മോളിവുഡില്‍ നിന്നും ബോളിവുഡ് വരെ ദുല്‍ഖര്‍ എങ്ങനെ സ്റ്റാറായി | D Movies
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബാക്ക് ടു ബാക്ക് സൂപ്പര്‍ഹിറ്റുകളുമായി ഇന്ത്യ മുഴുവന്‍ അരങ്ങുവാഴുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. കൊവിഡ് കാലത്തിന് ശേഷം തിയേറ്ററുകള്‍ തുറന്ന് തുടങ്ങിയപ്പോള്‍ ആരംഭിച്ച ജൈത്രയാത്ര ഇപ്പോഴും തുടരുകയാണ് ദുല്‍ഖര്‍.

മലയാളത്തില്‍ കുറുപ്പിലൂടെയായിരുന്നു ദുല്‍ഖര്‍ ബോക്‌സ് ഓഫീസുകള്‍ പിടിച്ചടക്കാന്‍ തുടങ്ങിയത്. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പറഞ്ഞ കുറുപ്പ് കേരളത്തിലെ ബോക്‌സ് ഓഫീസുകളിലേക്ക് ജനങ്ങളെ തിരിച്ചെത്തിച്ചു. വേള്‍ഡ് വൈഡ് കളക്ഷന്‍ നൂറ് കോടിയിലേറെ നേടിയ ചിത്രം മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിക്കുകയും ചെയ്തു.

പിന്നീടിറങ്ങിയ തമിഴ് ചിത്രം ഹേയ് സിനാമിക വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ഒ.ടി.ടിയിലിറങ്ങിയ മലയാള ചിത്രം സല്യൂട്ട് നിരൂപകശ്രദ്ധ നേടി.

അതിനുശേഷമാണ് ലെഫ്. റാമിന്റെ പ്രണയം പറഞ്ഞ സീതാ രാമവുമായി തെലുങ്കിലേക്ക് ദുല്‍ഖര്‍ എത്തുന്നത്. തെലുങ്കില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിച്ച് ദുല്‍ഖര്‍ അവിടങ്ങളിലെ ബോക്‌സ് ഓഫീസുകളെ അടക്കിഭരിച്ചു. ഓഗസ്റ്റ് അഞ്ചിനായിരുന്നു ചിത്രത്തിന്റെ റിലീസ്. 30 കോടി ബജറ്റിലിറങ്ങിയ ചിത്രം 100 കോടിയിലേറെ കളക്ഷന്‍ നേടി കഴിഞ്ഞു.

ചിത്രത്തിന്റെ തമിഴ്, കന്നട, മലയാളം പതിപ്പുകളും അതത് സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട കളക്ഷന്‍ നേടി. റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയകഥ കൂടുതല്‍ പ്രശസ്തമായതോടെ ഹിന്ദിയിലും ഡബ് ചെയ്ത പതിപ്പിറക്കി. അവിടെയും ചിത്രം വിജയമായി തീര്‍ന്നു.

നെറ്റ്ഫ്‌ളിക്‌സിലിറങ്ങിയ ശേഷം ചിത്രം കൂടുതല്‍ പേരിലേക്ക് എത്തുകയും ദുല്‍ഖറിനും മൃണാള്‍ താക്കൂറിനും സംവിധായകന്‍ ഹനു രാഘവപുടിക്കും ഇന്ത്യ മുഴുവന്‍ ആരാധകരെ നേടി കൊടുക്കുകയും ചെയ്തു.

മറ്റു ഭാഷകളില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആ ഇന്‍ഡസ്ട്രിയില്‍ സൂപ്പര്‍ഹിറ്റടിക്കുക എന്ന അതീവ ശ്രമകരമായ ടാസ്‌കാണ് ദുല്‍ഖര്‍ സീതാ രാമത്തിലൂടെ സാധിച്ചെടുത്തത്. സീതാ രാമം ഇപ്പോഴും തിയേറ്ററുകളിലും ഒ.ടി.ടിയിലും ഒരുപോലെ തുടരുന്നുണ്ട്.

ഇതിനെല്ലാം ശേഷം കരിയറിലെ ഏറ്റവും മികച്ചതും വ്യത്യസ്തവുമായ ക്യാരക്ടറും പെര്‍ഫോമന്‍സുമായി ദുല്‍ഖര്‍ ഹിന്ദിയിലേക്കെത്തി. ആര്‍. ബാല്‍കി സംവിധാനം ചെയ്ത ചുപ്: ദ റിവഞ്ച് ഓഫ് ഏന്‍ ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലും ദുല്‍ഖര്‍ അരങ്ങ് വാഴുകയാണ് ഇപ്പോള്‍.

റിലീസിന് മുമ്പ് നടന്ന ഫ്രീ പ്രിവ്യൂവില്‍ തന്നെ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. സെപ്റ്റംബര്‍ 23ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വെക്കുന്നത്. സംവിധായകന്‍ ഗുരു ദത്തിനെയും സിനിമാ റിവ്യൂകളെയുമെല്ലാം അടിസ്ഥാനമാക്കിയെടുത്തിരിക്കുന്ന ചിത്രം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫ്‌ളവര്‍ ഷോപ്പ് നടത്തുന്ന യുവാവായി എത്തിയിരിക്കുന്ന നടന്‍ വിവിധ ലെയറുകളുള്ള ആ കഥാപാത്രത്തെ കയ്യടക്കത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ മലയാളത്തിലേക്ക് പുതിയ ചിത്രവുമായി തിരിച്ചെത്താനൊരുങ്ങുകയാണ് ദുല്‍ഖര്‍. മോളിവുഡിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന കിങ് ഓഫ് കൊത്തയാണ് ആ ചിത്രം.

View this post on Instagram

A post shared by Dulquer Salmaan (@dqsalmaan)

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് കാലഘട്ടങ്ങളുടെ കഥ പറയുന്ന പീരിയഡ് ഡ്രാമയായാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ട് സെപ്റ്റംബര്‍ 26ന് ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ദുല്‍ഖറിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസാണ് ചിത്രം നിര്‍മിക്കുന്നത്. ദുല്‍ഖറിന്റെ ജന്മദിനമായ ജൂലൈ 28ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. അഭിലാഷ് എന്‍. ചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ദുല്‍ഖറിന്റെ മാസ് ആക്ഷന്‍ ചിത്രമായിരിക്കും കിങ് ഓഫ് കൊത്ത എന്നാണ് പുറത്തുവരുന്ന സൂചനകള്‍.

Content Highlight: Dulquer Salmaan’s growth as star in more than one language video story