കൊച്ചിയില്‍ പൊലീസ് സംഘത്തെ ആക്രമിച്ചെന്ന് ആരോപണം; നടനും എഡിറ്ററും അറസ്റ്റില്‍
Kerala News
കൊച്ചിയില്‍ പൊലീസ് സംഘത്തെ ആക്രമിച്ചെന്ന് ആരോപണം; നടനും എഡിറ്ററും അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th May 2023, 1:01 pm

കൊച്ചി: ഇന്നലെ രാത്രിയില്‍ കൊച്ചി നഗരത്തില്‍ വെച്ച് എറണാകുളം നോര്‍ത്ത് സി.ഐയെയും പൊലീസ് സംഘത്തെയും ആക്രമിച്ച കേസില്‍ യുവനടനും സിനിമാ എഡിറ്ററും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സനൂപ് കുമാര്‍, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടിട്ടുണ്ട്.

‘ബി ബോയ് സാന്‍’ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മദ്യപാനിയെ പോലെ റാസ്പുടിന്‍ ഡാന്‍സിന് ചുവടുവെച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായ താരമാണ് സനൂപ് കുമാര്‍. ‘കുമാരി’ എന്ന മലയാള ചിത്രത്തിലും അടുത്തിടെ അഭിനയിച്ചിരുന്നു. തൃശൂര്‍ താവൂസ് തിയേറ്ററിലെ ജീവനക്കാരനാണ് സനൂപ്. പാലക്കാട് സ്വദേശി രാഹുലും സിനിമാ മേഖലയില്‍ എഡിറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്.

ഇന്നലെ രാത്രി കലൂര്‍ ദേശാഭിമാനി ജങ്ഷനോട് ചേര്‍ന്നാണ് വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന വിധത്തില്‍ നാല് ബൈക്കുകള്‍ കണ്ടത്. തുടര്‍ന്ന് പൊലീസെത്തി അഞ്ചംഗ സംഘത്തോട് വിശദീകരണം തേടിയപ്പോള്‍ ഇവര്‍ പൊലീസിനോട് തട്ടിക്കയറുകയാണ് ചെയ്തത്. തുടര്‍ന്ന് പിടികൂടാന്‍ ശ്രമിക്കവെ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

രണ്ട് പേരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചക്കവെ ഇവര്‍ സി.ഐയെയും സംഘത്തെയും ആക്രമിക്കിക്കാന്‍ ശ്രമിച്ചിരുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ ഒരു സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് എത്തിയ സിനിമാക്കാരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന് പൊലീസ് അറിയിച്ചു.

പ്രതികള്‍ ലഹരി ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ ഇവരുടെ പക്കല്‍ നിന്നും ലഹരി ഉല്‍പന്നങ്ങളൊന്നും പിടിച്ചെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

നാല് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് കണ്ടെടുത്ത ബൈക്കിന്റെ കീച്ചെയിന്‍ കത്തിയുടെ രൂപത്തിലുള്ളതാണ്. പ്രതികളെ വൈദ്യപരിശോധനക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

content highlights: drunken rasputin viral star sanoop kumar arrested in kochi for attacking police