Administrator
Administrator
വിദ്യാഭ്യാസ സ്വകാര്യവത്കരണം: മുസ്‌ലിം ലീഗിനെതിരെ പോഷക സംഘടനകള്‍
Administrator
Thursday 23rd June 2011 10:33am

schoolകോഴിക്കോട്: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്ക് എന്‍.ഒ.സി നല്‍കാനുള്ള തീരുമാനത്തിനെതിരെ മുസ്‌ലിംലീഗ് പോഷക, സര്‍വീസ് സംഘടനകള്‍. സംഘടനകളുടെ രഹസ്യയോഗം ഇന്നലെ കോഴിക്കോട് ശിക്ഷക് സദനില്‍ ചേര്‍ന്നു.

സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന മുസ്‌ലിംലീഗ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നു. മുസ്‌ലിം ലീഗ് നിലപാട് പൊതുവിദ്യാലയങ്ങളെ തകര്‍ക്കുമെന്നും ഈ നീക്കത്തില്‍ നിന്ന് പാര്‍ട്ടി പിന്‍മാറണമെന്നും യോഗത്തില്‍ ഏകാഭിപ്രായമുണ്ടായി. സംഘടനകളുടെ വികാരം മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയെ നേരില്‍കണ്ട് അറിയിക്കാമെന്ന ധാരണയിലാണ് യോഗം പിരിഞ്ഞത്.

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി എ.കെ. സൈനുദ്ദീന്‍, അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ. മോയിന്‍കുട്ടി, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി കെ.ടി. അബ്ദുല്ലത്തീഫ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ്, കേരള ഉറുദു ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷാജി എം.എല്‍.എ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എത്തിയില്ല.

എന്‍.ഒ.സി അനുവദിക്കുന്നത് മുസ്‌ലിംലീഗിന് ക്ഷീണം ചെയ്തതായി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നാല് അധ്യാപക സംഘടനകളുടെയും എം.എസ്.എഫിന്റെയും എതിര്‍പ്പ് മുസ്‌ലിംലീഗ് നേതൃത്വത്തെ അറിയിക്കും. അതിനിടെ, എന്‍.ഒ.സി വിഷയത്തില്‍ പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തെക്കുറിച്ച് പി.കെ. ഫിറോസുമായി വിദ്യാഭ്യാസമന്ത്രി ചര്‍ച്ച നടത്തി.

Advertisement