അമ്പലത്തിലും പള്ളിയിലും പോയി സത്യം ചെയ്തവര്‍ നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് ബി.ജെ.പിയില്‍ ലയിക്കുന്നത് വരെയെത്തി കാര്യങ്ങള്‍: വി.കെ. സനോജ്
Kerala News
അമ്പലത്തിലും പള്ളിയിലും പോയി സത്യം ചെയ്തവര്‍ നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് ബി.ജെ.പിയില്‍ ലയിക്കുന്നത് വരെയെത്തി കാര്യങ്ങള്‍: വി.കെ. സനോജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th September 2022, 2:32 pm

 

കോഴിക്കോട്: ഗോവയില്‍ എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ വി.കെ. സനോജ്. കോണ്‍ഗ്രസുകാരൊക്കെ ഒത്തൊരുമയോടെ ബി.ജെ.പിയിലേക്ക് പോവുകയാണെന്നും അമ്പലത്തിലും പള്ളിയിലും പോയി സത്യം ചെയ്തവരാണ് ബി.ജെ.പിക്കൊപ്പം ചേരുന്നതെന്നും വി.കെ. സനോജ് പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസ് ബി.ജെ.പിക്ക് ബദല്‍ തന്നെയാണെന്നും വി.കെ. സനോജ് പറഞ്ഞു.

‘തെരഞ്ഞെടുപ്പ് ജയിച്ചാല്‍ കൂറുമാറില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ അമ്പലത്തിലും പള്ളിയിലും പോയി സത്യം ചെയ്തവരാണ് ഗോവയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍. ഇന്ന് ഗോവയിലെ അവശേഷിക്കുന്ന കോണ്‍ഗ്രസിലെ മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം എട്ട് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേരുകയാണ്.

ഇത്രകാലം ഒന്നോ രണ്ടോ കോണ്‍ഗ്രസ് എം.എല്‍.എമാരായി ബി.ജെ.പിയിലേക്ക് പോകുന്നു എന്നാണ് നമ്മള്‍ കേട്ടുകൊണ്ടിരുന്നത്, എന്നാല്‍ ഇപ്പോള്‍ ഒരു സംസ്ഥാനത്തെ പാര്‍ട്ടി മുഴുവനായും നിയമസഭാ കക്ഷി യോഗം ചേര്‍ന്ന് ബി.ജെ.പിയില്‍ ലയിക്കുന്നതായി പ്രമേയം പാസാക്കുന്ന തരം വളര്‍ച്ചയിലേക്ക് ആ പാര്‍ട്ടി മാറിയിരിക്കുന്നു.

മുന്നേ അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മന്ത്രിസഭയടക്കം ബി.ജെ.പിയിലേക്ക് പോകുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്, ഇപ്പോള്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത നേതാക്കള്‍ അടക്കം പ്രമേയം പാസാക്കി ബി.ജെ.പിയിലേക്ക് പോകുന്നു.

ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് മാത്രമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുന്നത്. 2014- 2022 കാലയളവിലെ 7 വര്‍ഷം കൊണ്ട് മാത്രം 177 കോണ്‍ഗ്രസ് ജനപ്രതിനിധികളാണ് പാര്‍ട്ടി വിട്ടത് അതില്‍ 173 പേരും പോയത് ബി.ജെ.പിയിലേക്ക്.

ബി.ജെ.പിയുടെ വിവിധ സംസ്ഥാനങ്ങളിലും പാര്‍ലമെന്റിലുമുള്ള അംഗങ്ങളില്‍ നാല്‍പത് ശതമാനത്തില്‍ അധികവും പഴയ കോണ്‍ഗ്രസ് നേതാക്കളാണ്.
കോണ്ഗ്രസ് ബി.ജെ.പിക്ക് ബദല്‍ തന്നെയാണ്, പൊതുമേഖലാ വില്‍പനയിലും കോര്‍പ്പറേറ്റ് കൂട്ടു കച്ചവടത്തിന്റെ കാര്യത്തിലും മാത്രമാണെന്ന് മാത്രം,’ വി.ക. സനോജ് പറഞ്ഞു.

അതേസമയം, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എം.എല്‍.എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബി.ജെ.പിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ആകെയുള്ള 11 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ എട്ട് പേരാണ് ബി.ജെ.പിക്കൊപ്പം ചേരാനൊരുങ്ങുന്നത്.

ഗോവയില്‍ മഹാരാഷ്ട്ര ആവര്‍ത്തിക്കാന്‍ ബി.ജെ.പി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതൃത്വം നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ഗോവയിലെ ഓപ്പറേഷന്‍ താമര ചീറ്റിപ്പോയെന്നും എല്ലാ സമ്മര്‍ദങ്ങളും ഉണ്ടായിരുന്നിട്ടും യുവാക്കളും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരും ഒരുമിച്ച് നില്‍ക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കൂറുമാറില്ലെന്ന് ഭരണഘടനതൊട്ട് സത്യം ചെയ്യിച്ചാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട് മാസങ്ങള്‍ക്കകം എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. ഇതിനായി 40 കോടി രൂപ എം.എല്‍.എമാര്‍ക്ക് വാഗ്ദാനം ചെയ്തതായി മുന്‍ പി.സി.സി അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ ആരോപിച്ചിരുന്നു.