ഈശോയിലും കേശുവിലും 'ശ' ഉണ്ട്; നാദിര്‍ഷായുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
Eesho Malayalam Movie
ഈശോയിലും കേശുവിലും 'ശ' ഉണ്ട്; നാദിര്‍ഷായുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th August 2021, 4:23 pm

കൊച്ചി: സംവിധായകന്‍ നാദിര്‍ഷായുടെ സിനിമകള്‍ സര്‍ക്കാര്‍ നിരോധിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക കോണ്‍ഗ്രസ്. നാദിര്‍ഷ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ഈശോ, ദിലീപ് നാകനായ ‘കേശു ഈ വീടിന്റെ നാഥന്‍ എന്നീ പേരുകള്‍ ക്രൈസ്തവരെ അവഹേളിക്കുന്നതാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആരോപിച്ചു.

ക്രൈസ്തവരെ അവഹേളിക്കാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് നാമകരണമെന്ന് സംശയിക്കുന്നു. നാദിര്‍ഷയുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഏതൊരു ക്രൈസ്തവനും അവന്‍ ജനിക്കുന്ന അന്നുമുതല്‍ മരിക്കുന്നതുവരെ ഈശോയെ ദൈവമായി കാണുന്നവരും ആരാധിക്കുന്നവരുമാണ്. സിനിമക്ക് ഇഷ്ടം പോലെ പേരിടാം. ആ പേരില്‍ സിനിമ ഇടുമ്പോള്‍ അതിനകത്തെ ഓരോ കാരണങ്ങളും നാളെകളില്‍ ചര്‍ച്ചയാകുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

‘ഈശോയില്‍ അങ്ങനെ പറഞ്ഞു, ഈശോയില്‍ ഇങ്ങനെ കാണിച്ചിട്ടുണ്ടായിരുന്നു എന്നെല്ലാം പറയും. കേശു ഈ വീടിന്റെ നാഥന്‍ലും ഈശോയിലെ ‘ശ’ ഉണ്ട്. ശോ എന്നത് ശു എന്നാക്കി അതിനെ ഒരു ഹാസ്യരൂപത്തിലാക്കിയിട്ടുണ്ട്,’ നേതാക്കള്‍ പറഞ്ഞു.

ഈ രണ്ടു സിനിമകളും സര്‍ക്കാര്‍ നിരോധിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ബുധനാഴ്ച്ച സെക്രട്ടേറിയറ്റിന് മുന്നില്‍ ഇക്കാര്യമാവശ്യപ്പെട്ട് ധര്‍ണ നടത്തുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് അറിയിച്ചു.

സിനിമയ്ക്ക് ഈശോ എന്ന പേര് നല്‍കിയത് വിശ്വാസി സമൂഹത്തെ വ്രണപ്പെടുത്തിയെന്ന് മുന്‍ എം.എല്‍.എ പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.

അതേസമയം, സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈന്‍ മാറ്റുമെന്നും നാദിര്‍ഷ അറിയിച്ചിട്ടുണ്ട്.

നാദിര്‍ഷായ്ക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിര്‍ഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തില്‍നിന്ന് തന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങള്‍ ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുെവന്നും ഫെഫ്ക പ്രതികരിച്ചു.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമകളാണ് കേശു ഈ വീടിന്റെ നാഥനും ഈശോയും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Eesho Keshu Veedinte Aiswaryam Nadirsha Cathoica Congress