| Tuesday, 17th January 2012, 4:28 pm

ചുവന്ന പ്ലേറ്റില്‍ ഭക്ഷണം കഴിച്ചാലോ!

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചില കൊച്ചുകുട്ടികളുണ്ട്. നല്ല ഭംഗിയുള്ള പ്ലേറ്റുകള്‍ വീട്ടിലുണ്ടെങ്കില്‍ അതില്‍ തന്നെ ഭക്ഷണം കഴിക്കണമെന്ന് വാശിപിടിക്കും. അപ്പോള്‍ അമ്മമാര്‍ പറയും ഏത് പ്ലേറ്റായാലെന്താ ഭക്ഷണം വയറ്റിലെത്തിയാല്‍പോരെയെന്ന്. എന്നാല്‍ ഇനി അങ്ങനെ പറയേണ്ട. കാരണം പ്ലേറ്റിലുമുണ്ട് കാര്യം.

ചുവന്ന പ്ലേറ്റില്‍ ഭക്ഷണം കഴിച്ചാല്‍ സാധാരണ കഴിക്കുന്നതിന്റെ 40%ത്തോളം കുറവേ നമ്മള്‍ കഴിക്കൂവെന്നാണ് പുതിയ കണ്ടെത്തല്‍. സ്വിസ്- ജര്‍മന്‍ ശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടെത്തലിന് പിന്നില്‍.

പ്ലേറ്റിന്റെ ചുവന്ന കളറ് തന്നെയാണ് ഇതിന് കാരണം. ചുവപ്പ് കളര്‍ ഒരു മുന്നറിയിപ്പ്, അപായം എന്നീ രീതികളിലാണ് നമ്മള്‍ കാണുന്നത്. അതുതന്നെയാണ് ഈ പ്ലേറ്റില്‍ ആഹാരം കഴിക്കുമ്പോഴത്തെ പ്രശ്‌നവും.

ഇനി ഇതുകൊണ്ടെന്നാണ് ഉപകാരമെന്നല്ലേ. ആരോഗ്യത്തിന് ദോഷകരമായ ആഹാരസാധനങ്ങള്‍ ചുവന്ന പാക്കില്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍ അതുവഴി ഇത്തരം ഭക്ഷണസാധനങ്ങളുടെ ഉപഭോഗം കുറയ്ക്കാനാകുമെന്നാണ് ഇവര്‍ പറയുന്നത്. മദ്യശാലകളില്‍ നന്നായി ചുവപ്പുനിറം ഉപയോഗിച്ചാല്‍ അതിന്റെ ഉപഭോഗവും കുറയ്ക്കാനാവുമെന്ന് ഇവര്‍ പറയുന്നു.

41 വിദ്യാര്‍ത്ഥികള്‍ക്ക് ചുവന്ന കപ്പിലും നീലകപ്പിലും ചായ കൊടുത്താണ് പരീക്ഷണം നടത്തിയത്. ഇതില്‍ ചുവന്ന കപ്പില്‍ ചായനല്‍കിയപ്പോള്‍ 44% കുറവാണ് കഴിച്ചതെന്ന് കണ്ടെത്തി.

പഠനത്തിന്റെ രണ്ടാം ഘട്ടത്തില്‍ 101 ആളുകള്‍ക്ക് ചുവന്ന പ്ലേറ്റിലും നീല പ്ലേറ്റിലുമായി ഭക്ഷണം നല്‍കി. ഇതില്‍ ചുവന്ന പ്ലേറ്റില്‍ നല്‍കിയ ഭക്ഷണം കുറച്ചേ എല്ലാവരും കഴിച്ചുള്ളൂവെന്ന് കണ്ടെത്തി. അപ്പറ്റൈറ്റ് എന്ന ജേണലില്‍ ഈ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇനി ഭക്ഷണ നിയന്ത്രണത്തിലൂടെ തടികുറയ്ക്കാനാഗ്രഹിക്കുന്ന പൊണ്ണത്തടിയന്‍മാര്‍ക്ക് ഒരു മാര്‍ഗം കൂടി. ചുവന്ന പ്ലേറ്റില്‍ ആഹാരം കഴിക്കുക.

We use cookies to give you the best possible experience. Learn more