'വേണ്ട അവസാനവരി മായ്ക്കട്ടെ'; രാജസ്ഥാനില്‍ അമാലിനൊപ്പം ദുല്‍ഖര്‍; വീഡിയോ
Entertainment news
'വേണ്ട അവസാനവരി മായ്ക്കട്ടെ'; രാജസ്ഥാനില്‍ അമാലിനൊപ്പം ദുല്‍ഖര്‍; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 16th January 2022, 5:48 pm

സിനിമ പ്രേമികള്‍ക്ക് ദുല്‍ഖറിനോളം തന്നെ ഇഷ്ടമുണ്ട് ദുല്‍ഖര്‍-അമാല്‍ ദമ്പതികളോട്. ഇപ്പോഴിതാ ഭാര്യ അമാലിനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. രാജസ്ഥാനിലെ പൈതൃകകേന്ദ്രങ്ങളില്‍ അമാലിനൊപ്പം സന്ദര്‍ശിച്ച വീഡിയോ ആണ് ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

‘നമ്മള്‍ ജീവിക്കുന്ന കാലങ്ങള്‍, സംസ്ഥാനങ്ങളെ രാജ്യങ്ങളെപ്പോലെയാക്കുന്നു. സുഹൃത്തുക്കള്‍ ശത്രുക്കളെപ്പോലെ തോന്നുന്നു. കഴിഞ്ഞ മാസം കഴിഞ്ഞ വര്‍ഷം പോലെ തോന്നുന്നു. ഏര്‍…വേണ്ട അവസാനവരി മായ്ക്കട്ടെ,’ വീഡിയോ പങ്കുവെച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു.

കഴിഞ്ഞ ഡിസംബര്‍ 21നായിരുന്നു ഇരുവരുടെയും 10ാം വിവാഹവാര്‍ഷികം. വിവാഹവാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ ജീവിതത്തെ ഒരു കപ്പലിലെ യാത്രയായി സങ്കല്‍പിച്ചുകൊണ്ട് മനോഹരമായ ഭാവനയോടെ ദുല്‍ഖര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരുന്നു.

‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന സിനിമയ്ക്കു ശേഷമുള്ള തമിഴ്സിനിമ ‘ഹേ സിനാമിക’, റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘സല്യൂട്ട്’ എന്നിവയാണ് ദുല്‍ഖറിന്റെ പുതിയ ചിത്രങ്ങള്‍.

ഫെബ്രുവരി 25 നാണ് ഹേ സിനാമികയുടെ റിലീസ്. തിയറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്‌ളിക്‌സിലും ഊട്ടിലും റിലീസ് ചെയ്യും. അദിതി റാവോയും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍.

വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറായിരുന്ന ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേ സിനാമിക.

അതേസമയം ഒമിക്രോണ്‍ ഭീഷണിയെ തുടര്‍ന്ന് സല്യൂട്ടിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. ജനുവരി 14നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്.

മുംബൈ പോലീസിന് ശേഷം റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് കൂട്ടുകെട്ടാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: dulquer salman shares new video with amal