വൈദ്യുതി കുത്തകകള്‍ക്ക് നല്‍കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍; നിരക്ക് കുതിച്ചുയരും
Daily News
വൈദ്യുതി കുത്തകകള്‍ക്ക് നല്‍കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍; നിരക്ക് കുതിച്ചുയരും
ന്യൂസ് ഡെസ്‌ക്
Sunday, 10th May 2015, 10:33 am

electricityന്യൂദല്‍ഹി: ഗാര്‍ഹികകാര്‍ഷിക ഉപഭോക്തൃ മേഖലയില്‍ വൈദ്യുതി ബില്ലില്‍ വന്‍ വര്‍ധനയ്ക്ക് കളമൊരുക്കുന്ന വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ പരിഗണയില്‍. വൈദ്യുതി മേഖലയില്‍ വിതരണ രംഗം മൂന്നാക്കി വൈദ്യുതി മാത്രം കുത്തക കമ്പനികള്‍ക്ക് നല്‍കുകയാണ് നിയമത്തിന്റെ കാതലായ വശം.

വൈദ്യുതി ബില്‍ ഭേദഗതിയില്‍ ലൈന്‍ സംവിധാനം പ്രത്യേക കമ്പനിയാക്കാനാണ് നിര്‍ദേശിക്കുന്നത്. ഇതുപയോഗിക്കുന്നതിനു സപ്ലൈ കമ്പനി വാടക നല്‍കും. ഇതിനിടയില്‍ മറ്റൊരു ഇടനില സ്ഥാപനവുമുണ്ടാവും. വൈദ്യുതി വില്‍ക്കാന്‍ ലൈസന്‍സ് നേടുന്ന കമ്പനി അവര്‍ വാങ്ങുന്ന/ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി നിലവിലുള്ള ലൈനുകളിലൂടെ ഉപഭോക്താക്കളിലെത്തിക്കും.

എന്നാല്‍ ലൈസന്‍സ് നേടുന്ന കമ്പനികള്‍ക്ക് വന്‍കിട ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നല്‍കാനുള്ള ബാധ്യത മാത്രമേയുള്ളൂ. ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്ന ഇവരെ കൈക്കലാക്കുന്നതോടെ വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് വന്‍ നേട്ടമുണ്ടാക്കാനാവും.

നിര്‍ദ്ദിഷ്ട വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പാര്‍ലമെന്റിന്റെ സ്റ്റാന്റിങ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.  കേരളവും തമിഴ്‌നാടും തങ്ങളുടെ എതിര്‍പ്പുകള്‍ രേഖാമൂലം സ്റ്റാന്‍ഡിങ് കമ്മിറ്റിയെ ബോധിപ്പിച്ചിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടു പോകുന്നത്.

ഭേദഗതി ബില്ലില്‍ “ലോഡ് പ്രൊഫൈല്‍” കൂടുതലുള്ളവര്‍ക്കുമാത്രം വൈദ്യുതി നല്‍കാനേ സപ്ലൈകമ്പനികള്‍ക്ക് ബാധ്യതയുള്ളൂ. ചുരുങ്ങിയത് 500 മെഗാവാട്ട് വൈദ്യുതി വേണ്ടവര്‍ക്ക് അത് നല്‍കിയാല്‍ മതിയെന്നാണ് ബില്ലിലെ വ്യവസ്ഥ. ഇതിനെതിരെ, സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ ഇടതുപക്ഷ അംഗം എം.ബി. രാജേഷ് രേഖാമൂലം വിയോജിപ്പ് പ്രകടിപ്പിച്ചു.

പാര്‍ലമെന്റിനു മുമ്പാകെയുള്ള ബില്ലിനെതിരെ കേരള, തമിഴ്‌നാട് സര്‍ക്കാറുകള്‍ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. വൈദുതിവിതരണരംഗം കുത്തകകള്‍ക്ക് തുറന്നുകൊടുക്കുന്നതോടെ സാധാരണക്കാരുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്ന് ഇരുസംസ്ഥാനങ്ങളും സഭാസമിതിയെ അറിയിച്ചിട്ടുണ്ട്.