ഒന്നെങ്കിൽ കടുത്ത അസൂയ അല്ലെങ്കിൽ ആ അർജന്റീനക്കാരനോട് മൂത്ത ആരാധന; റോണോയെ വിമർശിച്ചവർക്കെതിരെ പ്രതികരണവുമായി ഇതിഹാസ താരം
Football
ഒന്നെങ്കിൽ കടുത്ത അസൂയ അല്ലെങ്കിൽ ആ അർജന്റീനക്കാരനോട് മൂത്ത ആരാധന; റോണോയെ വിമർശിച്ചവർക്കെതിരെ പ്രതികരണവുമായി ഇതിഹാസ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th October 2022, 3:47 pm

ഈ സീസണിൽ മോശം പ്രകടനം പുറത്തെടുക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ശക്തമായ വിമർശനമാണുയരുന്നത്. യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ബെഞ്ചിലിരിക്കാനായിരുന്നു താരത്തിന്റെ വിധി.

 

യുണൈറ്റഡിന്റെ സൂപ്പർകോച്ച് എറിക് ടെൻ ഹാഗിന്റെ തന്ത്രങ്ങളുമായി മുന്നോട്ടു പോകാൻ റോണോയുടെ പ്രായം അനുവദിക്കില്ലെന്നും വേഗതയേറിയ കളിയുമായി പൊരുത്തപ്പെട്ട് പോകാൻ താരത്തിന് പഴയ പോലെ സാധിക്കില്ലെന്നും ഫുട്‌ബോൾ വിദഗ്ധർ അടക്കം പലരും അഭിപ്രായപ്പെട്ടിരുന്നു. റൊണാൾഡോ ഓൾഡ് ട്രാഫോഡ് വിട്ട് പോകണമെന്ന് ആവശ്യപ്പെട്ടവർ വരെ ഉണ്ടായിട്ടുണ്ട്.

എന്നാൽ താരത്തിനെതിരെ വിമർശനമുയർത്തുന്നവർക്കെതിരെ ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പാട്രിസ് എവ്ര. റൊണാൾഡോയോട് അസൂയ ഉള്ളവരോ അല്ലെങ്കിൽ അർജന്റൈൻ താരം ലയണൽ മെസിയോട് കടുത്ത ആരാധന ഉള്ളവരോ ആണ് വിമർശനങ്ങളുമായി എത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

”ഈ വിഷയത്തിൽ പല ചർച്ചകളും നടന്നിട്ടുണ്ട്. റൊണോൾഡോയെ വിമർശിക്കുന്നവരെ ഒറ്റ വാക്കിൽ അസൂയാലുക്കൾ എന്ന് വിളിക്കാനേ സാധിക്കൂ. അദ്ദേഹത്തോട് അനാദരവ് തോന്നുന്നുണ്ടെങ്കിൽ അത് മാത്രമാണ് കാരണം. അതല്ലെങ്കിൽ പിന്നെ നിങ്ങളൊരു ലയണൽ മെസി ആരാധകനായിരിക്കണം,” എവ്ര വ്യക്തമാക്കി.

അതേസമയം പ്രീമിയർ ലീഗിൽ എവർട്ടണുമായി നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണോൾഡോയുടെ തകർപ്പൻ ഗോൾ പിറന്നിരുന്നു. ഏറെ നാളത്തെ ഗോൾ വരൾച്ചക്ക് ശേഷമാണ് താരം മികച്ച മുന്നേറ്റം നടത്തിയത്. അതോടെ ക്ലബ് ഫുട്‌ബോളിൽ 700 ഗോൾ തികക്കുന്ന ആദ്യ താരം എന്ന റെക്കോഡും അദ്ദേഹം സ്വന്തമാക്കി. അന്താരാഷ്ട്ര തലത്തിൽ 117 ഗോളും നേടിയ റോണോയുടെ കരിയറിലെ 817ാം ഗോളായിരുന്നു അത്.

വിവിധ ക്ലബ്ബുകൾക്കായി ഒട്ടനവധി തവണ വലകുലുക്കിയ താരം റയലിന് വേണ്ടിയാണ് കൂടുതൽ ഗോൾ നേടിയിട്ടുള്ളത്. റയലിനായി 450 ഗോളുകൾ നേടിയപ്പോൾ മാഞ്ചസ്റ്ററിനായി 114ഉം യുവന്റസിനായി 101 ഗോളും നേടി.

Content Highlights: Either jealousy or great admiration for the Argentine striker; Manchester United legend responses to those who criticized Cristiano Ronaldo