് വിട്ടത്.

മുരളി ഗോപിയുടെ പോസ്റ്റിന് അടിയില്‍ പൃഥ്വിരാജിന്റെ കമന്റും കാണാന്‍ കഴിയും. ‘ എല്ലാം താറുമാകുമ്പോള്‍ സാത്താന്റെ കല്‍പനകള്‍ നടപ്പിലാക്കാന്‍ അവന്‍ വരും’ (‘When chaos arises and darkness descends..he will return to reset the order. The Devil’s order’) എന്നാണ് പൃഥ്വിയുടെ കമന്റ്. 2019 മാര്‍ച്ചില്‍ പുറത്ത് വന്ന ലുസിഫര്‍ മലയാളത്തിലെ തന്നെ എക്കാലെത്തും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ്.

 

മഞ്ജു വാര്യര്‍, ബോളിവുഡ് താരം വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, സായ് കുമാര്‍, നൈല ഉഷ, ഇന്ദ്രജിത് തുടങ്ങിയ വന്‍ താരനിരയായിരുന്നു ലൂസിഫറിന്റെ ഭാഗമായുണ്ടായിരുന്നത്. ഒന്നാം ഭാഗത്തിലെ മിക്ക താരങ്ങളും എമ്പുരാനിലും ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്.

നിലവില്‍ ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനിലാണ് പൃഥ്വിരാജുള്ളത്.

Content Highlights : Empuraan screenplay completed confirms Murali gopy