എലത്തൂര്‍ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ
Kerala News
എലത്തൂര്‍ തീവെപ്പ് കേസ്; ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 16th April 2023, 8:41 pm

കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യു.എ.പി.എ ചുമത്തി. കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ സംഘം യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ കൊലപാതകം, കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകള്‍ ഷാരൂഖ് സെയ്ഫിക്കെതിരെ ചുമത്തിയിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ സ്വഭാവം കണക്കിലെടുത്താണ് യു.എ.പി.എ ചുമത്തിയതെന്നാണ് നിലവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ സെയ്ഫിയെ ഷൊര്‍ണൂരും കണ്ണൂരും എലത്തൂരുമെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

ഷാരൂഖ് സെയ്ഫിയെ ട്രെയിനില്‍ കണ്ട മട്ടന്നൂര്‍ സ്വദേശികളായ യാത്രക്കാരെ കോഴിക്കോട് മാലൂര്‍കുന്ന് പൊലീസ് ക്യാമ്പില്‍ എത്തിച്ച് തിരിച്ചറിയല്‍ പരേഡും നടത്തിയിട്ടുണ്ടായിരുന്നു. പ്രത്യേക അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാര്‍, ഐ.ജി നീരജ് കുമാര്‍ ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ് നടത്തിയത്.

ഏപ്രില്‍ രണ്ടാം തീയതി രാത്രി പത്തോടെയാണ് ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്സിലെ ബോഗിയില്‍ സെയ്ഫി പെട്രോളൊഴിച്ച് തീകൊളുത്തിയത്. ട്രെയിന്‍ എലത്തൂരില്‍ നിന്ന് പോയതിന് ശേഷമാണ് സംഭവം. സംഭവത്തില്‍ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയ മൂന്ന് യാത്രക്കാര്‍ മരിച്ചിരുന്നു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റിരുന്നു

കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഹ്മത്ത്, ഇവരുടെ സഹോദരി പുത്രി രണ്ടരവയസുകാരി സഹ്റ, കണ്ണൂര്‍ സ്വദേശി നൗഫിക് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അക്രമത്തിനിടെ ഭയന്ന് ട്രെയിനില്‍ നിന്ന് പുറത്തേക്ക് ചാടിയാണ് ഇവര്‍ മരിച്ചത്.

പൊലീസിന്റെ അന്വേഷണത്തില്‍ സെയ്ഫിയെ മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ വെച്ചാണ് പിടികൂടിയത്. ആറിന് പുലര്‍ച്ചെ കോഴിക്കോട്ടെത്തിക്കുകയും ചെയ്തു.

റെയില്‍വെ ട്രാക്കില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗ്, അതിനുള്ളില്‍ നിന്ന് ലഭിച്ച മൊബൈല്‍ ഫോണിന്റെ ഐ.എം.ഇ.എ നമ്പര്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ഷാരൂഖ് സൈഫിയിലേക്കെത്തിയത്.

content highlight: Elathur arson case; UAPA against Shahrukh Saifee