Administrator
Administrator
കാന്തപുരം ബന്ധം: ലീഗ് ഇ.കെ വിഭാഗത്തിന് വഴങ്ങുമോ?
Administrator
Thursday 29th September 2011 5:00pm


കേരളത്തില്‍ സുന്നി എ.പി, ഇ.കെ വിഭാഗങ്ങള്‍ തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനില്‍ക്കുകയാണ്. പ്രധാനമായും ലീഗുമായുള്ള ബന്ധത്തിന്റെ പേരിലാണ് സുന്നി പണ്ഡിത സഭയായ സമസ്തയില്‍ പിളര്‍പ്പുണ്ടായതത്. കാന്തപുരം അബൂബക്കര്‍ മുസ് ല്യാരുടെ നേതൃത്വത്തിലുള്ള സംഘത്തെ എ.പി വിഭാഗമെന്നും അന്തരിച്ച ഇ.കെ അബൂബക്കര്‍ മുസ് ല്യാരുടെ നേതൃത്വം അംഗീകരിക്കുന്നവര്‍ ഇ.കെ വിഭാഗമെന്നും അറിയപ്പെട്ടു.

മുസ്‌ലിം ലീഗുമായി ഒട്ടിനിന്നാണ് ഇ.കെ വിഭാഗം കാലങ്ങളായി പ്രവര്‍ത്തിച്ചത്. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയോടും വിധേയത്വം വേണ്ടെന്ന് പറഞ്ഞ എ.പി പിഭാഗം ഇടതുപക്ഷത്തൊപ്പം ചേര്‍ത്ത് വായിക്കപ്പെട്ടു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും കഴിഞ്ഞ കുറച്ചു കാലമായി മുസ്‌ലിം ലീഗ് എ.പി വിഭാഗവുമായി അടുപ്പം കാണിക്കുന്നുണ്ട്. എ.പി വിഭാഗത്തില്‍ ഒരു പക്ഷം അത് ആഗ്രഹിക്കുന്നുമുണ്ട്. അടുത്തിടെയായി എ.പി വിഭാഗത്തിന്റെ സ്ഥാപനങ്ങളില്‍ ലീഗ് നേതാക്കള്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.

മുസ്‌ലിം ലീഗിന്റെ എ.പി അനുകൂല നിലപാടിനെതിരെ രംഗത്ത് വന്നിരിക്കയാണ് ഇ.കെ വിഭാഗം. സംഘടനയുടെ കേരളത്തിലെ പരമോന്നത സഭയായ സമസ്ത മുശാവറയില്‍ ലീഗിന്റെ ഈ നിലപാടിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതിനെതിരെ മുശാവറ പ്രമേയം പാസാക്കുകയും ചെയ്തു. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്. എ.പി ബന്ധം: ലീഗ് ഇ.കെ വിഭാഗത്തിന് വഴങ്ങുമോ?

nasar-faizyനാസര്‍ ഫൈസി കൂടത്തായി, ഇ.കെ വിഭാഗം നേതാവ്

സമകാലിക വിഷയങ്ങളും മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളും മുശാവറ ചര്‍ച്ച ചെയ്യാറുണ്ട്. കാന്തപുരം സമസ്തയില്‍ നിന്ന് പോകാനുള്ള ഒരു പ്രധാന കാരണം മുസ്‌ലിംലീഗുമായുള്ള പ്രശ്‌നമായിരുന്നു. ലീഗിന് സമസ്തയും സമസ്തയ്ക്ക് ലീഗും എന്ന നിലയിലാണ് കാര്യങ്ങള്‍ നടന്നിരുന്നത്. പക്ഷേ കഴിഞ്ഞ കുറച്ചു കാലമായി എ.പി.വിഭാഗവുമായി ചില മുസ്‌ലിംലീഗ് നേതാക്കള്‍ വല്ലാതെ അടുക്കുന്നതായി കാണുന്നു.

കഴിഞ്ഞ നിയമസഭാ തിരഞെടുപ്പിന് മുമ്പ് നടന്ന മര്‍കസ് സമ്മേളനത്തില്‍ ആദ്യമായി ലീഗ് നേതാക്കള്‍ പങ്കെടുത്തപ്പോള്‍ മുശാവറ അന്ന് അതില്‍ പ്രധിഷേധം അറിയിക്കുകയും കുഞ്ഞാലിക്കുട്ടി സാഹിബ് തന്നെ നേരിട്ട് വന്ന് ഇനി ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും മേലില്‍ എ.പി.വിഭാഗവുമായി ബന്ധപ്പെടുന്നത് ഞങ്ങളെ അറിയിച്ചിട്ടാകും എന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. ഈ ഉറപ്പ് ലംഘിക്കുന്ന കാഴ്ചകള്‍ അടുത്ത കാലത്തായി കൂടതലായി കാണാന്‍ തുടങ്ങി. മര്‍കസിലെ പരിപാടികളില്‍ മുനീറും ഇബ്രാഹിം കുഞ്ഞുമടക്കമുള്ള ലീഗ് നേതാക്കള്‍ പങ്കെടുത്തു.

സ്വലാത്ത് നഗറില്‍ കുഞ്ഞാലിക്കുട്ടി പോയി. ഹൈദരലി ശിഹാബ് തങ്ങള്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ എല്ലാ മതസംഘടനാ നേതാക്കളും എത്തിയപ്പോള്‍ സി.മുഹമ്മദ് ഫൈസിയെ മാത്രം സ്വീകരിക്കുന്ന ചിത്രമാണ് ചന്ദ്രിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ ദിവസം, വിവാദമായ വുമണ്‍സ് കോഡ് ബില്ലിനെതിരെ വിവിധ സംഘടനാ നേതാക്കള്‍ പ്രതികരിച്ചപ്പോള്‍ സുന്നി സംഘടനകളുടേതായി വന്ന ലേഖനം കാന്തപുരം വിഭാഗത്തിന്റേതായിരുന്നു. കാര്യങ്ങള്‍ ഇത്‌വരെ എത്തിയപ്പോഴാണ് ഞങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത്. ഹൈദരലി ശിഹാബ് തങ്ങളുടെ മുമ്പില്‍ വെച്ച് മുശാവറയില്‍ ഏകകണ്ഠമായാണ് തീരുമാനം പാസ്സാക്കിയത്. ‘ഞാന്‍ നിങ്ങളോട് കൂടെയാണെന്നും ലീഗിലെ നേതാക്കളുമായി സംസാരിച്ച് വേണ്ടത് ചെയ്യാമെന്നും’ തങ്ങള്‍ പറഞ്ഞിട്ടുണ്ട്.

കാന്തപുരം മുഹമ്മദലി ശിഹാബ് തങ്ങളെ കേരളത്തിന്റെ ആത്മീയ നേതാവായി അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും ഹൈദരലി തങ്ങളെ കേവലം രാഷ്ട്രീയ നേതാവായി മാത്രമായാണ് അംഗീകരിച്ചിട്ടുള്ളത്. എ.പി.വിഭാഗവുമായി ഒരു കാര്യത്തിലും ഒരു കാലത്തും സഹകരണമുണ്ടാവുമോ എന്നൊക്കെ എനിക്കിപ്പോള്‍ പറയാനാകില്ല. അത് മുശാവറയാണ് തീരുമാനിക്കേണ്ടത്. കാന്തപുരം മുഹമ്മദലി ശിഹാബ് തങ്ങളെ കേരളത്തിന്റെ ആത്മീയ നേതാവായി അംഗീകരിച്ചിരുന്നില്ല. ഇപ്പോഴും ഹൈദരലി തങ്ങളെ കേവലം രാഷ്ട്രീയ നേതാവായി മാത്രമായാണ് അംഗീകരിച്ചിട്ടുള്ളത്. കാന്തപുരം ലീഗിനോട് അടുക്കുന്നത് കേവല രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് മാത്രമാണ്.


സ്വാദിഖലി ശിഹാബ് തങ്ങള്‍

സമസ്തയെ വേദനിപ്പിക്കുന്ന നിലപാട് ലീഗ് ഒരിക്കലും എടുക്കാറില്ല. സമസ്തയുടെ നിലപാട് മാനിച്ചുകൊണ്ടാണ് ലീഗ് എപ്പോഴും തീരുമാനങ്ങളെടുക്കാറുള്ളത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലക്ക് മുസ് ലിം ലീഗിന് കാന്തപുരം വിഭാഗത്തിന്റെ സ്ഥാപനങ്ങളില്‍ പോകുന്നതിനോ പരിപാടികളില്‍ പങ്കെടുക്കുന്നതിനോ വിലക്കില്ല. മന്ത്രിമാര്‍ക്കും മറ്റ് സംസ്ഥാന നേതാക്കള്‍ക്കും ഇത്തരത്തില്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നേരത്തെ അനുമതി നല്‍കിയതാണ്. അതിനപ്പുറത്ത് വല്ല കാര്യങ്ങളുമുണ്ടെങ്കില്‍ സമസ്തയുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാവുന്നതേയുള്ളൂ.

ചന്ദ്രിക പത്രത്തില്‍ ചില വാര്‍ത്തയും ലേഖനങ്ങളും വന്ന കാര്യവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. അത് പത്രവുമായി ബന്ധപ്പെട്ട കാര്യമാണ്. സുന്നികളായാലും മുജാഹിദുകളായാലും എല്ലാ സമുദായ സംഘടനകളിലെയും ഭിന്നത പരിഹരിച്ച് ഒരുമിച്ച് കൊണ്ടുപോവുകയെന്നതാണ് ലീഗ് നയം. സമുദായത്തിനുള്ളിലും സമുദായങ്ങള്‍ തമ്മിലും ഐക്യമുണ്ടാവണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. സുന്നി ഐക്യചര്‍ച്ചകള്‍ക്ക് മുസ് ലിം ലീഗ് എല്ലാ പിന്തുണയും നല്‍കും. അതേസമയം സമസ്തയുടെ അഭിപ്രായം മാനിച്ചുകൊണ്ടായിരിക്കുമിത് നടക്കുക.


കെ.പി.എ മജീദ്, മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഇ.കെ വിഭാഗത്തിന്റെ മുശാവറ യോഗത്തെക്കുറിച്ചോ തീരുമാനത്തെക്കുറിച്ചോ ഇതുവരെ ലീഗിന് വിവരമൊന്നും ലഭിച്ചിട്ടില്ല. കാന്തപുരവുമായുള്ള ബന്ധത്തിന്റെ കാര്യം ഇതുവരെ ലീഗ് ചര്‍ച്ച ചെയ്യുകയോ തീരുമാനമെടുക്കുകയോ ചെയ്തിട്ടില്ല. തീരുമാനമെടുത്ത ശേഷം അഭിപ്രായം പറയാം.

perodപേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫി

ഇത് ഇ.കെ.വിഭാഗവും മുസ്ലിംലീഗും തമ്മിലുള്ള പ്രശ്‌നമാണ്. ഞ്ഞങ്ങളോട് ബന്ധപ്പെട്ട് പോകരുതെന്ന് മുസ്ലിംലീഗിനോട് ഇ.കെ.വിഭാഗമാണ് പറഞ്ഞിരിക്കുന്നത്. ഇതിന് മറുപടി പറയേണ്ടത് മുസ്ലിംലീഗാണ്. ഇ.കെ.വിഭാഗം നല്‍കുന്ന നിര്‍ദേശവും സര്‍ക്കുലറും അനുസരിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേടിലേക്ക് മുസ്ലിംലീഗ് തരം താഴ്ന്നിട്ടുണ്ടോ എന്ന് അവരാണ് വ്യക്തമാക്കേണ്ടത്.

വുമണ്‍സ് കോഡ് ബില്ലിനെതിരെ പ്രതികരിച്ചവരില്‍ സുന്നി വിഭാഗത്തിന്റേതായി ഞ്ഞങ്ങളുടെ പ്രതികരണം മാത്രം ചന്ദ്രികയില്‍ വന്നതില്‍ ഞ്ഞങ്ങള്‍ എന്തു ചെയ്യാനാണ്? സമുദായത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ അവര്‍ക്ക് നിലപാടില്ലെങ്കില്‍ അത് ഞങ്ങളുടെ കുറ്റമല്ല.

മുസ്ലിംലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. മുസ്ലിംലീഗിനോട് കൂട്ടുകൂടുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ പിന്നെ മറ്റെന്തിന് വേണ്ടിയാണ്?

നാളെ എ.പി.ഉസ്താദ് വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വിശദമായി അദ്ദേഹം വ്യക്തമാക്കും

Advertisement