ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
world
ഇസ്‌ലാം വിരുദ്ധ ട്വീറ്റ്; അതുല്‍ കൊച്ചാറിനെ ദുബായ് ഹോട്ടലില്‍ നിന്ന് പുറത്താക്കി
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 2:58pm

ദുബായ്: ടെലവിഷന്‍ ഷോകളിലൂടെ പ്രശസ്തനായ ദുബായിലെ പ്രമുഖ ഷെഫ് അതുല്‍ കൊച്ചാറിനെ ദുബായില്‍ അദ്ദേഹം ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്നും പുറത്താക്കി. ഇസ്ലാമിക വിരുദ്ധമായ ട്വീറ്റിന്റെ പേരിലാണ് ഇന്ത്യന്‍ വംശജനായ അതുല്‍ കൊച്ചാറിനെ പുറത്താക്കിയത്.

അതുല്‍ കൊച്ചാറിന്റെ ട്വീറ്റുകള്‍ കണക്കിലെടുത്ത് രംഗ് മഹല്‍ ഹോട്ടലില്‍ നിന്നും അദ്ദേഹത്തെ പിരിച്ച് വിടുന്നുവെന്നും, എല്ലാ സംസ്‌ക്കാരത്തില്‍ പെട്ടവരേയും ഞങ്ങള്‍ അതിഥികളായി സ്വീകരിക്കുന്നുവെന്നും ഹോട്ടല്‍ ഉടമയായ ബില്ല് കെഫര്‍ തന്നെയാണ് മാധ്യമങ്ങളോട് തീരുമാനം അറിയിച്ചത്.

പ്രിയങ്കാ ചോപ്രയുടെ ഒരു ട്വീറ്റിന്‌ മറുപടിയായി നിങ്ങള്‍ക്ക് ഹിന്ദു മതവിശ്വാസികളോട് ബഹുമാനം ഇല്ലെന്നും, അവര്‍ 2000 വര്‍ഷമായി ഇസ്ലാം ഭീകരവാദത്തിന്റെ ഇരകളാണെന്നുമാണ് കൊച്ചാര്‍ ട്വീറ്റ് ചെയ്തത്. പിന്നീട് അദ്ദേഹം ഈ ട്വീറ്റ് ഡിലീറ്റ് ചെയ്തു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ക്ഷമാപണവുമായി കൊച്ചാര്‍ രംഗത്ത് വന്നിരുന്നു.

ഹോട്ടലുകളെ റാങ്ക് ചെയ്യുന്ന അന്താരാഷ്ട്ര സ്ഥാപനമായ മിഷലിന്‍ ഗൈഡില്‍ പ്രത്യക്ഷപ്പെട്ട ഷെഫാണ് അതുല്‍ കൊച്ചാര്‍. ദുബായിലെ പ്രമുഖനായ ഇയാളുടെ ഭക്ഷണവിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു.

Advertisement