കേരളവും സാമ്പത്തിക മാന്ദ്യത്തിലേക്ക്?; പ്രതിസന്ധിയുണ്ടാക്കി ജി.എസ്.ടി; ട്രഷറി ഓവര്‍ ഡ്രാഫ്റ്റായത് ഈ മാസം രണ്ടാം തവണ
Economic Crisis
കേരളവും സാമ്പത്തിക മാന്ദ്യത്തിലേക്ക്?; പ്രതിസന്ധിയുണ്ടാക്കി ജി.എസ്.ടി; ട്രഷറി ഓവര്‍ ഡ്രാഫ്റ്റായത് ഈ മാസം രണ്ടാം തവണ
ന്യൂസ് ഡെസ്‌ക്
Friday, 18th October 2019, 8:05 am

കേരളം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന. രാജ്യത്താകമാനം അലയടിക്കുന്ന സാമ്പത്തിക മാന്ദ്യം കേരളത്തിലും പിടിമുറുക്കുന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് മദ്യം, പെട്രോള്‍, ഡീസല്‍ എന്നീ ജി.എസ്.ടിയുടെ പരിധിയില്‍ വരാത്തവയില്‍നിന്നുള്ള നികുതിവരുമാനം കുറഞ്ഞെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ഈയിനത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 740 കോടി രൂപയുടെ കുറവാണുള്ളത്. മാന്ദ്യം പിടിമുറുക്കുന്നതിന്റെ സൂചനയായാണ് ധനവകുപ്പ് ഇതിനെ കണക്കാക്കുന്നത്.

ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെയുള്ള ആറുമാസം സംസ്ഥാനത്തെ വാണിജ്യ നികുതിവരുമാന വളര്‍ച്ച വളരെകുറവാണ്. 20 ശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ആസൂത്രണംചെയ്ത ചെലവുകള്‍ നിയന്ത്രിക്കാനുമായില്ല. ദൈനംദിന ചെലവുകള്‍ക്ക് റിസര്‍വ് ബാങ്കില്‍നിന്ന് മുന്‍കൂറായി പണമെടുക്കേണ്ട സ്ഥിതിയാണ്. ഈയിടെ പലഘട്ടത്തിലും ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലുമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ മാസം രണ്ടുദിവസം ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലായി. പതിവ് ചെലവുകള്‍ക്കുപുറമേ 1994-ലെടുത്ത ഒരു വായ്പയുടെ മുതല്‍ ഇനത്തില്‍ 2200 കോടി അടയ്‌ക്കേണ്ടിവന്നതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് ധനവകുപ്പ് വൃത്തങ്ങളെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു.

പണത്തിന് ഞെരുക്കമുള്ളപ്പോള്‍ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് ‘വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സ്’ എന്നനിലയില്‍ റിസര്‍വ് ബാങ്കില്‍നിന്ന് മുന്‍കൂറായി 1500 കോടിരൂപവരെ എടുക്കാനാകും. ഇതില്‍ക്കൂടുതലെടുത്താല്‍ ഓവര്‍ ഡ്രാഫ്റ്റാവും. മുന്‍കൂറായി എടുത്ത മൊത്തം തുക 14 ദിവസത്തിനകം അടച്ചില്ലെങ്കില്‍ ട്രഷറി സ്തംഭിക്കും. എന്നാല്‍, പരമാവധി അഞ്ചുദിവസത്തിനകം ഓവര്‍ ഡ്രാഫ്റ്റ് ഒഴിവാക്കാന്‍ കഴിയുന്നതിനാല്‍ ട്രഷറി സ്തംഭിക്കുന്ന സാഹചര്യം നിലവിലില്ല. ട്രഷറിയിലെ ഇടപാടുകള്‍ ഭാവിയിലും സ്തംഭിക്കില്ലെന്ന് ധനവകുപ്പ് പറയുന്നു.

രാജ്യമൊട്ടാകെയുള്ള മാന്ദ്യവും ജി.എസ്.ടിയിലെ പ്രശ്‌നങ്ങളുമാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് വിലയിരുത്തല്‍. അതിനാല്‍ത്തന്നെ തങ്ങള്‍ നിസ്സഹായരാണെന്നാണ് ധനവകുപ്പ് അവകാശപ്പെടുന്നത്. ജി.എസ്.ടിയില്‍നിന്ന് ഇപ്പോള്‍ മാസം ശരാശരി 1600 കോടിരൂപയാണ് കേരളത്തിന് കിട്ടുന്നത്. കിട്ടേണ്ടതിലും 500 കോടിയെങ്കിലും കുറവാണിത്. ജി.എസ്.ടി വരുമാനത്തിലെ മാന്ദ്യം രാജ്യത്തുടനീളമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ട്രഷറിയില്‍ മുന്‍കാലത്തുണ്ടായിരുന്ന നിക്ഷേപങ്ങളും മറ്റും വായ്പയായി കണക്കാക്കി സംസ്ഥാനത്തിന്റെ വായ്പപരിധിയില്‍ ഈ വര്‍ഷം കേന്ദ്രം കുറവുവരുത്തിയതും തിരിച്ചടിയായി.