എഡിറ്റര്‍
എഡിറ്റര്‍
വോട്ടിനായി പണമൊഴുക്കി; ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി
എഡിറ്റര്‍
Monday 10th April 2017 10:37am

ചെന്നൈ: ജയലളിതയുടെ മണ്ഡലമായിരുന്ന ആര്‍.കെ നഗറില്‍ നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. വന്‍തോതില്‍ പണം ഒഴുകിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തേ പ്രചരിച്ചിരുന്നു. ഈ മാസം 12-നായിരുന്നു തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയതിനുള്ള കൂടുതല്‍ തെളിവുകള്‍ ഇവിടെ നിന്ന് ആദായനികുതി വകുപ്പിന് ലഭിച്ചു. ആദായനികുതി വകുപ്പിന്റേയും വരണാധികാരിയുടേയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

മുന്‍ മുഖ്യമന്ത്രി ജയലളിത അന്തരിച്ചതിനെ തുടര്‍ന്നാണ് ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്. പുതുക്കിയ തിയ്യതി കമ്മീഷന്‍ പിന്നീട് അറിയിക്കും. ഓരോ വോട്ടര്‍ക്കും 4,000 രൂപ വീതം നല്‍കിയെന്നും ഇത്തരത്തില്‍ ആകെ വിതരണം ചെയ്തത് 89 കോടി രൂപ വിതരണം ചെയ്തതിന്റെ വിശദാംശങ്ങളും രേഖകളും വിജയഭാസ്‌കറിന്റെ വസതിയില്‍ നിന്ന് ലഭിച്ചിരുന്നു.


Also Read: ‘അറസ്റ്റ് ഭരണഘടനാ ലംഘനം; പിന്നില്‍ ഗൂഡാലോചന’; ഷാജഹാന്‍ എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ എത്തി


അണ്ണാ ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികലയുടെ ബന്ധുവുമായ ടി.ടി.വി ദിനകരനാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി. വിമതവിഭാഗത്തെ പ്രധാനിയായ ഇ. മധുസൂദനനെയാണ് പനീര്‍ശെല്‍വം വിഭാഗം സ്ഥാനാര്‍ഥിയാക്കിയത്. ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും മത്സരരംഗത്തുണ്ട്. എം മരുതുഗണേഷാണ് ഡി.എം.കെ സ്ഥാനാര്‍ഥി.

ഡി.എം.കെ, അണ്ണാ ഡി.എ.കെ എന്നീ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം തഞ്ചാവൂരിലേയും അരവക്കുറിച്ചിയിലേയും തെരഞ്ഞെടുപ്പ് മുന്‍പ് റദ്ദാക്കിയിരുന്നു.

Advertisement