എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം; വന്‍കിട തോട്ടങ്ങള്‍ക്കായി ഇ.എഫ്.എല്‍ നിയമം അട്ടിമറിക്കുന്നു
എഡിറ്റര്‍
Sunday 21st October 2012 5:33pm

ഹരീഷ് വാസുദേവന്‍

കോഴിക്കോട്: പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഏറ്റെടുക്കാനും സംരക്ഷിക്കാനുമായി സംസ്ഥാനത്ത് നിലവിലുള്ള ഇക്കോളജിക്കല്‍ ഫ്രജൈല്‍ ലാന്റ് (ഇ.എഫ്.എല്‍) നിയമം സര്‍ക്കാര്‍ അട്ടിമറിക്കുന്നു. നിയമഭേദഗതിയിലൂടെ ഇ.എഫ്.എല്‍ നിയമത്തിന്റെ ഭരണഘടനാ സാധുത തന്നെ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം വിജ്ഞാപനമിറക്കാന്‍ ബാക്കിയുള്ള ഭൂമികള്‍ പാരിസ്ഥിതിക ദുര്‍ബ്ബല പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിനു മുമ്പ് ജില്ലാ കലക്ടര്‍ അധ്യക്ഷനും ജനപ്രതിനിധികളും വനം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥരും അടങ്ങിയ ഒരു സമിതി സ്ഥലം സന്ദര്‍ശിച്ച് അനുമതി നല്‍കണമെന്നാണ് ഒരു നിര്‍ദ്ദേശം.

നിലവില്‍ വിജ്ഞാപനമിറക്കി ഏറ്റെടുത്ത ഭൂമികള്‍ വിട്ടുനല്‍കാനുള്ള അവകാശം കോടതികളില്‍ നിന്നും വകുപ്പുദ്യോഗസ്ഥനിലേക്ക് മാറ്റുന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഇവ രണ്ടും നിയമത്തെ ദോഷകരമായി ബാധിക്കുമെന്നും കോടതികളിലെ കേസില്‍ തിരിച്ചടി ഉണ്ടാകാനിടയുണ്ടെന്നും ഉള്ള വനംവകുപ്പിന്റെ അഭിപ്രായം പരിഗണിക്കാതെയാണ് ഭേദഗതിയുമായി സര്‍ക്കാര്‍ നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതെന്നും അതിനായി ഉദ്യോഗസ്ഥര്‍ക്കുമേല്‍ നിരന്തര സമ്മര്‍ദ്ദം ഉണ്ടായെന്നും തെളിയിക്കുന്ന രേഖകള്‍ ഡൂള്‍ ന്യൂസിന് ലഭിച്ചു.

Ads By Google

വനങ്ങളോടു ചേര്‍ന്ന് കിടക്കുന്ന പരിസ്ഥിതി ലോലമായ സ്വകാര്യ ഭൂമികള്‍ സംരക്ഷിക്കാനാണ് ഇ.എഫ്.എല്‍ നിയമം കൊണ്ടുവന്നത്. 14,000 ഹെക്ടറോളം ഭൂമിയാണ് ഇപ്രകാരം വനംവകുപ്പ് ഇതിനകം ഏറ്റെടുത്തത്. വകുപ്പുദ്യോഗസ്ഥരുടെ പരിശോധനയില്ലാതെ മറ്റു നടപടികളൊന്നും വിജ്ഞാപനതിന്നു മുന്‍പ് ഇതുവരെ നടത്തിയിരുന്നില്ല. എന്നാല്‍ റവന്യൂ വകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ ഒരു കമ്മറ്റി പരിശോധിച്ച് കൃഷിഭൂമിയല്ലെന്നു ഉറപ്പാക്കിയ ശേഷം മാത്രമേ ഇനി വിജ്ഞാപനം ചെയ്യാന്‍ പാടുള്ളുവെന്ന ഭേദഗതി, നേരത്തെ വിജ്ഞാപനത്തിന് വിധേയരായ ഉടമകള്‍ക്കുള്ള നീതി നിഷേധമായി വ്യാഖ്യാനിക്കപ്പെടും. ഇത്തരത്തില്‍ വിവേചനം കാണിക്കുന്നത് ഇ.എഫ്.എല്‍ നിയമത്തിന്റെ ഭരണഘടനാ സാധുത തന്നേ ചോദ്യം ചെയ്യപ്പെടാന്‍ ഇടയാക്കുമെന്നാണ് വനംവകുപ്പ് ആശങ്കപ്പെടുന്നത്.

നിലവില്‍ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായി വിജ്ഞാപനം ചെയ്ത ഭൂമി ഒഴിവാക്കിക്കിട്ടാന്‍ 9 ആം വകുപ്പുപ്രകാരം നിയോഗിച്ച വനം െ്രെടബ്യൂണലുകളെയാണ് ഉടമസ്ഥന്‍ സമീപിക്കേണ്ടത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം ഭൂമി വിട്ടുകൊടുക്കാനുള്ള അധികാരം ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമവും. ഇ.എഫ്.എല്‍ കസ്‌റ്റോഡിയന്‍ ഇറക്കുന്ന വിജ്ഞാപനം പുനപ്പരിശോധിക്കാനുള്ള അധികാരം അയാള്‍ക്കു തന്നെ നല്‍കുന്നത് നിയമത്തെ ദുര്ബ്ബലപ്പെടുത്തുകയും അതുവഴി ഏറ്റെടുത്ത ഭൂമികളിന്മേലുള്ള അവകാശം നഷ്ടമാകുകയും ചെയ്യുമെന്നും ആശങ്കയുണ്ട്. വനംവകുപ്പിന്റെ ആശങ്ക ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ത്തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടും അത് പരിഗണിക്കാതെ ഭേദഗതിയുമായി മുന്നോട്ടു പോകുകയാണ് സര്‍ക്കാര്‍.

2011 നവംബര്‍ 3 നു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിയമഭേദഗതി സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. ഇതനുസരിച്ച് മേല്‍പ്പറഞ്ഞ ഭേദഗതികള്‍ ശുപാര്‍ശ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. നിയമം ദുര്‍ബലപ്പെടും എന്നറിയാവുന്നതിനാല്‍ ഉദ്യോഗസ്ഥര്‍ ശുപാര്‍ശ വൈകിപ്പിച്ചു. എന്നാല്‍ വനം സെക്രട്ടറിയുടെ ഓഫീസ് വഴി മുഖ്യമന്ത്രിയുടെ ഓഫീസ് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് സമ്മര്‍ദ്ദം ചെലുത്തുകയും ശുപാര്‍ശ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ചെറുകിട കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നാണ് യു.ഡി.എഫിന്റെ പ്രഖ്യാപിത നയം. എന്നാല്‍ കര്‍ഷക സ്‌നേഹത്തിന്റെ പേരില്‍ വന്‍കിട തോട്ടങ്ങളുടെ കേസുകള്‍ തോറ്റുകൊടുക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അതോടൊപ്പം നിയമം തന്നെ അസാധുവാക്കാനും. ഇത് വ്യക്തമാക്കുന്നതാണ് ഇതോടൊപ്പമുള്ള രേഖകള്‍.

Advertisement