ട്വന്റി 20 മോഡല്‍ അടിമാലിയിലും : കിറ്റെക്‌സിന്റെ വഴി പിന്തുടര്‍ന്ന് ഈസ്റ്റേണ്‍
Daily News
ട്വന്റി 20 മോഡല്‍ അടിമാലിയിലും : കിറ്റെക്‌സിന്റെ വഴി പിന്തുടര്‍ന്ന് ഈസ്റ്റേണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th November 2015, 7:00 am

കൊച്ചി: കിഴക്കമ്പലത്തിന്റെ മാതൃക പിന്തുടര്‍ന്ന് കേരളത്തിലെ മറ്റു മേഖലകളിലും കമ്പനി ഭരണം കൊണ്ടുവരാന്‍ ഈസ്റ്റേണ്‍ ഗ്രൂപ്പ്. ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ട്വിന്റി 20 മാതൃകയില്‍ അടിമാലിയില്‍ ജനകീയ കൂട്ടായ്മ രൂപീകരിക്കാന്‍ നീക്കം നടക്കുന്നത്.

ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍ മംഗളം പത്രത്തോട് ഇക്കാര്യം വ്യക്തമാക്കിയത്. ട്വന്റി 20 വഴി കിഴക്കമ്പലത്ത് സൃഷ്ടിച്ച ചലനം കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ക്ക് കേരളമാകെ ഏറ്റെടുക്കാന്‍ കഴിയുന്നതാണ് എന്നാണ് നവാസ് മീരാന്റെ വിലയിരുത്തല്‍.

രാഷ്ട്രീയകക്ഷികള്‍ അധികാരത്തിലേറി പഞ്ചായത്ത് ഭരിച്ചാല്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രയോജനം കോര്‍പറേറ്റുകള്‍ക്കു നല്‍കാന്‍ കഴിയുമെന്നാണ് നവാസിന്റെ അവകാശവാദം. പഞ്ചായത്ത് രാഷ്ട്രീയകക്ഷികള്‍ ഭരിച്ചാല്‍ ചെലവിടാന്‍ നീക്കിവയ്ക്കുന്നതിന്റെ നാലിലൊന്നു മാത്രമേ നേരിട്ട് ജനങ്ങള്‍ക്കു പ്രയോജനപ്പെടൂ. കേരളത്തില്‍ പഞ്ചായത്തുകളുടെ ഭരണം പാര്‍ട്ടി അധിഷ്ഠിതമല്ലാതാവുമെന്നതാണ് ഭാവിയില്‍ സംഭവിക്കാവുന്ന സാധ്യത. പഞ്ചായത്തിന്റെ കൂടി ഫണ്ട് സ്വരൂപിച്ച് കോര്‍പറേറ്റുകള്‍ വികസനത്തിനു കൈകോര്‍ക്കുകയാണെങ്കില്‍ ഇരട്ടി പ്രയോജനം ലഭിക്കുമെന്നും നവാസ് പറയുന്നു.

ഏറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് ഭരണം ഗാര്‍മെന്റ്‌സ് കമ്പനിയായ കിറ്റെക്‌സിന്റെ കീഴിലുള്ള ട്വന്റി 20 ക്ലബ് പിടിച്ചെടുത്തിരുന്നു. കേരള ചരിത്രത്തില്‍ ആദ്യമായാണ് മൂന്ന് രാഷ്ട്രീയ പാര്‍ട്ടികളെയും പിന്തള്ളി ഒരു കോര്‍പ്പറേറ്റ് സ്‌പോണ്‍സേര്‍ഡ് കൂട്ടായ്മ തെരഞ്ഞെടുപ്പില്‍ ഇത്രവലിയ വിജയം നേടുന്നത്.

കിറ്റെക്‌സ് നേടിയ വിജയത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇപ്പോള്‍ ഈസ്‌റ്റേണും ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ബിസിനസ് താല്‍പര്യങ്ങള്‍ക്കുവേണ്ടി കോര്‍പ്പറേറ്റുകള്‍ ജനാധിപത്യത്തെ വിലയ്‌ക്കെടുക്കുന്ന രീതിയാണിതെന്ന ആശങ്ക ട്വന്റി 20 വിജയം നേടിയ സമയത്ത് തന്നെ ഉയര്‍ന്നുവന്നിരുന്നു. ആ ആശങ്കകള്‍ അസ്ഥാനത്തല്ല എന്നു തെളിയിക്കുന്നതാണ് പുതിയ നീക്കങ്ങള്‍.

അഞ്ചു കോടിക്ക് മേല്‍ ലാഭമുള്ള കുത്തകകള്‍ രണ്ടു ശതമാനം സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാന്‍ ചിലവഴിക്കണമെന്നു നിയമമുണ്ട്. ഈ നിയമത്തിന്റെ മറ പിടിച്ചാണ് കിഴക്കമ്പലം ആസ്ഥാനമായുള്ള കിറ്റക്‌സ് ഗ്രൂപ്പ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. ഈ നിയമത്തെ രാഷ്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയുള്ള പരിണിതിയാക്കിമാറ്റുകയാണ് കിറ്റക്‌സ് ഗ്രൂപ്പ് ചെയ്തത്.

ഒരു വ്യവസായ ഗ്രൂപ്പ് കോര്‍പ്പറേഷന്‍, പഞ്ചായത്ത് പരിധിയില്‍ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിച്ചു പുതു പ്രവര്‍ത്തനങ്ങള്‍ നടത്തി ഒടുവില്‍ അധികാരം തന്നെ പിടിച്ചെടുക്കുകയെന്ന രീതിയാണ് കിഴക്കമ്പലത്ത് കാണാനായത്.