Administrator
Administrator
അടിയൊഴുക്കുകള്‍ ഉള്‍വലിവുകള്‍
Administrator
Thursday 19th May 2011 9:19am

voters

എഡിറ്റോ- റിയല്‍ / ബാബുഭരദ്വാജ്

ഇതുവരെ കേരളത്തിലെ ഒരു തിരഞ്ഞെടുപ്പും രാഷ്ട്രീയ ബലപരീക്ഷണമായിരുന്നില്ല. ആ പതിവ് ഈ തിരഞ്ഞെടുപ്പും തെറ്റിച്ചില്ല. ഒരു പക്ഷെ, ജനാധിപത്യമെന്ന രാഷ്ട്രീയസംവിധാനം അരാഷ്ട്രീയത കൂടി ഉള്‍ക്കൊള്ളുന്നതാവണം. ആ പ്രക്രിയയെ പൂര്‍ണമായി രാഷ്ട്രീയവല്‍കരിക്കണമെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി നേതൃത്വവും ആഗ്രഹിക്കുന്നുമുണ്ടാവില്ല.എല്ലാ രാഷ്ട്രീയ സദാചാര ധ്വംസനങ്ങള്‍ക്കും അതങ്ങിനെത്തന്നെ നില്‍ക്കലായിരിക്കും സൗകര്യം.

ഈ തിരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയപോരാട്ടമാക്കാന്‍ വി എസ് അച്യുതാനന്ദന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തടയിടാന്‍ ശ്രമംവരെ നടന്നുവെന്ന് ഞങ്ങള്‍ ന്യായമായും സംശയിക്കുന്നു. ജില്ലകള്‍ വ്യത്യസ്ത രീതിയില്‍ ഈ തിരഞ്ഞെടുപ്പിനോടു പ്രതികരിച്ചത് ആ ജില്ലകളിലെ സാമുദായിക രാഷ്ട്രീയ സമവാക്യങ്ങളിലെ വ്യത്യസ്തത കൊണ്ടാണെന്ന് ഞങ്ങള്‍ കരുതുന്നില്ല.

അതിഗൂഢമായ ചില രാഷ്ട്രീയബാഹ്യമായ ഇടപെടലുകള്‍ ഈ തിരഞ്ഞെടുപ്പില്‍ നടന്നിട്ടുണ്ട്. രാഷ്ട്രീയനിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും വളരെ ലാഘവത്തോടെ പറയുന്ന ‘അടിയൊഴുക്കുകള്‍’ ആ അടിയൊഴുക്കുകള്‍ എന്താണെന്ന് അറിയാന്‍ ഇരുമുന്നണികളുടെയും മുഖ്യകക്ഷികള്‍ക്ക് താല്‍പര്യം കാണില്ല.

കാരണം അത്തരം അടിയൊഴുക്കുകള്‍ ഉണ്ടാക്കുന്ന ഉഷ്ണജലശീതജലമേഖലകള്‍ ഉണ്ടാക്കുന്നതും ഗതിമാറ്റുന്നതും ഈ രണ്ടു രാഷ്ട്രീയപ്രമുഖപാര്‍ട്ടികളുടെയും ചില നേതാക്കള്‍ തന്നെയായിരിക്കണം, ചില ഗ്രൂപ്പുകളും താല്‍പര്യങ്ങളുമായിരിക്കണം. നിയോജകങ്ങള്‍ ഒന്നൊന്നായി എടുത്ത് പരിശോധിച്ചാല്‍, ജില്ലകളെ മൊത്തത്തില്‍ വിശകലനം ചെയ്താല്‍ ഈ അടിയൊഴുക്കുകളുടെ ആഴവും പരപ്പും വ്യക്തമാകും.

youths are modernവോട്ടുകളുടെ എണ്ണത്തെ തിരിച്ചും മറിച്ചും കൂട്ടിയും കിഴിച്ചും വോട്ടുകള്‍ ചോര്‍ന്നില്ലെന്നും അടിയൊഴുക്കുകള്‍ ഉണ്ടായില്ലെന്നും ഈ പാര്‍ട്ടികളിലെ അങ്കഗണിത വിദഗ്ദ്ധര്‍ക്ക് പറയാന്‍ കഴിയും. അതിനെ സഹായിക്കുന്ന പ്രധാനഘടകം കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പും തദ്ദേശഭരണതെരഞ്ഞെടുപ്പും കഴിഞ്ഞതിനുശേഷം ഈ തിരഞ്ഞെടുപ്പില്‍ എത്തുമ്പോള്‍ പുതുതായി വോട്ടുചെയ്യാനെത്തുന്നത് 18,28,302 പേരാണ് ജനാധിപത്യത്തിലെ തുടക്കക്കാര്‍.

നിലവിലുള്ള ഒരുകോടി തൊണ്ണൂറ് ലക്ഷത്തിന്റെ കൂടെയാണ് ഈ പതിനെട്ട് ലക്ഷം ചേരുന്നത്. അതായത് പത്ത് ശതമാനത്തിലേറെയോ അതിനടുത്തോ പുതിയ വോട്ടര്‍മാര്‍ പുതുതായി തിരഞ്ഞെടുപ്പിന് ‘തുല്യം ചാര്‍ത്തുന്നു’. ഈ വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും ഇത്തവണ വോട്ടു ചെയ്തിട്ടുണ്ടാവണം. തുടക്കത്തിന്റെ ഒരു കൗതുകവും താന്‍ പൗരനായി അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനവും താന്‍കൂടി തിരഞ്ഞെടുക്കുന്നതായിരിക്കണം ഭരണം എന്ന ആരംഭശൂരത്തവും അവരെ പോളിംഗ്ബൂത്തിലേക്ക് നയിക്കുന്നു.

എണ്ണത്തില്‍ ചോര്‍ച്ചയില്ലെന്ന് തെളിയിക്കാനും തിരിച്ച് ചോര്‍ച്ചയുണ്ടെന്ന് തെളിയിക്കാനും മിക്ക നിയോജകമണ്ഡലങ്ങളിലും ഈ പത്തുശതമാനം മതിയാവും, പ്രത്യേകിച്ചും രണ്ട് മുന്നണികളും തമ്മിലുള്ള വിടവ് ഒരു ശതമാനത്തില്‍ താഴെനില്‍ക്കുന്ന ഒരു സംസ്ഥാനത്ത് വളരെ ലളിതായ ഒരു ഗണിതക്രിയയാണ്. എന്നാല്‍ ഈ പുതിയ വോട്ടര്‍മാരുടെ കൂറ് എങ്ങോട്ടാണെന്ന് കൃത്യമായി വിലയിരുത്താന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും തയ്യാറല്ല. കാരണം അത് വെളിവായിക്കഴിഞ്ഞാല്‍ ഇന്നത്തെ രീതിയിലുള്ള രാഷ്ട്രീയസംഘടനകളുടെ ഭാവി ചോദ്യം ചെയ്യപ്പെട്ടേക്കാം.

തല്‍ക്കാലത്തേക്ക് ഈ ‘പുതുപക്ഷം’ അരാഷ്ട്രീയരായി നില്‍ക്കണമെന്നാണ് ഇരുമുന്നണികളും ആഗ്രഹിക്കുന്നത്. ഓരോ തിരഞ്ഞെടുപ്പുകാലത്തും ഉയര്‍ന്നുവരുന്ന വൈകാരിക പ്രശ്‌നങ്ങളുടെ ചൂണ്ടകളില്‍ അവരെ കൊളുത്തിവലിച്ചെടുക്കാന്‍ പറ്റും. രാഷ്ട്രീയം വെറും തിരഞ്ഞെടുപ്പുരാഷ്ട്രീയം മാത്രമായി മാറുമ്പോള്‍ അതാണ് ലാഭകരം.

ഈ പുതുവോട്ടര്‍മാര്‍ മന്ത്രിമാരാവാനും അധികാരത്തിലേറാനും മത്സരിയ്ക്കുകയുമില്ല. മരണംവരെ മാറി മാറി നേതാക്കള്‍ക്ക് മന്ത്രിമാരാവാനും പറ്റും. പിന്നെ നിയമസഭയിലും മന്ത്രിസഭയിലും എത്തുന്ന ചെറുപ്പക്കാര്‍ ആരാണ്? അവരെല്ലാം ഏതെങ്കിലും ‘ഗോഡ്ഫാദര്‍മാര്‍’ അവരുടെ അളവില്‍ നിര്‍മ്മിച്ചെടുക്കുന്നവര്‍ ആരാണ്. പഴയ നേതാക്കളുടെ പുതിയ മാറ്റൊലികള്‍.

v-s-achudanandanചില ജില്ലകളില്‍ സാമുദായിക സമവാക്യങ്ങള്‍ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയത്തെ അട്ടിമറിച്ചിട്ടുണ്ട്. മലപ്പുറവും എറണാകുളവും കോട്ടയവും ആ ഗണത്തില്‍പെടുത്താം. എന്നാല്‍ ഈ ജില്ലകളില്‍പോലും ഇടതുമുന്നണിയ്ക്കുണ്ടായ കൂട്ടത്തോല്‍വി അത്തരം സാമുദായിക സമവാക്യങ്ങളില്‍നിന്നാണെന്ന് കരുതാന്‍ ന്യായമില്ല. മലപ്പുറം ജില്ലയില്‍ യു.ഡി.എഫും ലീഗും നേടിയ വന്‍വിജയത്തില്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഒരു ‘കൈ’ സഹായവും ഉണ്ട്.

പാര്‍ട്ടി അവിടെ നിഷ്‌ക്രിയരായി കാഴ്ചകണ്ടു നില്‍ക്കുകയായിരുന്നു. അവിടെ അച്യുതാനന്ദന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതിപെണ്‍വാണിഭപ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പുവിഷയമാക്കാന്‍ ഒരിടത്തുപോലും എല്‍.ഡി.എഫ് തയ്യാറായില്ല. കുഞ്ഞാലിക്കുട്ടിയെ ഭയന്നിട്ടാണെന്നാണ് ജില്ലാനേതൃത്വം പറയുന്നത്. ഭയമാണോ ആരാധനയും പ്രണയവുമാണോ മുന്നിട്ടുനിന്നതെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

ജില്ലാ പാര്‍ട്ടി സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ എറണാകുളം ജില്ലയില്‍ പാര്‍ട്ടിയുടെ വോട്ടില്‍ ചോര്‍ച്ചയില്ലെന്ന് പറയുമ്പോഴും എറണാകുളത്തെ സ്ഥാനാര്‍ത്ഥി സെബാസ്റ്റിയന്‍പോള്‍ പറയുന്നതിനോടു യോജിക്കാനാണ് കണക്കുകള്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. എന്തായാലും 15,000 പാര്‍ട്ടിവോട്ടുകള്‍ എവിടെപ്പോയെന്നതിന് ഉത്തരം പാര്‍ട്ടി പറയേണ്ടിവരും. ഹൈബി ഈഡന്റെ ഫേസ്ബുക്കാണ് കുഴപ്പക്കാരന്‍ എന്ന് ഗോപി കോട്ടമുറിക്കല്‍ പറയുമ്പോള്‍ ഫേസ്ബുക്ക് ഹൈബി ഈഡന്‍ കുത്തകപ്പാട്ടത്തിനെടുത്തതാണോ എന്ന മറുചോദ്യം ഉന്നയിക്കേണ്ടിവരും.

അതുപോലെ പാര്‍ട്ടി വിജയപ്രതീക്ഷവെച്ചിരുന്ന തൃപ്പൂണിത്തുറയില്‍ എന്തു സംഭവിച്ചു? ജില്ലാ സെക്രട്ടറി മത്സരിക്കാന്‍ തിരഞ്ഞെടുത്ത മണ്ഡലമാണല്ലോ തൃപ്പൂണിത്തുറ.കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടിയ മണ്ഡലമാണ് തൃപ്പൂണിത്തുറ. ആലുവയില്‍ എന്തുകൊണ്ട് പാര്‍ട്ടി വോട്ടുകള്‍ എല്ലാം എല്‍.ഡി.എഫിന് കിട്ടിയില്ല. മട്ടാഞ്ചേരിയില്‍ ജോസഫൈന്‍ പരാജയപ്പെട്ടതില്‍ അത്ഭുതമില്ല. കാരണം സെക്രട്ടറിയേറ്റില്‍ വി എസ്സിനെ അധികം തുണച്ച ജോസഫൈനെ പരാജയപ്പെടുത്തണമെന്ന് നേരത്തെത്തന്നെ തീരുമാനിക്കപ്പെട്ടതാണ്.

കണ്ണൂര്‍ജില്ലയിലും പാലക്കാട് ജില്ലയിലും ഇടതുപക്ഷം പരാജയപ്പെട്ടത് ഔദ്യോഗിക നേതൃത്വത്തിന്റെ അജന്‍ഡയുടെ വിജയപ്രദമായ പ്രയോഗമാണ്. അച്യുതാനന്ദന്‍ ഭരിക്കാതിരിക്കാന്‍ സംഘടിതമായി പാര്‍ട്ടിയന്ത്രം ചലിച്ചതിന്റെ പരിണിതഫലമാണ് ഇത്. രഹസ്യമായി പാര്‍ട്ടിയ്ക്ക് ഈ തന്ത്രം നടപ്പിലാക്കാന്‍ പറ്റിയ സംഘടനാസംവിധാനങ്ങള്‍ നിലവിലുള്ള ജില്ലകളാണ് ഇവ രണ്ടും.

കേന്ദ്രനേതൃത്വം പ്രത്യേകിച്ചും പ്രകാശ് കാരാട്ട് പത്രസമ്മേളനത്തില്‍ ഈ രണ്ടുജില്ലകളില്‍ പാര്‍ട്ടിവോട്ടില്‍ ചോര്‍ച്ച ഉണ്ടായില്ലെന്ന് പറയുന്നതിന്റെ അര്‍ത്ഥംതന്നെ ‘കള്ളന്‍ പത്തായത്തിലില്ല’ എന്നതാണ്. അങ്ങനെ പാര്‍ട്ടി സൃഷ്ടിച്ച അടിയൊഴുക്കുകളിലാണ് ഇത്തവണ ഭരണം ഇടതുപക്ഷത്തിന് നഷ്ടമാവുന്നത്. ഈ തെറ്റ് അംഗീകരിച്ചാലേ പാര്‍ട്ടിയ്ക്ക് ഇനി വേറൊരു വിജയം കയ്യെത്തിപ്പിടിക്കാനാവൂ.

അതിനവര്‍ തയ്യാറാവുകയുമില്ല. കാരണം അടിയൊഴുക്കുകളും ഉള്‍വലിവുകളും സൃഷ്ടിക്കുന്നവര്‍ ഈ രാഷ്ട്രീയനേതാക്കള്‍ തന്നെയാണ്.

Advertisement