എഡിറ്റര്‍
എഡിറ്റര്‍
ഇ 2 ഒയ്ക്ക് 1.70 ലക്ഷം രൂപ വിലക്കിഴിവ്
എഡിറ്റര്‍
Monday 24th February 2014 3:37pm

e2o

നാലു വര്‍ഷം മുമ്പ് റേവ ഇലക്ട്രിക് കാര്‍ കമ്പനിയെ ഏറ്റെടുത്തപ്പോഴും പിന്നീട് ഇ ടു ഒ എന്ന പുതിയ ഇലക്ട്രിക് കാര്‍ പുറത്തിറത്തിറക്കിയപ്പോഴുമൊക്കെ മഹീന്ദ്രയ്ക്ക് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു.

എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ന്നടിയുന്നതാണ് പിന്നീടു കണ്ടത്. ഇലക്ട്രിക് കാറിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. ഫലമോ ഇ 2 ഒ വിലക്കൂടുതലുള്ള കാറായി മാറി.

കാറിന്റെ വില്‍പ്പന തീര്‍ത്തുമോശമാകാന്‍ അതു കാരണമായി. ഇ ടു ഒയുടെ വിലയില്‍ 1.70 ലക്ഷം രൂപയുടെ ഇളവ് പ്രഖ്യാപിച്ച് വില്‍പ്പന മെച്ചപ്പെടുത്താനുള്ള പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് ഇപ്പോള്‍ മഹീന്ദ്ര റേവ ഇലക്ട്രിക് വെഹിക്കിള്‍സ്.

യഥാര്‍ഥത്തില്‍ വണ്ടി വില കുറയുന്നില്ലെങ്കിലും ആദ്യം മുടക്കേണ്ട തുകയില്‍ 1.70 ലക്ഷം രൂപ കുറവുണ്ടാകും. ബാറ്ററിയുടെ വില ഈടാക്കാതെയാണ് ഇതു സാധ്യമാക്കുന്നത്. ഇ ടു ഒയുടെ ബാറ്ററിയുടെ ഉടമസ്ഥാവകാശം കമ്പനിയ്ക്കായിരിക്കും.

പ്രതിമാസ വാടക നല്‍കി ഉടമയ്ക്ക് ബാറ്ററി ഉപയോഗിക്കാം. ഇപ്പോള്‍ 6.50 ലക്ഷം രൂപ വിലയുള്ള ഇ 2 ഒ ബേസ് മോഡല്‍ ഈ പദ്ധതി പ്രകാരം 4.82 ലക്ഷം രൂപയ്ക്ക് ലഭിക്കും.

ബാറ്ററിയ്ക്ക് പ്രതിമാസം 2,599 രൂപ മുതല്‍ 2999 രൂപ വരെ വാടകയുള്ള പദ്ധതികളാണു കമ്പനി അവതരിപ്പിക്കുന്നത്; എനര്‍ജി ഫീയായി 2,599 രൂപ വീതം പ്രതിമാസം അടച്ച് അഞ്ചു വര്‍ഷത്തേക്ക് 50,000 കിലോമീറ്റര്‍ !( പ്രതിമാസം 800 കിലോമീറ്റര്‍ / പ്രതിദിനം 27 കിലോമീറ്റര്‍ ) കാര്‍ ഓടിക്കാമെന്നാണു മഹീന്ദ്ര റേവയുടെ വാഗ്ദാനം.

ബാറ്ററിയുടെ പരിപാലനത്തിന് 24 മണിക്കൂറും ലഭ്യമാവുന്ന വില്‍പ്പനാന്തര സേവനം മഹീന്ദ്ര റേവ ഉറപ്പു നല്‍കുന്നു. കൂടാതെ കാലാവധി തീരുംമുമ്പ് ബാറ്ററിയ്ക്ക് തകരാര്‍ വന്നാല്‍ പകരം പുതിയതു നല്‍കും.

കഴിഞ്ഞ മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഇ 2 ഒ യുടെ ഇതുവരെയുള്ള വില്‍പ്പന 500 യൂണിറ്റില്‍ താഴെയാണ്. പുതിയ പദ്ധതി നടപ്പിലാകുന്നതോടെ ഇ 2 ഒ വില്‍പ്പന ഉയരുമെന്ന് പ്രതീക്ഷിക്കാം.

ഒരു മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാനാവുന്ന ക്വിക് ടു ചാര്‍ജ് സിസ്റ്റവും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. നാല്‍പ്പതിനായിരം രൂപയാണ് ഇതിനു വില. പതിനഞ്ച് മിനിറ്റ് ചാര്‍ജിങ്ങില്‍ 25 കിമീ ഓടാനാവും.

autobeatz-new

Advertisement