തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പി.എം നരേന്ദ്രമോദി റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
national news
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പി.എം നരേന്ദ്രമോദി റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th April 2019, 2:39 pm

 

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാക്കി എന്ന അവകാശവാദത്തോടെ പുറത്തിറക്കുന്ന പി.എം നരേന്ദ്രമോദിയെന്ന ചിത്രത്തിന്റെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുംവരെ സിനിമ റിലീസ് ചെയ്യരുതെന്നാണ് കമ്മീഷന്‍ നിര്‍ദേശിച്ചത്.

ചിത്രത്തിന്റെ റിലീസ് വിലക്കണമെന്ന ഹരജി സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പെരുമാറ്റചട്ട ലംഘനമുണ്ടോയെന്ന് പരിശോധിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ് എന്നു പറഞ്ഞായിരുന്നു കോടതി നടപടി.

സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് പോലുമാകാത്ത സാഹചര്യത്തില്‍ ഇപ്പോള്‍ ഇടപെടുന്നത് അപക്വമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് വക്താവ് അമന്‍ പന്‍വാറാണ് സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ റിലീസ് തടഞ്ഞത്.

ഏപ്രില്‍ 11ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത് വരെയുള്ള കാര്യങ്ങളാണ് പ്രതിപാദിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. നടന്‍ വിവേക് ഒബറോയ് ആണ് ചിത്രത്തിലെ നായകന്‍.

ചിത്രീകരണസമയത്ത് മഞ്ഞിലൂടെ നടന്നത് കാരണം വിവേക് ഒബ്റോയുടെ കാലിന് പരിക്കേറ്റത് വന്‍ വാര്‍ത്തയായിരുന്നു. മോദിയുടെ കഥാപാത്രം തന്നെ തേടി എത്തിയതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇതെന്നും ഒബ്റോയ് പറഞ്ഞിരുന്നു. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.