കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം; കണ്ണൂരിലെ ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇ.വി.എം മെഷീന്‍ നിലത്തുവീണ് പൊട്ടി
D' Election 2019
കള്ളവോട്ട് ചെയ്‌തെന്ന് ആരോപണം; കണ്ണൂരിലെ ബൂത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഇ.വി.എം മെഷീന്‍ നിലത്തുവീണ് പൊട്ടി
ന്യൂസ് ഡെസ്‌ക്
Tuesday, 23rd April 2019, 5:28 pm

കണ്ണൂര്‍: കണ്ണൂര്‍ തളിപറമ്പിലെ കുറ്റിയാട്ടൂര്‍ എല്‍.പി സ്‌ക്കൂളിലെ പോളിങ് ബൂത്തിലെ വോട്ടിംഗ് യന്ത്രം നിലത്തു വീണ് പൊട്ടി. ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് എല്‍.ഡി.എഫ് -യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഉന്തിലും തള്ളിലുമാണ് വോട്ടിംഗ് യന്ത്രം നിലത്ത് വീണ് പൊട്ടിയത്. തുടര്‍ന്ന് വോട്ടിംഗ് നിര്‍ത്തിവെച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ പോളിങ് നടക്കുന്ന മൂന്നാം ഘട്ടത്തില്‍ രാജ്യവ്യാപകമായി ഇ.വി.എം മെഷീനുകളില്‍ തകരാറുകള്‍ ഉണ്ടെന്ന് ആരോപണം ഉയരുന്നുണ്ട്.

വോട്ടെടുപ്പിനിടെ ഇന്ന് കേരളത്തിലും യു.പിയിലും ബീഹാറിലും ഗോവയിലും യന്ത്രത്തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേരളത്തില്‍ തിരുവനന്തപുരത്തും ആലപ്പുഴയിലും പത്തനംതിട്ടയിലുമാണ് യന്ത്രത്തകരാര്‍ സംഭവിച്ചതായി ആരോപണം ഉയര്‍ന്നിരുന്നത്.

തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ബി.ജെ.പിയ്ക്ക് പോയെന്നായിരുന്നു യു.ഡി.എഫ് ആരോപണം ഉന്നയിച്ചിരുന്നത്. ചേര്‍ത്തലയില്‍ മോക്ക് പോളിനിടെ വോട്ട് രേഖപ്പെടുത്തുന്നത് ബി.ജെ.പിയ്ക്കാണെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകരാണ് ആരോപണം ഉന്നയിച്ചിരുന്നത്.

ഗോവയില്‍ മോക്ക് പോളിനിടെ ആറ് വോട്ട് കിട്ടേണ്ട സ്ഥാനത്ത് ബി.ജെ.പിയ്ക്ക് 17 വോട്ടുകള്‍ കിട്ടിയതായി ഗോവ എ.എ.പി കണ്‍വീനര്‍ എല്‍വിസ് ഗോമസ് ട്വീറ്റ് ചെയ്തിരുന്നു.