പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്; അല്ലാഹു അക്ബര്‍ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധവുമായി പ്രവര്‍ത്തകര്‍
Kerala News
പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ്; അല്ലാഹു അക്ബര്‍ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധവുമായി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th December 2021, 1:25 pm

കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ഫ്രണ്ട് , എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

അതേസമയം, കണ്ണൂരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ ഇ.ഡിയുടെ പരിശോധനയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി.

ഇ.ഡി ഗോ ബാക്ക്, അല്ലാഹു അക്ബര്‍, ആര്‍.എസ്.എസ് ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങളുമായി എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ പ്രതിഷേധിച്ചു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് നടന്ന പൊതുപരിപാടിക്കിടെ ആര്‍.എസ്.എസിനും ബി.ജെ.പിക്കുമെതിരെ ഷഫീഖ് വിവാദ പരാമര്‍ശം നടത്തിയിരുന്നു.

ഇതേത്തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. വിദേശഫണ്ട് സ്വീകരിച്ച് നാട്ടില്‍ കലാപമുണ്ടാക്കാനാണ് ഷഫീഖ് ശ്രമിക്കുന്നതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

സംഭവ സ്ഥലത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ കൂടെ എത്തിയതോടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.

അതേസമയം മലപ്പുറം എരമംഗലം പെരുമ്പടപ്പിലും റെയ്ഡിനിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് റസാഖ് കുറ്റിക്കാടന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നതിനിടെ ആയിരുന്നു പ്രതിഷേധം.

ഇതിനിടയില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ഇ.ഡി ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.

ദല്‍ഹി കലാപത്തിന് ശേഷം സമാനമായ രീതിയില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. അതിന് തുടര്‍ച്ചയായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തുന്നതെന്നാണ് സൂചന.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: ED raids on Popular Friend and SDPI centers