വധശ്രമം, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍; കെ. സുരേന്ദ്രന്റെ പേരില്‍ 248 കേസുകളെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം
Kerala News
വധശ്രമം, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍; കെ. സുരേന്ദ്രന്റെ പേരില്‍ 248 കേസുകളെന്ന് തെരഞ്ഞെടുപ്പ് സത്യവാങ്മൂലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th March 2021, 9:27 am

കൊച്ചി: ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിയുമായ കെ. സുരേന്ദ്രന്റെ പേരില്‍ നിലവിലുള്ളത് 248 കേസുകളെന്ന് കണക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേസുകളുടെ എണ്ണം വ്യക്തമാക്കിയിരിക്കുന്നത്.

ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതലും. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, ലഹള നടത്തല്‍, ഭീഷണിപ്പെടുത്തല്‍, അതിക്രമിച്ചു കയറല്‍, പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തല്‍, നിയമവിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂന്ന് കേസുകളും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നാല് കേസുകളുമാണ് നിലവിലുള്ളത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് കണക്ക്.

പിണറായി വിജയനെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഒന്ന് അഴിമതി നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. നിയമവിരുദ്ധമായി സംഘം ചേര്‍ന്ന് പൊതുവഴി തടസ്സപ്പെടുത്തിയതിനാണ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാമത്തെ കേസ് ടി. നന്ദകുമാര്‍ ഫയല്‍ ചെയ്ത പാപ്പര്‍ കേസ് ആണ്.

ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മൂന്നെണ്ണം സമരങ്ങളുടെ ഭാഗമായുള്ളതും മറ്റൊന്ന് സോളാര്‍ കേസ് പ്രതി നല്‍കിയ പരാതിയിലുമാണ്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ നിലവിലുള്ള കേസുകള്‍ സ്വര്‍ണ്ണക്കടത്ത് കേസിനെതിരായ സമരം, വടക്കാഞ്ചേരി ലൈഫ്മിഷന്‍ ക്രമക്കേടിനെതിരായ സമരം, തിരുവനന്തപുരം മ്യൂസിയം, തോട്ടപ്പള്ളി സമരം, ശബരിമല വിഷയവുമായി ബന്ധപ്പെട്ട സമരം എന്നിവയാണ് ചെന്നിത്തലയ്ക്കതെിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മത്സരിക്കുന്ന നേതാക്കള്‍ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ സ്വത്ത് വിവര കണക്കുകളുടെ റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Election reports K Surendran have 248 cases in different cases