'കുഞ്ഞുടുപ്പ്'; വാളയാര്‍ അമ്മയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു
Kerala News
'കുഞ്ഞുടുപ്പ്'; വാളയാര്‍ അമ്മയ്ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 24th March 2021, 4:45 pm

വാളയാര്‍: ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയെനെതിരെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. കുഞ്ഞുടുപ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തെരഞ്ഞെടുപ്പ് ചിഹ്നം.

‘ഫ്രോക്ക്’ ആണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചതെന്ന് വാളയാര്‍ സമര സമിതി സംഘാടകനായ സി. ആര്‍ നീലകണ്ഠന്‍ പറഞ്ഞു. ഈ ചിഹ്നം നല്‍കണമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ ഈ ചിഹ്നം തന്നെ അനുവദിച്ചത്.

വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട തന്റെ പെണ്‍മക്കളുടെ നീതിക്ക് വേണ്ടിയാണ് ധര്‍മ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നതെന്ന് അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു. സംഘപരിവാറിന്റെ ഒഴികെ ഏത് സംഘടനയുടെയും പിന്തുണ സ്വീകരിക്കുമെന്നും അമ്മ നേരത്തെ വ്യക്തമാക്കിയിരുന്നു.

തുടര്‍ഭരണമായാലും ഭരണം മാറിവന്നാലും തനിക്ക് നീതികിട്ടുന്നതു വരെ സമരം തുടരുമെന്ന് അമ്മ വ്യക്തമാക്കിയിരുന്നു.

വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ നടപടിയെടുക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് ഇവര്‍ ജനുവരിയില്‍ പാലക്കാട് സത്യഗ്രഹ സമരം ഇരുന്നിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Election commission grants election symbol ‘Frock’ to Walayar Mother,