താടിയൊക്കെ നരച്ചു, കണ്‍മഷി തേച്ചാണ് കറുപ്പിക്കുന്നത്; മമ്മൂട്ടിയോടൊപ്പമുള്ള സിനിമയെ കുറിച്ച് ദുല്‍ഖറിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന മറുപടി
Entertainment
താടിയൊക്കെ നരച്ചു, കണ്‍മഷി തേച്ചാണ് കറുപ്പിക്കുന്നത്; മമ്മൂട്ടിയോടൊപ്പമുള്ള സിനിമയെ കുറിച്ച് ദുല്‍ഖറിന്റെ പൊട്ടിച്ചിരിപ്പിക്കുന്ന മറുപടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st September 2022, 1:05 pm

മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചൊരു സിനിമ എന്നത് മലയാളി ആരാധകരുടെ സ്വപ്‌നമാണ്. ബിഗ് ബിയുടെ അടുത്ത ഭാഗമായ ബിലാലില്‍ ദുല്‍ഖറുണ്ടാകുമെന്ന പ്രതീക്ഷ ഫാന്‍സ് ഇതുവരെ കൈവിട്ടിട്ടില്ല. പല അഭിമുഖങ്ങളിലും മമ്മൂട്ടിയോടും ദുല്‍ഖറിനോടും ഒന്നിച്ചുള്ള സിനിമയെന്നാണ് ഉണ്ടാവുക എന്ന ചോദ്യം ആവര്‍ത്തിക്കാറുണ്ട്.

ഇപ്പോള്‍ അത്തരത്തിലൊരു ചോദ്യത്തിന് പൊട്ടിച്ചിരിപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫിലിം കംപാനിയന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് മമ്മൂട്ടിയോടൊപ്പമുള്ള ഒരു ചിത്രമെന്നത് അത്ര നടക്കാത്ത സ്വപ്‌നമൊന്നുമല്ലെന്ന് ദുല്‍ഖര്‍ പറയുന്നത്.

ഒന്നിച്ചൊരു സിനിമ ചെയ്യാന്‍ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്നും എന്നാല്‍ അക്കാര്യത്തിലെ അവസാന തീരുമാനം മമ്മൂട്ടിയുടേതായിരിക്കുമെന്നും ദുല്‍ഖര്‍ പറയുന്നു.

‘വാപ്പയും ഞാനും ഒരുമിച്ചുള്ള പടം അത്ര വിദൂരമായ സ്വപ്‌നമൊന്നുമല്ല. അത് നടക്കും. ഞാനിവിടെ താടി കറുപ്പിക്കാന്‍ മസ്‌കാര പുരട്ടാന്‍ തുടങ്ങി. താടിയില്‍ ഇടക്കിടക്ക് പിടിക്കുന്നതുകൊണ്ട് മസ്‌കാര പറ്റി എന്റെ വിരലിങ്ങനെ കറുത്തൊക്കെ ഇരിക്കും. ഞാന്‍ അങ്ങനെ ഒരു വയസനായി കൊണ്ടിരിക്കുകയാണ്.

പക്ഷെ എന്റെ വാപ്പയുടെ കാര്യം അങ്ങനെയല്ല. ആള്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. ഈ പോക്ക് പോകുകയാണെങ്കില്‍ കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വന്നു കൂടായ്കയില്ല, അതും പ്രോസ്‌തെറ്റിക്‌സ് ഒന്നും കൂടാതെ തന്നെ.

വാപ്പയുടെ ഒരു ഫാന്‍ എന്ന നിലയില്‍ എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. പക്ഷെ, അത് നടക്കണമെങ്കില്‍ അദ്ദേഹം കൂടി വിചാരിക്കണം. ഫൈനല്‍ തീരുമാനം വാപ്പയുടേത് തന്നെയായിരിക്കും.

പിന്നെ, ഞങ്ങള്‍ പല കാര്യങ്ങളിലും സെപ്പറേറ്റായി നിന്നതുകൊണ്ടാണ് ഞാന്‍ ഇന്ന് എന്താണോ അതായി തീര്‍ന്നത്. വാപ്പയും ആ അകലം കാത്തുസൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹം അത്തരത്തില്‍ കുറെ പ്രിന്‍സിപ്പിള്‍സ് സൂക്ഷിക്കുന്നയാളാണ്,’ ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു.

നേരത്തെ മറ്റൊരു അഭിമുഖത്തില്‍ മമ്മൂട്ടിയുടെയും തന്റെയും സ്വഭാവത്തിലെ വ്യത്യാസം ചൂണ്ടിക്കാണിച്ചുകൊണ്ട് സിനിമയുടെ സെലക്ഷനെ കുറിച്ച് ദുല്‍ഖര്‍ സംസാരിച്ചിരുന്നു. വീട്ടില്‍ മമ്മൂട്ടിയാണ് ശരിക്കും ചെറുപ്പക്കാരനെന്നും താന്‍ വെറും പഴഞ്ചനാണെന്നുമാണ് ദുല്‍ഖര്‍ പറഞ്ഞത്.

‘എനിക്കറിയാവുന്ന എല്ലാവരേക്കാളും ചെറുപ്പക്കാരനാണ് വാപ്പച്ചിയെന്ന് ഞാന്‍ പറയും. കാരണം അദ്ദേഹത്തിന്റെ താല്‍പര്യങ്ങളിലും ചിന്തകളിലുമൊക്കെ ആ ചെറുപ്പമുണ്ട്. വാപ്പച്ചിക്ക് പുതിയ ടെക്‌നോളജികളും മോഡേണ്‍ ഉപകരണങ്ങളുമെല്ലാം വലിയ താല്‍പര്യമാണ്. ഞാനാണെങ്കില്‍ വിന്റേജ് ഐറ്റംസിന് പിന്നാലെ പോകുന്നയാളാണ്.

എനിക്ക് വായിക്കാനിഷ്ടമുള്ള സാഹിത്യകൃതികളും കാണാനിഷ്ടമുള്ള സിനിമകളുമൊക്കെ കുറച്ച് പഴയ കാലത്തേയാണ്. പീരിയഡ് ഡ്രാമ വരുന്ന തിരക്കഥകളാണ് എന്നെ കൂടുതല്‍ ആകര്‍ഷിക്കുന്നത്. അതായിരിക്കും ഞാന്‍ സീതാ രാമം ചെയ്യാനും കാരണം,’ ദുല്‍ഖര്‍ പറഞ്ഞു.

അതേസമയം പുതിയ ചിത്രമായ ചുപ്പിന്റെ റിലീസിനുള്ള ഒരുക്കത്തിലാണ് ദുല്‍ഖര്‍. ബോളിവുഡിലെ നടന്റെ മൂന്നാമത്തെ ചിത്രമാണിത്. റിലീസിന് മുന്‍പ് പ്രേക്ഷകര്‍ക്കായി നടത്തിയ ചിത്രത്തിന്റെ ഫ്രീ പ്രിവ്യുവിന് ശേഷം ചിത്രത്തെയും ദുല്‍ഖറിന്റെ പ്രകടനത്തെയും കുറിച്ച് മികച്ച അഭിപ്രായമാണ് ഉയരുന്നത്. സെപ്റ്റംബര്‍ 23നാണ് ചുപ് റിലീസ് ചെയ്യുന്നത്.

അന്തരിച്ച നടനും സംവിധായകനുമായ ഗുരു ദത്തിനുള്ള ആദരമായാണ് ചുപ് ഒരുക്കിയിരിക്കുന്നത്. ആര്‍. ബാല്‍കിയാണ് സംവിധാനം. ദുല്‍ഖര്‍ സല്‍മാനൊപ്പം സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Dulquer Salmaan about a movie with Mammootty