മഴക്കെടുതി: മില്‍മയുടെ സംഭരണത്തിലും വില്‍പ്പനയിലുമുണ്ടായത് ആറുലക്ഷത്തിലേറെ ലിറ്ററിന്റെ കുറവ്
economic issues
മഴക്കെടുതി: മില്‍മയുടെ സംഭരണത്തിലും വില്‍പ്പനയിലുമുണ്ടായത് ആറുലക്ഷത്തിലേറെ ലിറ്ററിന്റെ കുറവ്
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 10:45 am

 

കോഴിക്കോട്: കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം മില്‍മ മലബാര്‍ യൂണിറ്റിന്റെ പാല്‍ സംഭരണത്തെയും വില്‍പ്പനയെയും സാരമായി ബാധിച്ചു. വെള്ളം കയറിയ നാലു ദിവസങ്ങളിലും പാല്‍ സംഭരണത്തിലും വില്‍പ്പനയിലും ആറു ലക്ഷത്തില്‍പ്പരം ലിറ്ററിന്റെ കുറവാണുണ്ടായത്.

റോഡുകളില്‍ വെള്ളം കയറിയതു കാരണം പാല്‍ ശേഖരിക്കാന്‍ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്തതാണ് സംഭരണത്തിന് തടസമായത്. വ്യാഴാഴ്ച 70000 ലിറ്ററും വെള്ളിയാഴ്ച 1.4 ലക്ഷം ലിറ്ററും ശനിയാഴ്ചയും ഞായറാഴ്ചയും രണ്ടുലക്ഷം ലിറ്റര്‍ വീതവുമാണ് പാല്‍ സംഭരണത്തില്‍ കുറവുവന്നത്.

‘പാല്‍ ശേഖരിച്ചുകൊണ്ടുപോകാന്‍ വാഹനം വരില്ലെന്നതിനാല്‍ വ്യാഴാഴ്ച മുതല്‍ പാല്‍ വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച മുതലാണ് പതിവു രീതിയില്‍ പാല്‍ വില്‍ക്കാന്‍ കഴിഞ്ഞത്.’ വേളം സ്വദേശിയായ ക്ഷീരകര്‍ഷക പുഷ്പ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

വെള്ളപ്പൊക്കക്കെടുതി ഏറ്റവുമധികം ബാധിച്ച വയനാട് ജില്ലയില്‍ നിന്നുള്ള സംഭരണത്തിലും വന്‍ ഇടിവുണ്ടായിട്ടുണ്ട്. ഞായറാഴ്ച ഇവിടെ പാല്‍ സംഭരണം നടന്നിട്ടില്ല. കനത്ത മഴയും റോഡുകളിലടക്കം വെള്ളം കയറിയതുമാണ് സംഭരണത്തെ ബാധിച്ചതെന്ന് മില്‍മ അധികൃതര്‍ പറയുന്നു.

പാല്‍ സംഭരിക്കേണ്ട പല സ്ഥലങ്ങളും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു. അവിടേക്ക് പുറത്തുനിന്ന് എത്തിപ്പെടാനാവാത്ത സ്ഥിതിയായിരുന്നു. അട്ടപ്പാടിയിലെ ഒരു സംഘം തന്നെ ഒലിച്ചുപോയി.

വൈദ്യുതി തടസവും സംഭരണത്തെ ബാധിച്ചിട്ടുണ്ട്. വയനാട്ടിലെയും ശ്രീകണ്ഠാപുരത്തും ഡയറിയിലേക്ക് വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല.

വില്‍പ്പനയിലുണ്ടായ നഷ്ടം പൂര്‍ണമായി തിട്ടപ്പെടുത്തിയിട്ടില്ല. കാസര്‍കോട് മുതല്‍ പാലക്കാടവുവരെ വില്‍പ്പനയില്‍ വ്യാഴാഴ്ച രണ്ടു ലക്ഷം ലിറ്ററിന്റെ നഷ്ടവും വെള്ളിയാഴ്ച രണ്ടര ലക്ഷം ലിറ്ററിന്റെ കുറവും ശനിയാഴ്ച ഒന്നര ലക്ഷം ലിറ്ററിന്റെ കുറവുമുണ്ടായിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ദിവസം ഏഴുലക്ഷം ലിറ്റര്‍ പാലാണ് മില്‍മ സംഭരിക്കുന്നത്. എന്നാല്‍ വെള്ളപ്പൊക്കമുണ്ടായ ദിവസങ്ങളില്‍ നാലേ മുക്കാര്‍ ലക്ഷം ലിറ്റര്‍ പാലാണ് മില്‍മയ്ക്ക് സംഭരിക്കാന്‍ കഴിഞ്ഞത്.

വെള്ളപ്പൊക്കം വരുംദിവസങ്ങളിലും പാല്‍ സംഭരണത്തെ ബാധിച്ചേക്കുമെന്ന വിലയിരുത്തലുണ്ട്. മലബാറിലെ ക്ഷീരകര്‍ഷകരില്‍ പലര്‍ക്കും തൊഴുത്ത്, കന്നുകാലികള്‍, എന്നിവ നഷ്ടപ്പെട്ടിട്ടുണ്ട്.

അതിനിടെ, കനത്ത മഴ ഏറെ നാശം വിതച്ച മലബാറിലെ ജില്ലകളിലെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സൗജന്യമായി പാല്‍ വിതരണം ചെയ്യുമെന്ന് മില്‍മ അറിയിച്ചിട്ടുണ്ട്. മില്‍മയുടെ മലബാര്‍ റീജിയണല്‍ കോ ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. ക്യാമ്പുകളിലേക്ക് ആവശ്യമായ പാല്‍ അടുത്തുള്ള ഡയറികളില്‍ നിന്ന് ലഭിക്കുമെന്നാണ് അറിയിപ്പ്.

പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് സൗജന്യമായി പാല്‍ വിതരണം ചെയ്യുന്നത്. ഔദ്യോഗികമായി സമീപിച്ചാല്‍ മാത്രമേ പാല്‍ ലഭിക്കൂ എന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ക്യാമ്പുകളിലേക്കാണ് പാലിന്റെ ആവശ്യമെന്നും അത്രയും പാലുകള്‍ ആവശ്യമുണ്ടെന്നുമുള്ള കൃത്യമായ കണക്കുകള്‍ കൊണ്ട് മാത്രമേ മില്‍മ പാല്‍ വിതരണം നടത്തൂവെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പാലക്കാട് വെള്ളമിറങ്ങി ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയതുകൊണ്ട് ജില്ലയില്‍ പാലിന് അധികം ആവശ്യക്കാരില്ലെന്നും മറ്റു ജില്ലകളില്‍ ആവശ്യക്കാര്‍ക്ക് അതാതു കേന്ദ്രങ്ങളില്‍ ബന്ധപ്പെടാമെന്നും മില്‍മ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം പ്രളയത്തെ തുടര്‍ന്ന് ക്ഷീരമേഖല തകര്‍ന്നെങ്കിലും ശക്തമായ തിരിച്ചുവരവിന് സാധിച്ചിരുന്നു. 68.02 കോടി ലിറ്റര്‍ പാലാണ് കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിച്ചത്. 2017-18 കാലയളവില്‍ ഇത് 66.22 കോടി ലിറ്ററായിരുന്നു.

പ്രളയത്തില്‍ 5,163 പശുക്കള്‍ ചത്തിരുന്നു. 1089 കിടാരികളും 5166 പശുക്കുട്ടികളും ചത്തു. 10,612 തൊഴുത്തുകള്‍ പൂര്‍ണമായും 7,730 തൊഴുത്തുകള്‍ ഭാഗികമായും തകര്‍ന്നു. 3416 ഹെക്ടര്‍ തീറ്റപ്പുല്‍ കൃഷിയും നശിച്ചു. നഷ്ടം നികത്താന്‍ 22 കോടി രൂപയുടെ പുനരധിവാസ പദ്ധതി നടപ്പാക്കിയാണ് സര്‍ക്കാര്‍ ക്ഷീരമേഖലയെ സജീവമാക്കിയത്. 19,763 പശുക്കളെ കര്‍ഷകര്‍ക്ക് നല്‍കുകയും ചെയ്തു. മില്‍ക്ക് ഷെഡ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം 6100 പശുക്കളെയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്.