എഡിറ്റര്‍
എഡിറ്റര്‍
ഹിമാചല്‍ തിരഞ്ഞെടുപ്പ്; വാജ്‌പേയിയുടെ ചിത്രമുള്ള ബാഗുകള്‍ വിതരണം ചെയ്യുന്നത് വിലക്കി
എഡിറ്റര്‍
Monday 8th October 2012 8:40am

ഷിംല: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹിമാചല്‍ പ്രദേശില്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരും ചിത്രവും പതിച്ച ഹാന്‍ഡ് ബാഗുകള്‍ വിതരണം ചെയ്യുന്നത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി.

Ads By Google

വോട്ടര്‍മാരെ സ്വാധീനിക്കുന്ന തരത്തില്‍ ബാഗുകളില്‍ ബി.ജെ.പി നേതാവും മുന്‍പ്രധാനമന്ത്രിയുമായ എ.ബി. വാജ്‌പേയിയുടെ ചിത്രം പതിച്ചതിനാലാണ് ബാഗുകള്‍ നിരോധിച്ചത്.

പ്രതിപക്ഷ കക്ഷികളുടെ നിരന്തരമായ പരാതിയെ തുടര്‍ന്നാണ് നടപടി. 16 ലക്ഷം വരുന്ന സംസ്ഥാനത്തെ റേഷന്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി വാജ്‌പേയിയുടെ പേരും ചിത്രവും പതിച്ച ഹാന്‍ഡ് ബാഗുകള്‍ നല്‍കാനുള്ള പദ്ധതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയത്.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് തടസം നില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ്. സമ്പത്ത് പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുവാനായി ഷിംലയിലെത്തിയതായിരുന്നു സമ്പത്ത്.

കഴിഞ്ഞ ആഗസ്ത് 15 നാണ് ഈ പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ ബാഗ് വിതരണം നിര്‍ത്തിവെക്കാന്‍ വി.എസ് സമ്പത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കക്ഷികളെ സഹായിക്കുന്നതരത്തിലുള്ള വാര്‍ത്തകള്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യുന്നതായുള്ള പരാതി ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍, പരാതി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഹിമാചല്‍പ്രദേശ് യൂണിവേഴ്‌സിറ്റി ജോലിക്കാരെ നിയമിക്കുന്നതിനെതിരേയും പരാതിയുണ്ട്. 68 അംഗ ഹിമാചല്‍പ്രദേശ് നിയമസഭയിലേയ്ക്ക് നംവബര്‍ നാലിനാണ് തിരഞ്ഞെടുപ്പ്.

Advertisement