തെലുങ്ക് മണ്ണില്‍ പുതിയ റെക്കോഡുമായി ദുല്‍ഖര്‍; തെന്നിന്ത്യയില്‍ തരംഗമായി സീതാ രാമം
Film News
തെലുങ്ക് മണ്ണില്‍ പുതിയ റെക്കോഡുമായി ദുല്‍ഖര്‍; തെന്നിന്ത്യയില്‍ തരംഗമായി സീതാ രാമം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th August 2022, 6:13 pm

സീതാരാമത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. റിലീസ് ചെയ്ത് മൂന്ന് ദിവസം കൊണ്ട് സീതാരാമം ആഗോള ബോക്സ് ഓഫിസില്‍ നിന്നും നേടിയത് 30 കോടിയാണ്. തെലുങ്ക് ഇന്‍ഡസ്ട്രിയില്‍ ഒരു മലയാളി താരത്തിന്റെ ചിത്രം ഇത്രയധികം കളക്ഷന്‍ നേടുന്നത് ഇത് ആദ്യമാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ റിലീസ് ചെയ്ത ദിവസം നേടിയതിനേക്കാള്‍ ഇരട്ടിയാണ് രണ്ടാം ദിവസത്തെ കളക്ഷന്‍. സീതാരാമത്തിലൂടെ തെന്നിന്ത്യയില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍.

ഓഗസ്റ്റ് അഞ്ചിനായിരുന്നു ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ സീതാരാമം റിലീസ് ചെയ്തത്. കേരളത്തില്‍ ആദ്യ ദിനം 350 ഷോകളായിരുന്നുവെങ്കില്‍ മൂന്നാം ദിവസം എത്തിനില്‍ക്കുമ്പോള്‍ അത് അഞ്ഞൂറിലധികം ആയി. തമിഴ്നാട്ടില്‍ 200 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിവസം 250 തിയേറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്.

ലോകമെമ്പാടും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സീതാരാമത്തിലൂടെ യു.എസില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മലയാളി താരം എന്ന റെക്കോര്‍ഡ് ദുല്‍ഖര്‍ സ്വന്തമാക്കി കഴിഞ്ഞു. യു.എസ് പ്രീമിയറുകളില്‍ നിന്നടക്കം 21,00,82 ഡോളര്‍ (1.67 കോടിയിലേറെ) ആണ് ആദ്യദിനം സീതാരാമം കരസ്ഥമാക്കിയത്.

ദുല്‍ഖര്‍ സല്‍മാന്‍ ലെഫ്. റാം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഡബ്ബ് ചെയ്തിരിക്കുന്നത്. മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന, സുമന്ത്, തരുണ്‍ ഭാസ്‌കര്‍, ഗൗതം വാസുദേവ് മേനോന്‍, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

വൈജയന്തി മൂവീസിന്റെ ബാനറില്‍ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്ക്, തമിഴ് മലയാളം എന്നീ ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. പി.എസ്. വിനോദ്, ശ്രേയസ് കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോട്ടഗിരി വെങ്കിടേശ്വര റാവു എഡിറ്റിങും വിശാല്‍ ചന്ദ്രശേഖര്‍ സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.

സ്വപ്ന സിനിമയുടെ ബാനറില്‍ അശ്വിനി ദത്ത് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈന്‍: സുനില്‍ ബാബു, കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസല്‍ അലി ഖാന്‍, കോസ്റ്റ്യൂം ഡിസൈനര്‍: ശീതള്‍ ശര്‍മ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഗീതാ ഗൗതം, പി.ആര്‍.ഒ: ആതിര ദില്‍ജിത്.

Content Highlight: dulquer salmaan starrer sita ramam earns 30 crores from the global box office, first time for a malayalam star in telungu industry