'പല തവണ പറഞ്ഞതാണ്'; ഇ.വി.എം അട്ടിമറി ആരോപണത്തില്‍ കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍; 'ഇനിയും വ്യക്തത വരുത്താനാവില്ല'
Bihar Election 2020
'പല തവണ പറഞ്ഞതാണ്'; ഇ.വി.എം അട്ടിമറി ആരോപണത്തില്‍ കോണ്‍ഗ്രസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍; 'ഇനിയും വ്യക്തത വരുത്താനാവില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th November 2020, 2:39 pm

പാട്‌ന: ബീഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ ഇ.വി.എം ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുമെങ്കില്‍ എന്തുകൊണ്ട് ഇ.വി.എം നിയന്ത്രിച്ചുകൂടാ എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് ചോദിച്ചത്.

എന്നാല്‍ കോണ്‍ഗ്രസിന്റെ ഈ ആരോപണത്തില്‍ മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തി.

ഇ.വി.എമ്മുകള്‍ അട്ടിമറിക്കാന്‍ കഴിയില്ലെന്നും ഇക്കാര്യം നിരവധി തവണ തെളിയിക്കപ്പെട്ടതാണെന്നുമായിരുന്നു ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ സുദീപ് ജെയിന്‍ പറഞ്ഞത്. ‘ഒന്നിലധികം തവണ ഇ.വി.എമ്മുകളുടെ സമഗ്രത സുപ്രീം കോടതി ശരിവെച്ചിട്ടുണ്ട്. 2017 ലും ഇലക്ഷന്‍ കമ്മീഷന്‍ ഇ.വി.എം ചലഞ്ച് വാഗ്ദാനം ചെയ്തിരുന്നു. ഇ.വി.എമ്മുകളുടെ സമഗ്രതയുമായി ബന്ധപ്പെട്ട് യാതൊരു സംശയവുമില്ല, അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത നല്‍കേണ്ടതില്ല,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ചൊവ്വയിലേക്കും ചന്ദ്രനിലേക്കും പോകുന്ന ഉപഗ്രഹം ഭൂമിയില്‍ നിന്ന് നിയന്ത്രിക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഇ.വി.എം ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു’ ഉദിത് രാജ് ട്വീറ്റ് ചെയ്തത്.

ബീഹാറില്‍ കോണ്‍ഗ്രസിന് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്. നിലവില്‍ 19 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറുന്നത്.

സഖ്യകക്ഷിയായ ആര്‍.ജെ.ഡി 62 സീറ്റുകളില്‍ മുന്നേറുമ്പോള്‍ ബി.ജെ.പി 75 സീറ്റുകളില്‍ മുന്നിലാണ്. അതേസമയം നിതീഷ് കുമാറിന്റെ ജെ.ഡി.യു 51 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

എട്ട് മണിക്ക് തുടങ്ങിയ ബിഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍ പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ ആണ് മുന്നേറുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കാവുന്ന സ്ഥിതി ബിഹാറിലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: EC against congress on evm tampering allegation